Friday, May 17, 2024
HomeKeralaതരൂരിനെതിരെ ഉണ്ണിത്താന്‍, 'ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല'

തരൂരിനെതിരെ ഉണ്ണിത്താന്‍, ‘ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല’

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച സംഭവത്തിലും കെ റെയിൽ (K Rail) വിഷയത്തിലെ കെപിസിസി തീരുമാനത്തിനെതിരായ നിലപാടിലും ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ശശി തരൂരിന് കഴിയുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. അടുത്ത തവണ തരൂർ മത്സരിക്കാനിറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും  പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം.  ശശി തരൂർ നിലപാട് തിരുത്തണം. കൊലക്കേസിൽ പ്രതിയാക്കാൻ സി പി എം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കെ റെയിൽ വിവാദത്തിലും ശശി തരൂരും കെപിസിസിയും തമ്മിൽ ഉരസലുകളുണ്ടായിട്ടുണ്ട്.  കെപിസിസിയുടെ ഭീഷണി ശശി തരൂർ തള്ളിയിരുന്നു. ജനാധിപത്യത്തിൽ തത്ത്വാധിഷ്ഠിത നിലപാടുകൾക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രിയുടെ അനൂകൂലിയായി തന്നെ ചിത്രീകരിക്കാൻ നീക്കമെന്നുമാണ് തരൂർ തിരിച്ചടിച്ചത്. രാഷ്ട്രീയക്കാർ പാവ്ലോവിൻറെ നായ്ക്കൾ ആകരുതെന്നും തരൂർ ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുത്തിയ ലേഖനത്തിൽ വ്യക്തമാക്കി. കെ റെയിൽ വിഷയത്തിൽ യുഡിഎഫ് എംപിമാർ നല്കിയ നിവേദനത്തിൽ ഒപ്പിടാത്തതിനെ നേരത്തെ ശശി തരൂർ ന്യായീകരിച്ചിരുന്നു. എന്നാൽ തരൂരിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരുനും രംഗത്തു വന്നു. തരൂരിനോട് വിശദീകരണം തേടാനും കെപിസിസി തീരുമാനിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലൂടെ തരൂർ കെപിസിസിയുടെ മുന്നറിയിപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.

കെ റെയിൽ വിഷയത്തിൽ ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. ഇത് കിട്ടിയ ശേഷം നിലപാട് എടുക്കാം എന്നാണ് താൻ പറഞ്ഞത്. ലുലു മാൾ ഉദ്ഘാടനത്തിൽ വ്യവസായങ്ങൾക്ക് മുഖ്യമന്ത്രി നല്ല സന്ദേശം നല്കിയതിനെയാണ് പുകഴ്ത്തിയത്. രണ്ടു കാര്യങ്ങളും തെറ്റായി വ്യഖ്യാനിച്ച് മുഖ്യമന്ത്രിയുടെ അനുകൂലി ആയി തന്നെ മാറ്റുന്നു എന്ന് തരൂർ തിരിച്ചടിച്ചു. ജനാധിപത്യത്തിൽ എല്ലാം കറുപ്പും വെളുപ്പും അല്ല. ജവഹർലാൽ നെഹ്റുവും എതിർപക്ഷത്തിന് ഇടം നല്കിയിരുന്നു. കടുത്ത എതിരാളികൾക്കിടയിൽ പോലും പൊതു ഇടം കണ്ടെത്താൻ ശ്രമിച്ച യുഎന്നിലെ പരിചയം തരൂർ എടുത്തു കാട്ടുന്നു. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയം അതെ അല്ല എന്ന വാക്കുകളിൽ കറങ്ങുന്നു. തന്നെ എതിരാളികളുടെ അനുകൂലിയായി ചിത്രീകരിക്കാൻ നേരത്തെയും ശ്രമം നടന്നിരുന്നു എന്നും തരൂർ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular