Sunday, May 19, 2024
HomeIndiaപഞ്ചാബിലെ കര്‍ഷക രോഷത്തില്‍ ഭയന്ന് ബി.ജെ.പി സ്ഥാനാര്‍ഥികള്‍; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

പഞ്ചാബിലെ കര്‍ഷക രോഷത്തില്‍ ഭയന്ന് ബി.ജെ.പി സ്ഥാനാര്‍ഥികള്‍; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ണ്ഡീഗഢ്: പഞ്ചാബില്‍ കർഷക രോഷം ഭയന്ന് ബി.ജെ.പി സ്ഥാനാർഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സ്വതന്ത്രമായി പ്രചാരണം നടത്താൻ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

കർഷകരുടെ ദില്ലി ചലോ മാർച്ചിനെ അടിച്ചമർത്തിയെങ്കിലും ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും തലവേദനയായി തുടരുകയാണ് കർഷകരുടെ പ്രതിഷേധം. പഞ്ചാബിലെ പാർട്ടി സ്ഥാനാർഥികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകള്‍. പ്രചാരണ പരിപാടികള്‍ തടസ്സപ്പെടുന്നത് സ്ഥിരമായതോടെയാണ് സ്ഥാനാർഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ടഭ്യർഥിച്ചെത്തുന്ന സ്ഥാനാർഥികളോട് ജനങ്ങള്‍ കാട്ടുന്ന വൈകാരിക പ്രതികരണം കൈയ്യേറ്റത്തിലേക്ക് നീങ്ങുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നല്‍കിയത്. സ്ഥാനാർഥികളുടെ ജീവൻപോലും അപകടത്തിലാകുന്ന സാഹചര്യത്തില്‍ പ്രചാരണം നടത്താൻ സുരക്ഷ ഒരുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകരോഷം ആം ആദ്മി പാർട്ടി സൃഷ്ടിച്ചെടുത്തതാണെന്നാണ് ബി.ജെ.പിയുടെ വാദം. സ്ഥാനാർഥികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും നേതൃത്വം പറയുന്നുണ്ട്. സംഭവം സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

പഞ്ചാബില്‍ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ സമരം ചെയ്ത കർഷകൻ കഴിഞ്ഞദിവസം മരിച്ചിരുന്നു. സുരേന്ദർ പാല്‍ സിങ് എന്ന കർഷകനാണ് മരിച്ചത്. ബി.ജെ.പി സ്ഥാനാർഥി പ്രണീത് കൗറിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സുരേന്ദർ പാല്‍ സിങ്ങിന് പരിക്കേറ്റിരുന്നു. മരണത്തില്‍ പ്രതിഷേധിച്ച്‌ പഞ്ചാബിലെ രാജ്പുരയില്‍ കർഷകർ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് കർഷകർ അറിയിക്കുകയും ചെയ്തിരുന്നു.

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ഭാര്യയാണ് പ്രണീത് കൗർ. അവർ ഇപ്പോള്‍ പട്യാലയിലെ ബി.ജെ.പി സ്ഥാനാർഥിയാണ്. ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർ പഞ്ചാബിലുടനീളം സമരം ചെയ്യുന്നുണ്ട്. ഈ സമരത്തിനിടയിലേക്ക് വന്ന പ്രണീത് കൗറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണ് സുരേന്ദർ സിങ് കുഴഞ്ഞുവീണത്.

കർഷകരെ ഭീകരവാദികള്‍ എന്നാണ് ബി.ജെ.പി സ്ഥാനാർഥികള്‍ വിളിച്ചത്. അങ്ങനെയെങ്കില്‍ ഭീകരവാദികളുടെ വോട്ട് ബി.ജെ.പിക്ക് എന്തിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകരുടെ സമരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular