Monday, May 20, 2024
HomeKeralaഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ പണിമുടക്ക്: ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം മുടങ്ങി

ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ പണിമുടക്ക്: ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം മുടങ്ങി

കൊച്ചി: ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന് അമ്ബലമുകളിലെ ബിപിസിഎല്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്‍റില്‍ നിന്നുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിലച്ചു.
തൃശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ 5.45 മുതല്‍ ലോറി ഡ്രൈവര്‍മാര്‍ പണിമുടക്ക് സമരം ആരംഭിച്ചത്.

അമ്ബലമുകള്‍ പ്ലാന്‍റിലെ 200 ഓളം ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. സമരത്തെ തുടര്‍ന്ന് വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, എറണാകുളം, ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലേക്കുള്ള 150 ലോഡ് എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണം മുടങ്ങി.

കരാറുകാരും കമ്ബനിയും ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കില്ലന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. സംഭവത്തില്‍ ഇതുവരെയും തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ കരാറുകാരടക്കം തയാറായിട്ടില്ല. സമരം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പ്രതിസന്ധിയിലാകും.

കൊച്ചി ബിപിസിഎല്‍ പാചകവാതക പ്ലാന്‍റിലെ കരാര്‍ ഡ്രൈവറും കാലടി സ്വദേശിയുമായ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. സിഐടിയു പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് അമ്ബലമുകളിലെ ബിപിസിഎല്‍ യൂണിറ്റില്‍ നിന്ന് പാചകവാതക സിലിണ്ടറുമായി ശ്രീകുമാര്‍ കൊടകര ശ്രീമോന്‍ ഏജന്‍സിയിലെത്തിയത്.

ലോഡിറക്കാന്‍ കരാര്‍ പ്രകാരമുള്ള തുകയേക്കാള്‍ 20 രൂപ കൂടുതല്‍ ആവശ്യപ്പെട്ടാണ് വാക്ക് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് രണ്ട് കയറ്റിറക്ക് തൊഴിലാളികള്‍ ചേര്‍ന്ന് ശ്രീകുമാറിനെ മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ ശ്രീകുമാര്‍ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular