Saturday, May 18, 2024
HomeIndia'കോണ്‍ഗ്രസ് പ്രകടനപത്രിക മുസ്ലീം ലീഗിനെ പ്രീതിപ്പെടുത്താന്‍; തയ്യാറാക്കാന്‍ കരാര്‍ നല്‍കിയത് ന്യൂനപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനും': അമിത്...

‘കോണ്‍ഗ്രസ് പ്രകടനപത്രിക മുസ്ലീം ലീഗിനെ പ്രീതിപ്പെടുത്താന്‍; തയ്യാറാക്കാന്‍ കരാര്‍ നല്‍കിയത് ന്യൂനപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനും’: അമിത് ഷാ

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂസ് 18 നെറ്റ്‌വര്‍ക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രിക മുസ്ലീം ലീഗിനെ പ്രീതിപ്പെടുത്താനാണെന്നും പ്രകടന പത്രിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് ന്യൂനപക്ഷത്തിനും ഇടതുപക്ഷത്തിനും കരാര്‍ നല്‍കിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. Network 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍-ചീഫ് രാഹുല്‍ ജോഷിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി കൃത്യമായി നിരീക്ഷിച്ച് സമ്പത്ത് പുനര്‍വിതരണം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതേപ്പറ്റിയുള്ള മന്ത്രിയുടെ പ്രതികരണമെന്തെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. കോണ്‍ഗ്രസിന്റെ മുന്‍ഗണന ലക്ഷ്യം എന്താണെന്ന് ഇതിലൂടെ വ്യക്തമാണെന്ന് അമിത് ഷാ പ്രതികരിച്ചു.

’’ ഇത് അദ്ദേഹത്തിന്റെ (രാഹുല്‍ ഗാന്ധി) മാത്രം ചിന്താഗതിയാണ്. കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കാനുള്ള കരാര്‍ ന്യൂനപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനും നല്‍കിയ പാര്‍ട്ടിയാണ് അവരുടേത്,’’ അമിത് ഷാ പറഞ്ഞു.

‘‘ഞങ്ങള്‍ക്കെതിരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ഉദ്ദേശശുദ്ധി തുറന്നുകാട്ടേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ കാലഘട്ടത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യക്തിനിയമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമോ? ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാന്‍ കഴിയുമോ? ഒരു വശത്ത്, ഞങ്ങളുടെ പ്രകടനപത്രികയായ സങ്കല്‍പ് പത്രത്തില്‍ ഞങ്ങള്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. വ്യക്തിനിയമങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നത്. ഇത് വളരെ പ്രധാനപ്പെട്ട വിഷയമായതിനാല്‍ കോണ്‍ഗ്രസ് ഇതിന് ഉത്തരം പറയണം,’’ എന്നും അദ്ദേഹം പറഞ്ഞു.

’’ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗില്‍ നിന്നാണ് ഇത്തരമൊരു പ്രസ്താവന ഉരുത്തിരിഞ്ഞത്. രാജ്യത്തെ വിഭവങ്ങളില്‍ ന്യൂനപക്ഷത്തിന്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതായത് സമ്പത്ത് പുനര്‍വിതരണം ചെയ്യുന്നത് നിലവിലെ വിഭവങ്ങളില്‍ നിന്നായിരിക്കും. ജനങ്ങളുടെ സ്വത്ത് കൈക്കലാക്കി സമ്പത്ത് പുനര്‍വിതരണം ചെയ്യും. ഇത് ശരിയല്ലെങ്കില്‍ പിന്നെ എന്താണ് അവര്‍ ഉദ്ദേശിച്ചതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കണം,’’ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കൂടാതെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുസ്ലീം ലീഗിന്റെ പകര്‍പ്പാണെന്നും അമിത് ഷാ ആരോപിച്ചു.

’’തീര്‍ച്ചയായും. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം ലീഗിന്റെ തനിപകര്‍പ്പാണ്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് അവര്‍ പറയുന്നു. അവര്‍ എങ്ങനെയാണ് രാജ്യം ഭരിക്കാന്‍ ഉദ്ദേശിക്കുന്നത്? തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനങ്ങളാണ്. പ്രീണന നയത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച നേതാവ് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ആ ദിശയിലേക്ക് വീണ്ടും പോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കാരണം ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന് അവര്‍ക്ക് തീരെ ആത്മവിശ്വാസമില്ല,’’ അമിത് ഷാ പറഞ്ഞു.

സമ്പത്ത് പുനര്‍വിതരണത്തിന്റെ ബാക്കിയായാണ് താലിമാല വിവാദവും ഉരുത്തിരിഞ്ഞത് എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. സമ്പത്തുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇതെല്ലാം ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഓവര്‍സീസ് നേതാവ് സാം പിത്രോദയുടെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരാമര്‍ശത്തെക്കുറിച്ചും അമിത് ഷാ തന്റെ നിലപാട് വ്യക്തമാക്കി.

‘‘സാം പിത്രോദ ഏതോ ആകാശഗോപുരത്തിലാണ് താമസിക്കുന്നതെന്ന് തോന്നുന്നു. അദ്ദേഹത്തിന് ഈ രാജ്യത്തിന്റെ സംസ്‌കാരത്തെപ്പറ്റിയോ ജനങ്ങളുടെ അവസ്ഥയെ പറ്റിയോ രാജ്യത്തിന്റെ പാരമ്പര്യത്തെപ്പറ്റിയോ യാതൊരു ബോധവുമില്ല. ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയായ സങ്കല്‍പ് പത്ര ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ വസ്തുതകളും അതിലുള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ കണ്ണില്‍പ്പൊടിയിട്ട് കൊണ്ട് ഞങ്ങള്‍ ഒന്നും ചെയ്യില്ല,’’ അമിത് ഷാ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular