Sunday, May 19, 2024
HomeIndiaഅന്തിമ വോട്ടിംഗ് കണക്കില്‍ പൊരുത്തക്കേടുകള്‍'; ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് കത്തയച്ച്‌ ഗാര്‍ഖെ

അന്തിമ വോട്ടിംഗ് കണക്കില്‍ പൊരുത്തക്കേടുകള്‍’; ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് കത്തയച്ച്‌ ഗാര്‍ഖെ

ല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച്‌ ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് കത്തയച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.

ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിലെ പോളിംഗ് കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഖാർഗെയുടെ കത്ത്. അന്തിമ കണക്കുകള്‍ പുറത്തുവിടുന്നതില്‍ കാലതാമസം വരുത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളില്‍ സംശയം ജനിപ്പിക്കുന്നുണ്ടെന്ന് ഖാർഗെ കത്തില്‍ പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടുന്നതില്‍ കാലതാമസം വരുത്തിയിരിക്കുകയാണ് കമ്മീഷൻ. ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഇത്’, ഖാർഗെ കത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കമ്മീഷൻ അന്തിമ കണക്ക് പുറത്തുവിട്ടത്. സാധാരണ നിലയില്‍ 24 മണിക്കൂറുകള്‍ കഴിയുമ്ബോള്‍ തന്നെ കണക്കുകള്‍ പുറത്തുവിടാറുണ്ട്.

‘ഒന്നും രണ്ടും ഘട്ടങ്ങളിലെ അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടുന്നതില്‍ വരുത്തിയ കാലതാമസം കണക്കില്‍ ഗുരുതരമായ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തന്റെ 52 വർഷത്തെ തിരഞ്ഞെടുപ്പ് ജീവിതത്തില്‍ അന്തിമ കണക്കില്‍ ഇത്രയേറെ വർധനവ് വരുന്നതായി കണ്ടിട്ടില്ല’, കത്തില്‍ അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 19ന് നടന്ന ആദ്യഘട്ടത്തില്‍ 60 ശതമാനവും ഏപ്രില്‍ 26ന് നടന്ന രണ്ടാം ഘട്ടത്തില്‍ 60.96 ശതമാനവും പോളിംഗ് നടന്നുവെന്നായിരുന്നു കമ്മീഷന്റെ ആദ്യ കണക്ക്. എന്നാല്‍ പിന്നീട് പുറത്ത് വിട്ട അന്തിമ കണക്കില്‍ ആദ്യ ഘട്ടത്തില്‍ 66.14 ശതമാനം എന്നും രണ്ടാം ഘട്ടത്തില്‍ 66. 71 ശതമാനം എന്നുമാണ് രേഖപ്പെടുത്തിയത്.

കാലതാമസത്തിന് പുറമെ, ഓരോ പാർലമെൻ്റ് മണ്ഡലത്തിലും അതത് അസംബ്ലി മണ്ഡലങ്ങളിലും പോള്‍ ചെയ്ത വോട്ടുകള്‍ പോലെയുള്ള നിർണായകമായ വിവരങ്ങള്‍ കമ്മീഷൻ പുറത്തുവിട്ടിട്ടില്ലെന്നും കത്തില്‍ ഖാർഗെ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനുള്ളില്‍ തന്നെ കണക്കുകള്‍ പുറത്തുവിട്ടിരുന്നുവെങ്കില്‍ നിർണായക കണക്കുകള്‍ക്കൊപ്പം, മണ്ഡലങ്ങളില്‍ ഉടനീളം വർദ്ധനവ് ഉണ്ടായിട്ടുണ്ടോ, അതോ 2019 ല്‍ ഭരണകക്ഷി മോശം പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ മാത്രമാണോ കുറഞ്ഞ കണക്ക് രേഖപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാൻ സാധിക്കുമായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുക്കുമോയെന്നും ഖാർഗെ കത്തില്‍ ചോദിച്ചു.

ആദ്യ രണ്ട് ഘട്ടത്തിലേയും വോട്ടിംഗ് കണക്കുകള്‍ ബിജെപിയേയും പ്രധാനമന്ത്രിയേയും അസ്വസ്ഥനാക്കിയിട്ടുണ്ടെന്നും ഖാർഗെ വിമർശിച്ചു. അധികാരത്തിന്റെ ലഹരിയില്‍ ഇരിക്കുന്ന സ്വേച്ഛാധിപത്യ ഭരണകർത്താക്കള്‍ ഭരണത്തില്‍ തുടരാൻ ഏതറ്റം വരേയും പോകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും ഖാർഗെ പറഞ്ഞു. കണക്കുകളിലെ പൊരുത്തക്കേടുകള്‍ക്കെതിരെ ഒറ്റക്കെട്ടായി ശബ്ദം ഉയർത്തണമെന്നും അദ്ദേഹം സഖ്യകക്ഷി നേതാക്കളോട് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular