Sunday, May 19, 2024
HomeKeralaഅരളി മാത്രമല്ല; നമ്മുടെ വീട്ടുമുറ്റത്ത് കാണുന്ന ചെടികളില്‍ പലതും വിഷമയം, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

അരളി മാത്രമല്ല; നമ്മുടെ വീട്ടുമുറ്റത്ത് കാണുന്ന ചെടികളില്‍ പലതും വിഷമയം, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

തിരുവനന്തപുരം: സൂര്യയെന്ന യുവതിയുടെ മരണത്തോടെ അരളിച്ചെടിയും പൂവുമൊക്കെ കൊടും ഭീകരന്മാരായി. ഉദ്യാന സസ്യമായ അരളിയില്‍ ജീവനെടുക്കാൻ പോന്ന തരത്തില്‍ വിഷം ഉണ്ടെന്നും സൂക്ഷിക്കണമെന്നും ശാസ്ത്രജ്ഞരുള്‍പ്പടെ പലരും നേരത്തേ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരും കാര്യമാക്കിയില്ല.

പറഞ്ഞതിന്റെ ഗുരുതരാവസ്ഥ മനസിലാകാൻ ഒരു ജീവൻ നഷ്ടമാകേണ്ടി വന്നു. പൂജയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്ന അരളിയെ ഇപ്പോള്‍ അമ്ബലങ്ങളില്‍ നിന്ന് പടിക്ക് പുറത്താക്കിക്കൊണ്ടിരിക്കുകയാണ്.

ഉദ്യാന സസ്യങ്ങളില്‍ അരളിമാത്രമാണോ വില്ലൻ?. അല്ലെന്ന് ഉറപ്പിച്ചുപറയാം. കൊച്ചുകുട്ടികളെപ്പോലെ പരിപാലിച്ച്‌ വെള്ളവും വളവും കൊടുത്ത് ഓമനിച്ച്‌ വളർത്തുന്നതില്‍ പലതും മാരക വിഷമടങ്ങിയതാണെന്നാണ് വിഗദ്ധർ മുന്നറിയിപ്പ് നല്‍കുന്നത്. ഇതില്‍ ഒട്ടുമുക്കാലും നാം നിത്യേന കാണുന്നതും നമ്മുടെ വീട്ടുമുറ്റത്ത് ഉള്ളതാണെന്നതും അപകട സാദ്ധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. ആരെയും ആകർഷിക്കാൻ പോന്നതാണ് ഇവയുടെ പൂക്കളും ഇലകളും. അത്തരത്തിലുള്ള ചില സസ്യങ്ങളെ പരിചയപ്പെടാം.

അമ്ബലപ്പാല

ചെമ്ബകം, അലപ്പലപ്പാല തുടങ്ങിയ പല പേരുകളിലാണ് ഇത് പലസ്ഥലങ്ങളിലും അറിയപ്പെടുന്നത്. ക്ഷേത്രങ്ങളിലും കാവുകളിലും വീട്ടുമുറ്റത്തും പാർക്കുകളിലും വഴിയോരങ്ങളിലും എന്നുവേണ്ട ഒട്ടെല്ലായിടത്തും ഇതിനെ കാണാം. പല നിറങ്ങളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന അമ്ബലപ്പാലകള്‍ ആരെയും ആകർഷിക്കും. വീട്ടുമുറ്റത്തെ പുല്‍ത്തകിടിയെ മോടിപിടിപ്പിക്കുന്നതില്‍ ഒരു പ്രധാന സ്ഥാനം ഇതിനുണ്ട്. ചെടിച്ചട്ടികളില്‍ വളർത്താവുന്ന ഇവയുടെ മിനിയേച്ചർ പതിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്.

കാണുന്നതുപോലെ അത്ര സുന്ദരമല്ല അമ്ബലപ്പാല. ഇവയുടെ പൂക്കളില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധർ നല്‍കുന്ന മുന്നറിയിപ്പ്. പാലുപോലുളള കറ ശരീരത്തില്‍ വീണാല്‍ ചിലർക്ക് പൊള്ളലും ചൊറിച്ചിലുമൊക്കെ ഉണ്ടാവും. കണ്ണില്‍ വീഴുന്നതും പ്രശ്നമാണത്രേ. കൊച്ചുകുട്ടികള്‍ക്കാണ് പൂവും കറയും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്.

കുന്നിക്കുരു

കാണാൻ നല്ല കളർഫുള്‍ ആയതിനാല്‍ നാം ഇവയെ നട്ടുവളർത്തും. ഗ്രമപ്രദേശങ്ങളില്‍ വഴിയോരങ്ങളിലും പറമ്ബുകളിലുമൊക്കെ ഇവ ഇഷ്ടംപോലെ കാണുന്ന ഇവയെ കാണാനുള്ള ആകർഷണീയതമൂലം പലരും സൂക്ഷിച്ചുവയ്ക്കും. പോക്കറ്റില്‍ വിഷം കൊണ്ടുനടക്കുന്നതുപോലെയാണ് ഇത്. ഇത് ശരീരത്തിനുള്ളിലെത്തിയാല്‍ അപകടമാണ്. മുതിർന്നവരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെങ്കിലും കുട്ടികളെയാണ് ഏറെ ബാധിക്കുന്നത്. കുട്ടികള്‍ ഇവ വിഴുങ്ങാനുളള സാദ്ധ്യതയും കൂടുതലാണ്.

ലില്ലി ബ്യൂട്ടിഫുളാണ്

ലില്ലിച്ചെടികളും പൂവും ഏറെ മനോഹരമാണ്. എന്നാല്‍ ഏതിനത്തിലുമുളള ലില്ലിയും മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കാലിഫോര്‍ണിയയിലെ സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിന്റെ കണ്ടെത്തല്‍. ഇതുപ്രകാരം ഇവയുടെ പൂവോ, തണ്ടോ അകത്തുപോയാല്‍ മൃഗങ്ങളില്‍ കിഡ്നിക്ക് ഏതാണ്ട് പൂർണമായും തകരാർ സംഭവിക്കും. ഇതിലൂടെ മരണത്തിലേക്ക് എത്തിയേക്കാം.

മനുഷ്യന്റെ ശരീരത്തിനുളളില്‍ എത്തിയാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഛര്‍ദി, രുചിയില്ലായ്മ എന്നിവ അനുഭവപ്പെട്ടുതുടങ്ങും. ചികിത്സ തേടുന്നതാണ് ഉത്തമം.

കണ്‍കണ്ട ഔഷധം, പക്ഷേ

കണ്‍കണ്ട ഔഷധമായ കറ്റാർവാഴയിലും വിഷാംശം ഉണ്ടെന്നുപറഞ്ഞാല്‍ അധികമാരും വിശ്വസിക്കില്ല. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് കറ്റാർവാഴയിലെ വിഷാംശം പ്രശ്നമുണ്ടാക്കുന്നത്. ലോകത്തതില്‍ 250 ല്‍ക്കൂടുതല്‍ കറ്റാർവാഴ ഇനങ്ങളുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വിഷാംശമില്ലാത്തതാണ്. വീട്ടില്‍ വളർത്തുന്ന ചെറിയ ഇനത്തിലുള്‍പ്പടെ കാണുന്ന ഹെംലോക്ക്-സാപോനിന്‍ ആണ് വില്ലൻ. ഇത് മൃഗങ്ങളില്‍ വയറിളക്കം, ഛര്‍ദി, മൂത്രത്തില്‍ മഞ്ഞക്കളര്‍ എന്നിവയ്ക്ക് കാരണമാകുന്നു. മനുഷ്യരില്‍ ചിലർക്ക് ഇത് അലർജിയും ഉണ്ടാക്കും.

ജമന്തി

ഓണത്തിന് ജമന്തിപ്പൂവില്ലാതെ എത്ത് അത്തപ്പൂക്കളം?. പക്ഷേ ജമന്തി പ്രശ്നക്കാരനെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പൂച്ചകള്‍ക്കും പട്ടികള്‍ക്കും അസ്വസ്ഥതയുണ്ടാക്കും. വയറില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ടാക്കാനും കാരണമാകുന്നുണ്ട്. മനുഷ്യനില്‍ വലിയ പ്രശ്നമുണ്ടാക്കാറില്ല.

അരിപ്പൂവ്

കാണാൻ സുന്ദരമാണെങ്കിലും അരിപ്പൂവ് കുട്ടികള്‍ക്കും അരുമ മൃഗങ്ങള്‍ക്കും വലിയ പ്രശ്നക്കാരനാണ്. പൂവിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് കാരണം.

ഡീഫൻബച്ചിയ (Dieffenbachia )

ഇൻഡോർ പ്ളാന്റുകളില്‍ സുപ്രധാന സ്ഥാനമുളളതാണ് ഡീഫൻബച്ചിയ. സൂര്യപ്രകാശമാവശ്യമില്ലാതെ ഭാഗികമായ തണലിടങ്ങളില്‍ തഴച്ചുവളരാനിഷ്ടപ്പെടുന്ന സ്വഭാവമാണ് ഇൻഡോർ പ്ളാന്റുകളിലെ മുഖ്യ ഇനമായി ഇതിനെ മാറ്റിയത്. വായു ശുദ്ധീകരിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

ഗുണങ്ങളെക്കാളേറെ ദോഷങ്ങളാണ് ഈ ചെടിക്ക് ഉള്ളതെന്നാണ് സത്യം. കുട്ടികളും വളർത്തുമൃഗങ്ങളും ഈ ചെടിയുമായി അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ ചെടിയുടെ നീരില്‍ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇതിന്റെ തണ്ട് മുറിക്കുമ്ബോഴുള്ള കറ പൊള്ളലുണ്ടാക്കും. കറ കണ്ണില്‍ തട്ടിയാല്‍ അന്ധതയ്ക്കുവരെയുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പറയുന്നത്. ഇതിന്റെ ഇലകള്‍ കുട്ടികള്‍ ചവച്ചാല്‍ വായയിലും തൊണ്ടയിലുമുള്ള മൃദു കോശങ്ങള്‍ക്ക് വീക്കം സംഭവിക്കുമെന്നും അതിലൂടെ സംസാരശേഷിയെ ബാധിക്കുമെന്നും ചിലർ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular