Monday, May 20, 2024
HomeKeralaജപ്തി നടപടിയില്‍ ഇളവിന് നിയമം വരുന്നു

ജപ്തി നടപടിയില്‍ ഇളവിന് നിയമം വരുന്നു

തിരുവനന്തപുരം: ജപ്തി നടപടിയില്‍ ഇളവ് അനുവദിക്കാൻ സർക്കാരിന് അധികാരം നല്‍കുന്ന നിയമം വരുന്നു.
ജപ്തി നടപടി നീട്ടിവയ്ക്കാനും വായ്പ തിരിച്ചടയ്ക്കാൻ കൂടുതല്‍ ഗഡുക്കള്‍ അനുവദിക്കാനുമുള്ള സർക്കാരിന്‍റെ അധികാരം പുനഃസ്ഥാപിക്കാനുമായി ബില്‍ കൊണ്ടുവരും.

റവന്യു, ധന വകുപ്പുകളുടെ നിർദേശമടങ്ങിയ റവന്യു റിക്കവറി ബില്ലിന്‍റെ കരട് നിയമവകുപ്പ് തയാറാക്കി. ജൂണില്‍ ചേരുന്ന സന്പൂർണ ബജറ്റ് സമ്മേളനത്തില്‍ ബില്‍ നിയമസഭയിലെത്തും.

എക്സിക്യൂട്ടീവ് മജിസ്റ്റീരിയല്‍ അധികാരമുള്ള തഹസില്‍ദാർ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവർക്ക് റവന്യു റിക്കവറി പ്രകാരമുള്ള ജപ്തി നടപടികള്‍ നീട്ടിവയ്ക്കാനും കൂടുതല്‍ ഗഡുക്കളായി വായ്പത്തുക തിരിച്ചടയ്ക്കാൻ വായ്പ എടുത്തയാള്‍ക്ക് സാവകാശം നല്‍കുന്നതുമായ ബില്ലാണ് നിലവില്‍ വരുന്നത്.

നേരത്തേ തഹസില്‍ദാർ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവർക്ക് വായ്പത്തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള ഉത്തരവിറക്കാൻ കഴിയുമായിരുന്നു. എന്നാല്‍ ജപ്തി നടപടി നീട്ടിവയ്ക്കാൻ നിർദേശിച്ച്‌ റവന്യു- ധനമന്ത്രിമാർ നല്‍കിയ ഉത്തരവ് ബാങ്ക് ഹൈക്കോടതിയില്‍ ചോദ്യംചെയ്തു. ഇല്ലാത്ത നിയമത്തിന്‍റെ പേരില്‍ ജപ്തി നടപടി ഒഴിവാക്കാൻ ഇടപെടരുതെന്നു നിർദേശിച്ച കോടതി, ആവശ്യമെങ്കില്‍ നിയമം നിർമിക്കാനും സർക്കാരിനോടു നിർദേശിച്ചു.

22 വർഷമായി സർക്കാർ നല്‍കിവന്ന ഉത്തരവുകള്‍ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു അപ്പീല്‍ സമർപ്പിച്ചെങ്കിലും ഇതും തള്ളി. ഈ സാഹചര്യത്തിലാണ് നിയമ നിർമാണത്തിലേക്കു കടന്നത്. ജപ്തി നടപടി ഒഴിവാക്കാനും വായ്പത്തുക തുക ഗഡുക്കളാക്കാനുമായി ലക്ഷക്കണക്കിന് അപേക്ഷകളാണ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പരിഗണനയ്ക്കു വരുന്നത്.

റവന്യു മന്ത്രിക്ക് അഞ്ചു ലക്ഷം രൂപ വരെയും ധനമന്ത്രിക്ക് 10 ലക്ഷം വരെയും മുഖ്യമന്ത്രിക്ക് 20 ലക്ഷം വരെയുമുള്ള വായ്പാ കുടിശികയെ തുടർന്നുള്ള ജപ്തി നടപടി താത്കാലികമായി നിർത്തിവയ്ക്കാൻ അധികാരം നല്‍കുന്നതാണു നിയമം.

സഹകരണ, ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കോമേഴ്സ്യല്‍ ബാങ്കുകളുടെയും ജപ്തി നടപടിയില്‍ സർക്കാരിന് ഇടപെട്ട് വായ്പ എടുത്തയാള്‍ക്ക് ആശ്വാസം നല്‍കാൻ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ കഴിയും. എന്നാല്‍, സർഫാസി ആക്‌ട് പ്രകാരമുള്ള ജപ്തിയില്‍ ഇടപെടാനാവില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular