Sunday, May 19, 2024
HomeAsiaറഫയില്‍ ഇരച്ചുകയറി യുദ്ധടാങ്കുകള്‍: ആക്രമണം ബന്ദിമോചനത്തിനെന്ന് നെതന്യാഹു; വ്യോമാക്രമണത്തില്‍ പരിക്കേറ്റ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

റഫയില്‍ ഇരച്ചുകയറി യുദ്ധടാങ്കുകള്‍: ആക്രമണം ബന്ദിമോചനത്തിനെന്ന് നെതന്യാഹു; വ്യോമാക്രമണത്തില്‍ പരിക്കേറ്റ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

ഫ: വെടിനിർത്തല്‍ കരാറിന് സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചിട്ടും റഫയില്‍ കടന്നുകയറി ഇസ്രായേല്‍ സേന. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ തിങ്കളാഴ്ച രാത്രി ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകള്‍ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു.

നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഒളിയിടങ്ങള്‍ തകർത്തതായും സൈന്യം അവകാശപ്പെട്ടു.

റഫ, കറം അബൂസാലം അതിർത്തികള്‍ ഇസ്രായേല്‍ അടച്ചതോടെ ഗസ്സയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂർണമായും തടസ്സപ്പെട്ടു. ഹമാസിന്റെ സൈനിക-സാമ്ബത്തിക ശേഷികള്‍ തകർക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പാണ് റഫ പിടിച്ചെടുത്തതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ ആക്രമണം അനിവാര്യമാണെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ബന്ദിയായ ഇസ്രായേല്‍ സ്വദേശി ജൂഡി ഫെയിൻസ്റ്റൈൻ (70) മരണത്തിന് കീഴടങ്ങിയതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സിൻറെ വക്താവ് അബു ഉബൈദ അറിയിച്ചു. ഒരുമാസം മുമ്ബാണ് ഇസ്രായേല്‍ ആക്രമണത്തില്‍ ജൂഡിക്ക് സാരമായി പരിക്കേറ്റത്.

ഹമാസ് പ്രഖ്യാപനത്തില്‍ അമ്ബരന്ന് ഇസ്രായേല്‍; ആദ്യനിലപാടില്‍ അയവ്

ഹമാസിന്റെ ശക്തികേന്ദ്രമാണെന്നാരോപിച്ച്‌ റഫയില്‍ ആക്രമണം ആസന്നമാണെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയതിനെ തുടർന്ന് പ്രദേശവാസികള്‍ ഒഴിഞ്ഞുപോകുന്നതിനിടെ തിങ്കളാഴ്ച രാത്രി അപ്രതീക്ഷിതമായാണ് വെടിനിർത്തല്‍ കരാർ അംഗീകരിക്കുന്നുവെന്ന ഇസ്മാഈല്‍ ഹനിയ്യയുടെ പ്രഖ്യാപനം വന്നത്. ഇതോടെ ഗസ്സയില്‍ ഫലസ്തീനികള്‍ ആഹ്ലാദപ്രകടനം നടത്തി.

എന്നാല്‍, ഇസ്രായേല്‍ കേന്ദ്രങ്ങളില്‍ പ്രഖ്യാപനം അമ്ബരപ്പാണ് സൃഷ്ടിച്ചത്. മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച വെടിനിർത്തല്‍ നിർദേശങ്ങളില്‍ ചിലത് സ്വീകാര്യമല്ലെന്നും അംഗീകരിക്കില്ലെന്നും ആദ്യം നിലപാടെടുത്ത ഇസ്രായേല്‍, പിന്നീട് അനൗദ്യോഗിക ചർച്ചക്ക് തയാറാകുകയായിരുന്നു. ഹമാസ് അംഗീകരിച്ച വെടിനിർത്തല്‍ കരാറിനെക്കുറിച്ച്‌ അനൗദ്യോഗിക ചർച്ചക്കായി ഇസ്രായേല്‍ സംഘം കൈറോയിലേക്ക് തിരിച്ചു.

കരാർ അംഗീകരിച്ചാല്‍ 33 ബന്ദികളെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കും

42 ദിവസം വീതം നീളുന്ന മൂന്നുഘട്ടങ്ങളിലായി ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള വെടിനിർത്തല്‍ കരാറാണ് ഹമാസ് അംഗീകരിച്ചതെന്നാണ് റിപ്പോർട്ടുകള്‍. അവശേഷിക്കുന്ന 132 ബന്ദികളില്‍ 33 പേരെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കും. ഇതിന് പകരമായി ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ വിട്ടയക്കണം. ഗസ്സയില്‍നിന്ന് ഭാഗികമായി പിന്മാറുകയും വേണം.

അടുത്ത ഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കുന്നതിന് പകരമായി ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കണം. അവസാന ഘട്ടത്തില്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറണം. ഇതോടെ ഗസ്സക്ക് മേലുള്ള ഉപരോധം നീക്കുകയും പുനർനിർമാണം ആരംഭിക്കുകയും വേണം.

പ്രക്ഷോഭം ശക്തമാക്കി ബന്ദികളുടെ ബന്ധുക്കള്‍

ഗസ്സയില്‍ സമ്ബൂർണ വെടിനിർത്തല്‍ അംഗീകരിക്കില്ലെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ പോരാട്ടം തുടരുമെന്നുമാണ് ഇസ്രായേല്‍ നിലപാട്. അതേസമയം, വെടിനിർത്തല്‍ കരാർ അംഗീകരിക്കാൻ ഇസ്രായേല്‍ ഭരണകൂടത്തിനുമേല്‍ അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങള്‍ സമ്മർദം ശക്തമാക്കണമെന്ന ആവശ്യവുമായി ബന്ദികളുടെ ബന്ധുക്കള്‍ പ്രക്ഷോഭം ശക്തമാക്കി.

റഫയിലേക്കുള്ള കടന്നുകയറ്റം വെടിനിർത്തല്‍ ചർച്ചകളെ ബാധിക്കുമെന്ന് ഹമാസും പ്രതികരിച്ചു. റഫ അധിനിവേശം ഇസ്രായേലിന്റെ മറ്റൊരു യുദ്ധ കുറ്റകൃത്യമാണെന്ന് തുർക്കിയയും സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ഈജിപ്തും വംശഹത്യയില്‍ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് സൗദി അറേബ്യയും നിലപാട് വ്യക്തമാക്കി.

റഫ ആക്രമണം വീണ്ടും ചോരപ്പുഴക്ക് കാരണമാകുമെന്ന് യൂറോപ്യൻ യൂനിയൻ വിദേശകാര്യ വക്താവ് ജോസപ് ബോറല്‍ പ്രതികരിച്ചു. ഹമാസും ഇസ്രായേലും പരസ്പരം വിട്ടുവീഴ്ച ചെയ്ത് ഗസ്സയില്‍ വെടിനിർത്തലിന് വഴിയൊരുക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular