Saturday, May 18, 2024
HomeIndiaനിർബന്ധിത ലിംഗമാറ്റ ചികിത്സയ്ക്കെതിരെ കർശന നടപടി വേണം: ഹൈക്കോടതി

നിർബന്ധിത ലിംഗമാറ്റ ചികിത്സയ്ക്കെതിരെ കർശന നടപടി വേണം: ഹൈക്കോടതി

കൊച്ചി: ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ്, ക്വീർ (എൽജിബിടിഐക്യു) സമൂഹത്തിലെ വ്യക്തികളെ നിർബന്ധിതമായി ലിംഗമാറ്റത്തിനു വിധേയമാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.

പരിവർത്തന ചികിത്സ സാധ്യമാണെങ്കിൽ അതിനുള്ള മാർഗനിർദേശങ്ങൾ ആവശ്യമാണെന്നു പറഞ്ഞ കോടതി ഇക്കാര്യം പരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ആവശ്യമെങ്കിൽ വിഷയം പഠിക്കാൻ വിദഗ്ധ സമിതിക്കു രൂപം നൽകാനും കോടതി നിർദേശിച്ചു.

നിർബന്ധിത ലിംഗമാറ്റ ചികിത്സയുടെ ഇരയാണെന്ന് അവകാശപ്പെടുന്ന ഒരു ട്രാൻസ്മാനും തൃശൂരിലെ ക്വിയറല എന്ന എൽജിബിടിഐക്യു സംഘടനയും നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടെപെടൽ. നിർബന്ധിത ലിംഗമാറ്റ ചികിത്സ “നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്” എന്ന പ്രഖ്യാപനം ആവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചത്.

മെഡിക്കൽ പ്രാക്ടീഷണർമാർ നിർബന്ധിത ലിംഗമാറ്റ ചികിത്സ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ മാർഗനിർദ്ദേശങ്ങളില്ലാത്തതിനാൽ ഇത് തങ്ങളുടെ സമൂഹത്തിലെ അംഗങ്ങൾക്ക് നിരവധി ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഹർജിക്കാർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളൊന്നുമില്ലെന്നു സമ്മതിച്ച സർക്കാർ, ഹർജിയിൽ പറയുന്നതുപോലെ നിർബന്ധിത ലിംഗമാറ്റം നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്നു വാദിച്ചു. ഇത്തരം നിർബന്ധിത ലിംഗമാറ്റങ്ങളുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഹരജിക്കാർ ആരോപിക്കുന്നതു പോലെ നിർബന്ധിത ലിംഗമാറ്റം ഉണ്ടായാൽ കർശന നടപടിയെടുക്കണമെന്നു പറഞ്ഞ കോടതി. ഇത് സർക്കാർ പരിശോധിക്കേണ്ട വിഷയമാണെന്നു ചൂണ്ടിക്കാട്ടി. ലിംഗമാറ്റ ചികിത്സയ്ക്ക്, വൈദ്യശാസ്ത്രപരമായി സാധ്യമെങ്കിൽ മാർഗനിർദ്ദേശം ആവശ്യമാണെന്നും ജഡ്ജി പറഞ്ഞു.

മാർഗനിർദ്ദേശങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ്, ക്വിയറലയുടെ പ്രതിനിധിയെയും മറ്റ് ബന്ധപ്പെട്ട കക്ഷികളെയും സർക്കാർ കേൾക്കണമെന്നും കോടതി പറഞ്ഞു.

ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം എന്നിവ മാറ്റാൻ ശ്രമിക്കുന്ന ഹാനികരവും അപകീർത്തിപ്പെടുത്തുന്നതുമായ രീതിയാണ് നിർബന്ധിത ലിംഗമാറ്റ ചികിത്സയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ പ്രാക്ടീഷണർമാരോ മാനസികാരോഗ്യ സ്ഥാപനങ്ങളോ ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത ലിംഗമാറ്റ ചികിത്സ നടത്തുന്നത് നിയമവിരുദ്ധമാക്കുന്ന മാനസികാരോഗ്യ മാർഗ്ഗനിർദ്ദേശം രൂപീകരിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular