Sunday, May 19, 2024
HomeIndiaഗില്‍ ഭാഗ്യവാന്‍, അല്ലെങ്കില്‍ ഈ അവസരം ലഭിക്കില്ല! സെലക്ടര്‍മാരെ ട്രോളി സെവാഗ്

ഗില്‍ ഭാഗ്യവാന്‍, അല്ലെങ്കില്‍ ഈ അവസരം ലഭിക്കില്ല! സെലക്ടര്‍മാരെ ട്രോളി സെവാഗ്

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കുമെതിരേ ഉയരുകയാണ്.

രോഹിത് ശര്‍മയെ നായകനാക്കിയുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണും റിഷഭ് പന്തുമെത്തിയപ്പോള്‍ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും തഴയപ്പെട്ടു. റിങ്കു സിങ്ങും ശുബ്മാന്‍ ഗില്ലും തഴയപ്പെടുകയും ചെയ്തു.

ശുബ്മാന്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്. നായകസ്ഥാനം ലഭിച്ചതോടെ ഗില്ലിന്റെ ബാറ്റിങ് പ്രകടനം മോശമായി. എങ്കിലും റിസര്‍വ് താരമായി ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഗില്ലിനായി. ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലിനെ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയത് താരത്തിന്റെ ഭാഗ്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ‘ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായി ശുബ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയത് അവന്റെ ഭാഗ്യമാണ്.

റുതുരാജ് ഗെയ്ക് വാദിനേയും കെ എല്‍ രാഹുലിനേയും തഴഞ്ഞാണ് ഗില്ലിന് അവസരം ലഭിച്ചത്. ഇത്തവണ ഭാഗ്യം ലഭിച്ചെങ്കിലും അടുത്ത തവണ ഇത്തരമൊരു അവസരം ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ നേടാന്‍ അവന് സാധിക്കാത്ത പക്ഷം സ്ഥാനം പോയേക്കും. എന്റെയൊക്കെ കാലത്ത് സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരെല്ലാമുണ്ടായിരുന്നു. എതിര്‍ ടീം എത്ര സ്‌കോര്‍ നേടുന്നുവെന്നത് അന്ന് പ്രശ്‌നമേയല്ലായിരുന്നു.

അന്ന് റണ്‍സ് നേടാന്‍ എല്ലാവരും പ്രാപ്തരായിരുന്നു. നിരവധി റണ്‍സ് നേടിയ ശേഷവും എങ്ങനെയാണ് ടീമിലെ സ്ഥാനം നഷ്ടമാകുന്നത്?. പുറത്താക്കിയതിന്റെ വിശദീകരണം അവര്‍ ഒരിക്കലും നല്‍കില്ല. ഇതാണ് ശുബ്മാന്‍ പഠിക്കേണ്ടത്. ഇത്തവണത്തെപ്പോലെ അവസരം ഇനി ലഭിക്കണമെന്നില്ല. വലിയ ഭാവിക്കായി സാങ്കേതികത മെച്ചപ്പെടുത്തുകയും വലിയ റണ്‍സ് നേടുകയും ചെയ്യണം. കാരണം വലിയ സ്‌കോര്‍ നേടുന്നത് മാത്രമേ സ്ഥാനം നിലനിര്‍ത്തുകയുള്ളൂ’ സെവാഗ് പറഞ്ഞു.

ശുബ്മാന്‍ ഗില്‍ ഈ സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. 11 മത്സരത്തില്‍ നിന്ന് 322 റണ്‍സാണ് ഗില്ലിന് നേടാനായത്. 32 ശരാശരിയില്‍ കളിക്കുന്ന ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ് 137 മാത്രമാണ്. ഓപ്പണറായി പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടും ഗില്ലിന് മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. മികച്ച സ്‌ട്രൈക്ക് റേറ്റ് ഇല്ലാതിരുന്നിട്ടും ഗില്ലിനെ ഇന്ത്യ റിസര്‍വ് താരമായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി.

അതേ സമയം മികച്ച ഫോമിലായിരുന്നിട്ടും റുതുരാജിനെ തഴഞ്ഞു. ഫോം വിലയിരുത്തുമ്ബോള്‍ സിഎസ്‌കെ നായകനായിരുന്നു ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. 11 മത്സരത്തില്‍ നിന്ന് 541 റണ്‍സാണ് റുതുരാജ് നേടിയത്. 60 ശരാശരിയിലും 147 സ്‌ട്രൈക്ക് റേറ്റിലും കളിക്കുന്ന റുതുരാജ് 1 സെഞ്ച്വറിയും 4 ഫിഫ്റ്റിയും നേടി. കെ എല്‍ രാഹുല്‍ 11 മത്സരത്തില്‍ നിന്ന് 431 റണ്‍സാണ് അടിച്ചെടുത്തത്. 3 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.

ഇന്ത്യയുടെ ടോപ് ഓഡര്‍ താരങ്ങളിലാര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ശുബ്മാന്‍ ഗില്ലിനാവും അവസരം ലഭിക്കുക. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി ഗില്ലിനെ തള്ളിപ്പറയാനാവില്ല. ഇന്ത്യന്‍ ടീമിലേക്കെത്തുമ്ബോള്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചേക്കും.

ഇന്ത്യക്കായി ടി20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഗില്‍. നിലവിലെ ഗില്ലിന്റെ മോശം പ്രകടനത്തിന് കാരണം ജിടിയുടെ നായകനെന്ന നിലയിലെ സമ്മര്‍ദ്ദമാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇത്തരമൊരു സമ്മര്‍ദ്ദമില്ലാത്തതിനാല്‍ ഗില്ലിന് കസറാനായേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular