ഹൂസ്റ്റണ്‍: രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗത്ത് പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ച് നേതൃത്വം കൊടുത്തിട്ടുള്ള മാര്ട്ടിന് ജോണ്‍ ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ക്ലാര്‍ക്കായി റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിക്കുന്നു. 2022 മാര്‍ച്ച് ഒന്നാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാര്ട്ടിന് തന്റെ റിപ്പബ്ലിക്കന്‍ പ്രതിയോഗികളെ പ്രൈമറിയില്‍ നേരിടുന്നു. ഏര്‍ളി വോട്ടിംഗ് ഫെബ്രുവരി 14 മുതല്‍ 25 വരെ നടക്കുന്നതാണ്.
പാലാ സ്വദേശിയായ മാര്ട്ടിന് കാഞ്ഞിരപ്പള്ളി കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചശേഷം പത്തുവര്‍ഷത്തോളം കേരള ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. പാലാ സെന്റ് തോമസ് കോളജ് കൗണ്‍സിലര്‍, ചെയര്മാന്, കെ.എസ്.യുവിന്റെ കോട്ടയം ജില്ലാ സെക്രട്ടറി, കെ.എസ്.യു സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കയില്‍ കുടുംബമായി വന്നതിനുശേഷം മാര്ട്ടിന് പ്രധാനമായും റിയല്‍ എസ്റ്റേറ്റ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഭാര്യ നഴ്സ് പ്രാക്ടീഷണറാണ്. മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) പ്രസിഡന്റായതിനുശേഷം ഇപ്പോള്‍ അതിന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളില്‍ ഒരാളാണ്. ഫുഡ് ബാങ്ക് വഴി സ്ഥിരമായി അദ്ദേഹം ഫുഡ് ഡ്രൈവ് ചെയ്തു. കോവിഡ് മഹാമാരി സമയത്ത് ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നു.
മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ചര്‍ച്ച് ഇടവകാംഗമായ മാര്ട്ടിന് ജോണ്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്ത് ഒരു നിറസാന്നിധ്യമാണ്.
ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ക്ലാര്‍ക്കില്‍ പ്രധാനമായും കോടതിയും ജനങ്ങളുമായുള്ള ബന്ധമാണ് നിക്ഷിപ്തമായിരിക്കുന്നത്. അതുപോലെ കോടതികളിലെ റിക്കാര്‍ഡുകള്‍ സൂക്ഷിക്കുക, ജൂറി ഡ്യൂട്ടിക്ക് സമന്‍സ് അയയ്ക്കുക എന്നിവ ഔദ്യോഗിക ജോലികളുടെ ഭാഗമാണ്. നിയമപരമായ ഡിഗ്രിയും, വക്കീലായി പ്രാക്ടീസ് ചെയ്ത പരിചയവും ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനു മാര്‍ട്ടിനെ കഴിവുള്ളവനാക്കുന്നു. നിയമ ബിരുദധാരിയായ മാര്ട്ടിന് ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പില്‍ മാസ്റ്റേഴ്സ് ഡിഗ്രിയുണ്ട്. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നടക്കുന്ന മത്സരത്തില്‍ മാര്ട്ടിന് ജോണിന് എല്ലാവരും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.