Monday, May 20, 2024
HomeAsiaയു.എസ് മുന്നറിയിപ്പ്: ഇസ്രായേല്‍ ഒറ്റക്ക് നില്‍ക്കുമെന്ന് ബിന്യമിൻ നെതന്യാഹു

യു.എസ് മുന്നറിയിപ്പ്: ഇസ്രായേല്‍ ഒറ്റക്ക് നില്‍ക്കുമെന്ന് ബിന്യമിൻ നെതന്യാഹു

തെല്‍ അവീവ്: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിനിടെ ഇസ്രായേല്‍ ഒറ്റക്ക് നില്‍ക്കുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.

ആവശ്യമെങ്കില്‍ ഒറ്റക്ക് നിന്ന് നഖങ്ങള്‍ കൊണ്ട് വേണമെങ്കിലും പോരാടുമെന്ന് നെതന്യാഹു പറഞ്ഞു. 1948ലെ യുദ്ധം ഓർമിപ്പിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.

1948ല്‍ ഞങ്ങള്‍ ചെറിയ സംഘമായിരുന്നു. ഞങ്ങള്‍ക്ക് ആയുധങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന ആവേശവും ഐക്യവും മൂലം യുദ്ധം ജയിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബൈഡൻ ആയുധവിതരണം നിർത്തിയാല്‍ കരുത്ത് കൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും തങ്ങള്‍ വിജയിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. കരുത്തരായി നില്‍ക്കുമെന്നും ലക്ഷ്യങ്ങള്‍ നേടുമെന്നുമായിരുന്നു ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവന.

റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. സി.എൻ.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് റഫയിലെ ഇസ്രായേല്‍ നീക്കത്തിനെതിരെ വിമർശനവുമായി യു.എസ് പ്രസിഡന്റ് രംഗത്തെത്തിയത്.

ഇക്കാര്യം താൻ കൃത്യമായി തന്നെ പറയുകയാണ്. ഇസ്രായേല്‍ റഫയിലേക്ക് പോയാല്‍ അവർക്ക് താൻ ആയുധങ്ങള്‍ നല്‍കില്ല. അവർ റഫയിലേക്ക് ഇതുവരെ പോയിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, ഇസ്രായേല്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.

റഫയിലെ നിലവിലെ സാഹചര്യത്തില്‍ ഇസ്രായേല്‍ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രായേല്‍ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തിയാല്‍ ഇസ്രായേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡൻ പറഞ്ഞിരുന്നു. നേരത്തെ ഇസ്രായേലിലേക്കുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ആയുധങ്ങള്‍ നല്‍കുന്നത് വൈകിപ്പിച്ച കാര്യം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, റഫയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം നഗരത്തില്‍ നിന്നും 80,000 പൗരൻമാർ പലായനം ചെയ്തുവെന്ന് യു.എൻ അറിയിച്ചു. റഫയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും എണ്ണക്കും കടുത്ത ക്ഷാമം നേരിടുകയാണ്. റഫ അതിർത്തിയുടെ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തതോടെ കൂടുതല്‍ അപകടകരമായ കെരാം ഷാലോം പാതയിലൂടെ വരാൻ തങ്ങളുടെ ജീവനക്കാർ നിർബന്ധിതരായിരിക്കുകയാണെന്ന് യു.എൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular