Sunday, May 19, 2024
HomeGulfജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍

ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍

ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍. പ്രശാന്തിന്‍റെ മകന്‍ ഒന്നര വര്‍ഷം മുമ്ബാണ് ജോലി തേടി ഖത്തറിലേക്കു പോയത്.
ഗ്രൂപ്പ് വിസയില്‍ ഇരുപതോളം പേരുണ്ടായിരുന്നു. ഏജന്‍റിനു വീസയ്ക്കുള്ള തുക നല്‍കി.

യാത്രയ്ക്കായി നെടുമ്ബാശേരി വിമാനത്താവളത്തിലേക്കു കയറുമ്ബോഴാണ് ഏജന്‍റ് പ്രത്യക്ഷപ്പെട്ടത്. ബോസ് കഴിക്കുന്ന മരുന്നാണെന്നും ഇതൊന്ന് ബോസിനു കൊടുക്കണമെന്നും പറഞ്ഞ് ഒരു ചെറിയ ബാഗ് യുവാവിനെ ഏല്‍പ്പിച്ചു.

മരുന്നാണെന്ന വിശ്വാസത്തില്‍ അതു വാങ്ങി തന്‍റെ ബാഗില്‍ വയ്ക്കുകയും ചെയ്തു. ഖത്തര്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ബാഗില്‍ എംഡിഎംഎയാണെന്നു കണ്ടെത്തി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഖത്തര്‍ കോടതി പതിനഞ്ചു വര്‍ഷത്തേക്കു തടവിനു ശിക്ഷിച്ചു. നിരപരാധിയായ ചെറുപ്പക്കാരന്‍റെ മോചനത്തിനായി പിതാവ് പ്രശാന്ത് മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ നിരാശയായിരുന്നു ഫലം.

മുക്കം സ്വദേശിയായ ചെറുപ്പക്കാരന്‍ ഹോട്ടലില്‍ ഷെഫിന്‍റെ ജോലി ലഭിച്ചാണ് ഖത്തറിലേക്കു വിമാനം കയറിയത്. എയര്‍പോര്‍ട്ടില്‍ ചെക്കിംഗ് കഴിഞ്ഞ് മുറിയിലെത്തി. മുറിയില്‍ വച്ച്‌ കഴിക്കാനെന്ന് പറഞ്ഞ് ഒപ്പമുള്ളയാള്‍ ഒരു ബാഗ് നല്‍കിയിരുന്നു.

മുറിയിലെത്തി അല്പം കഴിഞ്ഞപ്പോള്‍ സുഹൃത്തുമായി പോലീസ് മുറിയിലെത്തി. ഭക്ഷണമാണെന്ന് പറഞ്ഞു നല്‍കിയ ബാഗ് പരിശോധിച്ചപ്പോള്‍ എംഡിഎംഎയായിരുന്നു. മുക്കത്തുകാരന്‍ അറസ്റ്റിലായി. പത്തുവര്‍ഷം ശിക്ഷ ലഭിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു.

ഇത് ഇവരുടെ മാത്രം കഥയല്ല. മലയാളികളായ 550 പേര്‍ ഇത്തരത്തില്‍ മയക്കുമരുന്ന് കേസിലും ചെക്ക് കേസിലും പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്നുണ്ട്. പാവപ്പെട്ട രക്ഷിതാക്കള്‍ ഇവരുടെ മോചനത്തിനായി നിരന്തരം ശ്രമിച്ചിട്ടും ലക്ഷ്യത്തിലെത്താന്‍ സാധിച്ചിട്ടില്ല.

വിദേശ കാര്യസഹമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം പല തവണ നിവേദനം നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മയക്കുമരുന്നു കേസില്‍ ജയിലില്‍ അകപ്പെട്ട മിക്കവരും ഇത്തരത്തില്‍ ചതിയില്‍പെട്ടവരാണ്. 25 വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുണ്ട്. മൂന്നുലക്ഷം റിയാല്‍വരെ പിഴയുമുണ്ട്.

ഇന്ത്യക്കാരായ അറുനൂറിലധികം തടവുകാര്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് ഖത്തര്‍ ജയിലില്‍ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 550 പേര്‍ മലയാളികളാണ്. തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ദ്വിരാഷ്‌ട്ര ഉടമ്ബടി പ്രകാരം വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ നാവികര്‍ക്കു മോചനം ലഭിച്ചിരുന്നു. ഇതിനേക്കാള്‍ കുറഞ്ഞ കുറ്റം ചെയ്തവര്‍ക്ക് മോചനം ലഭിക്കുന്ന കാര്യത്തില്‍ എംബസി ഉദ്യോഗസ്ഥര്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നില്‍ തടവുകാരുടെ ബന്ധുക്കള്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ആര്‍.ജെ. സജിത്ത്, ടി.ആര്‍. പ്രശാന്ത്, കെ.വി. ഷാജഹാന്‍ എന്നിവര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular