Monday, May 20, 2024
HomeIndiaഗുജറാത്തില്‍ 600 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; കാവിക്കൊടികള്‍ സ്ഥാപിച്ചു, 35 പേര്‍ അറസ്റ്റില്‍

ഗുജറാത്തില്‍ 600 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; കാവിക്കൊടികള്‍ സ്ഥാപിച്ചു, 35 പേര്‍ അറസ്റ്റില്‍

ഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ ഇമാം ഷാഹ് ബാവ ദർഗയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം. ദർഗ തകർക്കുകയും ദർഗക്കുള്ളില്‍ കാവിക്കൊടികള്‍ സ്ഥാപിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

സംഘർഷത്തില്‍ 35 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഹമ്മദാബാദിലെ പിരാനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദർഗക്ക് ഏകദേശം 600 ഓളം വർഷം പഴക്കമുണ്ട്. ഹിന്ദു-മുസ്‍ലിം സൗഹാർദത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പിരാന ദര്‍ഗ ഇമാം ഷാഹ് ബാബ റോസ ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലാണ്. ഹിന്ദു-മുസ്‍ലിം സമുദായത്തില്‍പ്പെട്ടവരും ദർഗ നടത്തിപ്പ് കമ്മിറ്റിയിലെ അംഗങ്ങളാണ്.

മെയ് ഏഴിന് ഗുജറാത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ദർഗ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ദര്‍ഗയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ചില്ലുകള്‍ പൊട്ടുകയും കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഘർഷത്തില്‍ അറസ്റ്റിലായവരില്‍ വലിയൊരു വിഭാഗം നാട്ടുകാരും കുറച്ചുപേർ പുറത്തുനിന്നുള്ളവരുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ സിയാസറ്റ് ഡോട്ട് കോമിനോട് പറഞ്ഞു. ‘ദർഗയുടെ ട്രസ്റ്റ് കൈകാര്യം ചെയ്തത് ഹിന്ദുക്കളും മുസ്‍ലിംകളും ചേർന്നാണ്. ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്, ചൊവ്വാഴ്ച രാത്രി ഇമാംഷാ ബാവയുടെയും കുടുംബാംഗങ്ങളുടെയും ഖബറിടം ട്രസ്റ്റിമാരിലൊരാള്‍ ആക്രമിക്കുകയായിരുന്നു. ഇത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിലേക്കും കല്ലേറിലേക്കും നയിച്ചു’.. അഹമ്മദാബാദ് (റൂറല്‍) പൊലീസ് സൂപ്രണ്ട് ഓംപ്രകാശ് ജാട്ട് പറഞ്ഞു. സംഘർഷത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമം, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും പൊലീസ് അറിയിച്ചു.

സമീപകാലങ്ങളിലായി ദർഗയെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ഹിന്ദു വിഭാഗം ഇമാം ഷാഹ് ബാവയെ ‘സദ്ഗുരു ഹൻസ്റ്റേജ് മഹാരാജ്’ എന്ന് പുനർനാമകരണം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദർഗയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച്‌ ഉപവാസ സമരവും നടന്നിരുന്നു. ദർഗയെ ഹിന്ദു ക്ഷേത്രമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ സുന്നി അവാമി ഫോറം 2022-ല്‍ പൊതുതാല്‍പ്പര്യ ഹരജി ഗുജറാത്ത് ഹൈക്കോടതിയില്‍ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദർഗയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച്‌ ക്ഷേത്രമാക്കി മാറ്റുകയാണെന്നും ഇമാം ഷാഹ് ബാവയെ ഹിന്ദു സന്ന്യാസിയായി ചിത്രീകരിക്കുകയാണെന്നും മുസ്‍ലിംകളുടെ മതപരമായ അവകാശങ്ങള്‍ ഹനിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular