Monday, May 20, 2024
HomeKeralaഅവധിക്കാലത്ത് എസിയില്‍ അടിപൊളി ആഡംബര യാത്ര, ചെലവ് വെറും മൂന്നൂറ് രൂപ

അവധിക്കാലത്ത് എസിയില്‍ അടിപൊളി ആഡംബര യാത്ര, ചെലവ് വെറും മൂന്നൂറ് രൂപ

കൊച്ചി: അവധിക്കാലത്ത് വൈപ്പിനും ഫോർട്ടുകൊച്ചി ബീച്ചും ചീനവലകളും ഡോള്‍ഫിനുകളും കണ്ട് ഒരു അടിപൊളി ആ‌ഡംബര യാത്ര.

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ രാജ്യത്തെ ആദ്യ സൗരോർജ്ജ ബോട്ടായ ‘ഇന്ദ്ര”യിലാണ് ഉല്ലാസയാത്ര.

സ്വകാര്യ ബോട്ടുകളേക്കാള്‍ നൂറിരട്ടി സുരക്ഷിതവും നിരക്ക് കുറവുമാണ് ഇന്ദ്രയിലെ ആകർഷണം.

കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരുമാണ് കൂടുതലെത്തുന്നത്. യാത്രയില്‍ ആവശ്യമുള്ളവ‌ർക്ക് കുടുംബശ്രീ ഭക്ഷണവുമൊരുക്കും. ഓരോ സ്ഥലത്തിന്റെ പ്രത്യേകതയും ചരിത്രവും പറഞ്ഞ് ബോട്ടില്‍ വിവരിക്കും. സ്വകാര്യ ബോട്ടുകളെക്കാള്‍ കുറഞ്ഞ നിരക്കാണ് എ.സിയിലുള്ള ആഢംബര യാത്രയ്ക്ക് ഈടാക്കുന്നത്.

കാഴ്ചകള്‍ ആസ്വദിക്കാം

ബോട്ട് മറൈൻഡ്രൈവ്, ബോള്‍ഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനല്‍, വൈപ്പിൻ, കമാലക്കടവ്, ഫോർട്ട്‌കൊച്ചി, വില്ലിംഗ്ഡണ്‍ ഐലൻഡ് എന്നിവിടങ്ങളിലൂടെ യാത്ര നടത്തും. വൈകിട്ട് സൂര്യാസ്തമയവും ഇളംകാറ്റും കൊച്ചിയിലെത്തുന്ന കപ്പലുകളും മത്സ്യബന്ധന ബോട്ടുകളുമെല്ലാം യാത്രയുടെ മാറ്റുകൂട്ടും. ഏറ്റവും ആകർഷണം കടല്‍പ്പരപ്പില്‍ ചാടിമറിയുന്ന ഡോള്‍ഫിനുകളാണ്. കുട്ടികളെ ഏറെ ആകർഷിക്കുന്നതും ഇതുതന്നെ. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജെട്ടിയില്‍ നിന്നും വാങ്ങാം.

 പരിപാടികള്‍ക്ക് ബുക്ക് ചെയ്യാം

ഉല്ലാസ യാത്രകള്‍ കൂടാതെ പരിപാടികള്‍ക്കും യോഗങ്ങള്‍ക്കും ബോട്ട് ബുക്ക് ചെയ്യാം. മുൻകൂട്ടി അറിയിക്കണമെന്ന് മാത്രം. വിവിധ സ്ഥാപനങ്ങളും സംഘടനകളും യോഗം നടത്തിയിട്ടുണ്ട്. നേരത്തെ അറിയിക്കുന്ന പ്രകാരം ഭക്ഷണവും എത്തിക്കും.

വരുമാനം കൂടി

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്കിടയില്‍ വലിയ ആഘോഷങ്ങളില്ലാതെയാണ് സ‌ർവീസ് ആരംഭിച്ചതെങ്കിലും വരുമാനത്തില്‍ കുറവ് ഉണ്ടായിട്ടില്ല. ആദ്യത്തെ മാസത്തില്‍ 5,10,000 രൂപ നേടി. അതും മറ്റ് ചെലവുകളില്ലാതെ. സോളാറില്‍ പ്രവർത്തിക്കുന്നതിനാല്‍ ചെലവ് കുറവാണ്. എ.സിക്ക് മാത്രമായി ഡീസല്‍ വേണ്ടി വരും. ബുക്കിംഗിന്: 9400050351, 9400050350

ടിക്കറ്റ് നിരക്ക്

കുട്ടികള്‍ക്ക് 150 രൂപ

മുതിർന്നവർക്ക് 300 രൂപ

സമയം രണ്ടു മണിക്കൂർ

ട്രിപ്പുകള്‍

തുടക്കം : എറണാകുളം ബോട്ട് ജെട്ടി

രാവിലെ 10

വൈകിട്ട് 4

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular