Sunday, May 19, 2024
HomeIndiaകുട്ടികള്‍ക്ക് കൊടുക്കുന്ന ശാരീരിക ശിക്ഷ ക്രൂരത; 5-ാം ക്ലാസില്‍ കിട്ടിയ അടിയുടെ ആഘാതം ഇന്നും അനുഭവിക്കുന്നു;...

കുട്ടികള്‍ക്ക് കൊടുക്കുന്ന ശാരീരിക ശിക്ഷ ക്രൂരത; 5-ാം ക്ലാസില്‍ കിട്ടിയ അടിയുടെ ആഘാതം ഇന്നും അനുഭവിക്കുന്നു; ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര‍ചൂഡ്

കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ എന്ന പേരില്‍ അവർക്ക് കൊടുക്കുന്ന ശാരീരിക ശിക്ഷാ നടപടികള്‍ അവരോട് ചെയ്യുന്ന ക്രൂരതയാണെന്ന് ഇപ്പോള്‍ സമൂഹവും അധ്യാപകരുമൊക്കെ തിരിച്ചറി‌ഞ്ഞിട്ടുണ്ടെങ്കിലും അല്‍പകാലം മുമ്ബ് വരെ സ്കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവർക്ക് ക്രൂരമായ അടിയും നുള്ളുമൊന്നും അത്ര അപരിചിതമായ കാര്യങ്ങളല്ല.

കാലങ്ങള്‍ എത്ര കഴിഞ്ഞാലും അത്തരം ശിക്ഷകള്‍ വേദനയായി വ്യക്തികളുടെ മനസില്‍ പതിഞ്ഞുതന്നെ കിടക്കും. അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോള്‍ കിട്ടിയ അടിയുടെ വേദന ഇപ്പോഴും മനസിലുണ്ടെന്ന് തുറന്നു പറ‌ഞ്ഞിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര‍ചൂഡ്.

ശനിയാഴ്ച നടന്ന ഒരു സെമിനാറില്‍ സംസാരിക്കവെയാണ് ചെറിയൊരു തെറ്റിന്റെ പേരില്‍ അ‌ഞ്ചാം ക്ലാസില്‍ കിട്ടിയ അടിയെക്കുറിച്ച്‌ അദ്ദേഹം വിവരിച്ചത്. “കുട്ടികളോട് നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നുള്ളത് ജീവിതകാലം മുഴുവൻ അവരുടെ മനസിലുണ്ടാവും. സ്കൂളിലെ ആ ദിവസം ഞാനും ഒരിക്കലും മറക്കില്ല. കൈയില്‍ വടി കൊണ്ട് അടികിട്ടിയ കാലത്ത് ഞാനൊരു കുട്ടിക്കുറ്റവാളിയൊന്നും ആയിരുന്നില്ല.

പ്രവൃത്തി പരിചയ ക്ലാസില്‍ ശരിയായ അളവിലുള്ള സൂചി കൊണ്ടുവരാത്തതിനാണ് എന്നെ അടിച്ചത്. കൈയില്‍ അടിക്കരുതെന്നും കാലില്‍ അടിക്കാമോ എന്നും അധ്യാപകനോട് അപേക്ഷിച്ചത് ഇന്നും എനിക്ക് ഓർമയുണ്ട്. അപമാനഭാരത്താല്‍ മാതാപിതാക്കളോട് പറയാൻ കഴിഞ്ഞില്ല. അടികൊണ്ട് അടയാളം പതിഞ്ഞ വലതു കൈപ്പത്തി പത്ത് ദിവസം ആരും കാണാതിരിക്കാൻ ഒളിപ്പിച്ചുവെച്ചിരുന്നു” ചീഫ് ജസ്റ്റിസ് പറ‌ഞ്ഞു.

“ശരീരത്തിലേറ്റ മുറിവ് ഉണങ്ങി. പക്ഷേ അത് മനസില്‍ എക്കാലവും നിലനില്‍ക്കുന്ന ആഘാതമുണ്ടാക്കി. ഇപ്പോഴും എന്റെ ജോലി ചെയ്യുമ്ബോള്‍ അത് കൂടെയുണ്ട്. കുട്ടികളോട് ചെയ്യുന്ന ഇത്തരം പ്രതികാരങ്ങളുടെ ആഘാതം വളരെ വലുതായിരിക്കും” – അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികള്‍ക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച്‌ നേപ്പാള്‍ സുപ്രീം കോടതി കാഠ്മണ്ഡുവില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡി.വൈ ചന്ദ്രചൂഡ്.

നിയമവ്യവഹാരങ്ങള്‍ക്കിടയില്‍ കുട്ടികളോട് അനുകമ്ബാപൂർണമായ നിലപാടെടുക്കണമെന്നും അവരുടെ പുനരധിവാസവും സമൂഹത്തിന്റെ ഭാഗമാവാനുള്ള അവസരങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൗമാര പ്രായത്തിന്റെ വിവിധ തലത്തിലുള്ള പ്രത്യേകളും അതിന് സമൂഹവുമായുള്ള ബന്ധവുമെല്ലാം മനസിലാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പ്രസംഗത്തില്‍ പ്രതിപാദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular