Friday, May 3, 2024
HomeKeralaഭാര്യമാര്‍ക്ക് തുല്യപരിഗണനയില്ലെങ്കില്‍ വിവാഹമോചനമാകാം; കേരളാ ഹൈക്കോടതി

ഭാര്യമാര്‍ക്ക് തുല്യപരിഗണനയില്ലെങ്കില്‍ വിവാഹമോചനമാകാം; കേരളാ ഹൈക്കോടതി

കൊച്ചി: ഒന്നിലധികം വിവാഹം (Marriage) കഴിച്ച മുസ്ലീം (Muslim) ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തിന് (Divorce) അത് മതിയായ കാരണമാണെന്ന് ഹൈക്കോടതി (Kerala High Court). ഒരു വിവാഹം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം ചെയ്താല്‍ ഇരുവരെയും ഒരു പോലെ സംരക്ഷിക്കണമെന്നു ഖുര്‍ആന്‍ (Quran) അനുശാസിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണ്ടി.

വിവാഹ മോചനം നടത്താതെ രണ്ടാമത് വിവാഹം കഴിക്കുന്ന വ്യക്തി ആദ്യ ഭാര്യയുമായി അകന്നു ജീവിക്കുന്നതും തുല്യ പരിഗണന നല്‍കാതിരിക്കുന്നതും മുസ്ലിം വിവാഹമോചനനിയമത്തിലെ സെക്ഷന്‍ 2(8)(എഫ്) വകുപ്പ് പ്രകാരം വിവാഹമോചനത്തിന് കാരണമാണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

വിവാഹമോചനം തേടി തലശ്ശേരി കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

1991-ലാണ് ഹര്‍ജിക്കാരിയായ യുവതി വിവാഹം കഴിക്കുന്നത്. 2014 മുതല്‍ ഭര്‍ത്താവ് തന്റെയടുത്ത് വരാറില്ലെന്ന് ചൂണ്ടിക്കാട്ടി 2019-ലാണ് വിവാഹമോചനഹര്‍ജി നല്‍കിയത്. 2014 മുതല്‍ ഭര്‍ത്താവ് വരാറില്ലെന്നും മൂന്ന് വര്‍ഷമായി ദാമ്ബത്യ ബന്ധത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നും രണ്ട് വര്‍ഷമായി ചിലവിന് നല്‍കുന്നില്ലെന്നും ഹര്‍ജിക്കാരി അറിയിച്ചു.

എന്നാല്‍, ഇവര്‍ ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം ഇവരുടെ മൂന്ന് കുട്ടികളെ ചൂണ്ടിക്കാട്ടി കോടതി തള്ളുകയായിരുന്നു.

ഒന്നിലേറെ വിവാഹം കഴിക്കുകയാണെങ്കില്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നതെന്നും അതിനുവിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

വൈവാഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവാണ് വീഴ്ചവരുത്തിയതെന്ന് വിലയിരുത്തിയ കോടതി ചിലവിന് നല്‍കി എന്നത് വൈവാഹിക കടമ നിര്‍വഹിച്ചതിന് തുല്യമായി കണ്ട കുടുംബകോടതിയുടെ നിഗമനം തെറ്റാണെന്നും വ്യക്തമാക്കി. കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ഹര്‍ജിക്കാരിക്കു വിവാഹ മോചനം അനുവദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular