Sunday, May 19, 2024
HomeEuropeഡോട്മുണ്ട് വീരഗാഥ; പി.എസ്.ജിയെ തകര്‍ത്ത് ചാമ്ബ്യൻസ് ലീഗ് ഫൈനലില്‍

ഡോട്മുണ്ട് വീരഗാഥ; പി.എസ്.ജിയെ തകര്‍ത്ത് ചാമ്ബ്യൻസ് ലീഗ് ഫൈനലില്‍

പാരീസ്: ചാമ്ബ്യൻസ് ലീഗ് കിരീടത്തിനായി ഫ്രഞ്ച് അതികായരായ പി.എസ്.ജിക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. ബൊറൂഷ്യ ഡോട്മുണ്ടിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ മുട്ടുമടക്കാനായിരുന്ന ഇക്കുറി പി.എസ്.ജിയുടെ വിധി.

രണ്ടാം പാദ സെമിയില്‍ പി.എസ്.ജിയെ അവരുടെ തട്ടകത്തിലിട്ട് തകർത്താണ് ബൊറൂഷ്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. രണ്ടാം പകുതിയില്‍ മാറ്റ് ഹമ്മല്‍സ് നേടിയ ഏക ഗോളിനാണ് ജര്‍മന്‍ കരുത്തരുടെ വിജയം. ആദ്യ പാദത്തിലും എതിരില്ലാത്ത ഒരു ഗോളിന് ബൊറൂഷ്യ പി.എസ്.ജിയെ തകർത്തിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 2-0 ന്‍റെ വിജയമാണ് ടീം സ്വന്തമാക്കിയത്.

പാർക് ഡെ പ്രിൻസസില്‍ കളത്തിലും കണക്കിലും പി.എസ്.ജിയായിരുന്നു മുന്നിലെങ്കിലും ബൊറൂഷ്യൻ കോട്ട പൊളിക്കാൻ എംബാക്കെക്കും സംഘത്തിനുമായില്ല. മത്സരത്തില്‍ 70 ശതമാനം നേരവും പന്ത് കൈവശം വച്ചത് പി.എസ്.ജിയായിരുന്നു. 30 ഷോട്ടുകളാണ് ബൊറൂഷ്യൻ ഗോള്‍വലയിലേക്ക് പി.എസ്.ജി താരങ്ങള്‍ ഉതിർത്തത്. അതില്‍ അഞ്ചും ഓണ്‍ ടാർജറ്റായിരുന്നു.

ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി ആരംഭിച്ച്‌ അഞ്ച് മിനിറ്റിനകം പി.എസ്.ജിയുടെ നെഞ്ചു തകർത്ത ഗോളെത്തി. ബൊറൂഷ്യക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് മനോഹരമായൊരു ഹെഡ്ഡറിലൂടെ മാറ്റ് ഹമ്മല്‍സ് വലയിലാക്കി. പിന്നീട് ഗോള്‍മടക്കാനുള്ള നിരവധി ശ്രമങ്ങള്‍ പി.എസ്.ജി നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒരു പതിറ്റാണ്ടിന് ശേഷമാണ് ബൊറൂഷ്യയുടെ ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശം. 2013 ലാണ് ടീം അവസാനമായി ഫൈനലിന് യോഗ്യത നേടിയത്.

കലാശപ്പോരില്‍ ബൊറൂഷ്യയുടെ എതിരാളികള്‍ ആരാണെന്ന് ഇന്നറിയാം. രണ്ടാം സെമിയില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ നേരിടും. റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവിലാണ് പോരാട്ടം. മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ജയിച്ചാല്‍ ജര്‍മന്‍ ഫൈനലിനാവും അരങ്ങൊരുങ്ങുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular