Saturday, May 18, 2024
HomeIndiaമുസ്ലീം വ്യക്തി നിയമം എക്സ് മുസ്ലീങ്ങൾക്ക് ബാധകമാണോ? കേരള, കേന്ദ്ര സർക്കാരുകളോട് സുപ്രീംകോടതി

മുസ്ലീം വ്യക്തി നിയമം എക്സ് മുസ്ലീങ്ങൾക്ക് ബാധകമാണോ? കേരള, കേന്ദ്ര സർക്കാരുകളോട് സുപ്രീംകോടതി

മുസ്ലീം വ്യക്തിഗത നിയമം എക്‌സ് മുസ്ലീങ്ങള്‍ക്ക് ബാധകമാണോ എന്ന് കേരള, കേന്ദ്രസര്‍ക്കാരുകളോട് ചോദിച്ച് സുപ്രീം കോടതി. ഇത് വളരെ സുപ്രധാന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനസര്‍ക്കാരിനും നോട്ടീസ് അയയ്ക്കുകയായിരുന്നു. മലയാളിയായ സഫിയ പിഎമ്മാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേരളത്തില്‍ നിന്നുള്ള എക്‌സ് മുസ്ലീങ്ങളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് സഫിയ. മുസ്ലീം വ്യക്തിഗത നിയമത്തിന് കീഴിലുള്‍പ്പെടാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമം ബാധകമാക്കണമെന്നായിരുന്നു സഫിയ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

തുടക്കത്തില്‍ ബെഞ്ച് ഈ വിഷയം സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്നു. മുസ്ലീം വ്യക്തി നിയമം 1937ലെ സെക്ഷന്‍ 3 പ്രകാരം വില്‍പത്രം തയ്യാറാക്കുന്ന വ്യക്തി പ്രഖ്യാപനം നടത്താത്തിടത്തോളം കാലം ഇവര്‍ ആക്ടിന്റെ പരിധിയില്‍ വരില്ലെന്ന് ബെഞ്ച് പറഞ്ഞു.

’’ നിങ്ങള്‍ ഡിക്ലറേഷന്‍ നടത്തേണ്ട ആവശ്യമില്ല. നിങ്ങള്‍ പ്രഖ്യാപനം നടത്താത്തിടത്തോളം കാലം ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം, എന്നിവയുടെ കാര്യത്തില്‍ വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ നിങ്ങളെ ബാധിക്കില്ല. അതിനാല്‍ നിങ്ങളോ നിങ്ങളുടെ പിതാവോ ഡിക്ലറേഷൻ നടത്താത്തിടത്തോളം കാലം നിങ്ങളെ നിയന്ത്രിക്കുന്നത് വ്യക്തിനിയമമല്ല,’’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

’’ ഹര്‍ജി വായിച്ച് തുടങ്ങിയപ്പോള്‍ ഇത് എന്തൊരു പരാതിയാണെന്നാണ് ആദ്യം ഞങ്ങള്‍ക്ക് തോന്നിയത്. ഇപ്പോള്‍ ഇതിലെ പ്രധാന വസ്തുതയിലേക്ക് നിങ്ങള്‍ എത്തിയിരിക്കുന്നു. വിഷയത്തില്‍ ഉടനെ ഞങ്ങള്‍ നോട്ടീസ് അയയ്ക്കുന്നതാണ്,’’ ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

മതസ്വാതന്ത്ര്യത്തിനുള്ള ഇന്ത്യന്‍ ഭരണഘടനയിലെ 25-ാം അനുഛേദത്തില്‍ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിശ്വാസം ഉപേക്ഷിക്കുന്ന വ്യക്തിയുടെ പിന്തുടര്‍ച്ചവകാശമോ മറ്റ് അവകാശങ്ങളോ ഹനിക്കപ്പെടാന്‍ അനുവദിക്കരുതെന്നും പരാതിക്കാരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

‘‘നിലവില്‍ അധികൃതരില്‍ നിന്ന് മതമില്ല, ജാതിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമം ഹര്‍ജിക്കാരിയ്ക്ക് ബാധമായിരിക്കില്ല. സംസ്ഥാനത്തിന്റെ സംരക്ഷണമില്ലാത്തതിനാല്‍ അനുഛേദം 25ന് കീഴിലുള്ള പരാതിക്കാരിയുടെ മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്,’’ എന്നും ഹര്‍ജിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular