Friday, May 17, 2024
HomeKeralaനാട്ടുകാരുമായി സ്ഥിരം പ്രശ്‌നം; പൊലീസിനെ ആക്രമിച്ചത് അഞ്ഞൂറോളം പേര്‍

നാട്ടുകാരുമായി സ്ഥിരം പ്രശ്‌നം; പൊലീസിനെ ആക്രമിച്ചത് അഞ്ഞൂറോളം പേര്‍

കൊച്ചി > ലഹരിയുടെ ഉന്മാദത്തില്‍ പൊലീസിനെ ക്രൂരമായി ആക്രമിക്കുക, പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച്‌ പൊലീസ് വാഹനം കത്തിക്കുക, കൈയില്‍ കിട്ടുന്ന ആയുധമുപയോഗിച്ച്‌ മര്‍ദിക്കുക…

അഞ്ഞൂറോളംപേര്‍ കൂട്ടമായി പൊലീസിനെ ആക്രമിക്കുന്നതും കേരളത്തില്‍ ആദ്യം.

ശനി രാത്രി 10.30ന് ക്രിസ്മസ് കാരള്‍ നടത്തുന്നതുസംബന്ധിച്ച തര്‍ക്കമാണ് തൊഴിലാളികളുടെ ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. മിക്കവരും ലഹരിയിലായിരുന്നു. കാരള്‍ അവതരിപ്പിക്കുന്നത് ചില തൊഴിലാളികള്‍ എതിര്‍ത്തു. ഉറക്കം നഷ്ടപ്പെടുന്നതിന് എതിരെയായിരുന്നു ചിലരുടെ പ്രതികരണം. ലഹരിയിലാണ്ട മറുവിഭാഗം ആക്രമണത്തിലേക്ക് തിരിഞ്ഞു. ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച നാട്ടുകാര്‍ക്കുനേരെയും തൊഴിലാളികള്‍ തിരിഞ്ഞു. പൊലീസ് എത്തുമെന്ന് ഉറപ്പായപ്പോള്‍ തൊഴിലാളികള്‍ സംഘര്‍ഷം അവസാനിപ്പിച്ച്‌ ഒന്നായി. തുടര്‍ന്നാണ് പൊലീസിനെ ക്രൂരമായി ആക്രമിച്ചത്.

പൊലീസുകാരെ ജീപ്പില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ മര്‍ദിച്ചു. ജീപ്പിനുമുകളില്‍ കയറി തല്ലിപ്പൊളിച്ചു. കല്ലേറില്‍ ഇന്‍സ്പെക്ടര്‍ ബോധരഹിതനായി വീണിട്ടും അക്രമികള്‍ പിന്തിരിഞ്ഞില്ല. പരിക്കേറ്റ പൊലീസുകാരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മുമ്ബും നാട്ടുകാരുമായി കിറ്റക്സിലെ അതിഥിത്തൊഴിലാളികള്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ക്യാമ്ബിലെ തൊഴിലാളികള് സ്ഥിരം പ്രശ്നക്കാരാണെന്നും പ്രദേശവാസികളോടുള്ള ഇവരുടെ പെരുമാറ്റം വളരെ മോശമാണെന്നും നാട്ടുകാര് പറയുന്നു.

ഗോ ബാക്ക് വിളിച്ച്‌ കല്ലേറ്; 
ആക്രമണം അപ്രതീക്ഷിതം
‘മലയാളിപ്പൊലീസ് ഗോ ബാക്ക്’ എന്ന് വിളിച്ചാണ് അതിഥിത്തൊഴിലാളികള്‍ കല്ലേറും അടിയും തുടങ്ങിയതെന്ന് കിഴക്കമ്ബലത്ത് ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ എം ബി സുബൈര്‍ പറഞ്ഞു. കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ വി ടി ഷാജന്റെ നേതൃത്വത്തിലാണ് സ്ട്രൈക്കര്‍ ടീമിനൊപ്പം സുബൈര്‍ സ്ഥലത്തെത്തിയത്.

‘തൊഴിലാളികള്‍ ഏറ്റുമുട്ടുന്നതായി നാട്ടുകാരാണ് അറിയിച്ചത്. കണ്‍ട്രോള്‍ റൂമില്‍നിന്ന് എത്തിയവരെ തൊഴിലാളികള്‍ തടഞ്ഞു. തുടര്‍ന്നാണ് സ്ട്രൈക്കര്‍ ടീം എത്തിയത്. ഞങ്ങള്‍ എത്തിയതോടെ കല്ലേറുണ്ടായി. ഇരുമ്ബുവടിയും പട്ടികക്കഷണങ്ങളുംകൊണ്ട് മര്‍ദിച്ചു. തലയ്ക്ക് ഏറുകൊണ്ട ഇന്‍സ്പെക്ടര്‍ ഷാജന്‍ ബോധരഹിതനായി. എസ്‌ഐ സാജന്റെ തലയില്‍നിന്ന് ചോര വാര്‍ന്നൊലിച്ചു. കല്ലേറില്‍ എന്റെ ചുണ്ടിനും കവിളിനും പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്’- സുബൈര്‍ പറഞ്ഞു.

പട്ടികക്കഷണംകൊണ്ടുള്ള അടിയേറ്റാണ് സിപിഒ വി പി രാജേന്ദ്രന്റെ വലതുകൈക്ക് പരിക്കേറ്റത്. ‘അക്രമികളില്‍നിന്ന് ഒരുവിധം രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണമാണുണ്ടായത്. എഎസ്‌ഐ ശിവദാസിനെയും അതിഥിത്തൊഴിലാളികള്‍ ക്രൂരമായി മര്‍ദിച്ചു. ജീപ്പ് കത്തിച്ചതും മറ്റ് വാഹനങ്ങള്‍ തകര്‍ത്തതും ആശുപത്രിയില്‍ വന്നശേഷമാണ് അറിഞ്ഞത്’–- രാജേന്ദ്രന്‍ പറഞ്ഞു.

പ്രത്യേക സംഘം അന്വേഷിക്കും
കിറ്റെക്സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. പെരുമ്ബാവൂര്‍ എഎസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 ഉദ്യോഗസ്ഥരാണ് അന്വേഷകസംഘത്തിലുള്ളത്. ലഹരി ഉപയോഗം, പുറത്തുനിന്നുള്ളവര്‍ക്ക് പങ്കുണ്ടോ, ഇതരസംസ്ഥാനത്തുനിന്ന് എത്തി ആക്രമണം നടത്തിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തും. റേഞ്ച് ഡിഐജി നീരജ്കുമാര്‍ ഗുപ്ത, റൂറല്‍ എസ്പി കെ കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ കസ്റ്റഡിയിലെടുത്തു. 500 പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഡിഐജിയും എസ്പിയും സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പിക്കറ്റിങ് തുടരുമെന്നും എസ്പി പറഞ്ഞു.

കിറ്റെക്സിന് ഉത്തരവാദിത്വം: 
പൊലീസ് അസോസിയേഷനുകള്‍
കിഴക്കമ്ബലത്ത് അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കിറ്റെക്സ് കമ്ബനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പൊലീസ് അസോസിയേഷനുകള്‍. തൊഴിലുടമകള്‍ക്ക് തൊഴിലാളികളുടെ ഉത്തരവാദിത്തമുണ്ട്. എവിടെനിന്നോ കിട്ടിയ മയക്കുമരുന്ന് ഉപയോഗിച്ചശേഷം ആക്രമണം നടത്തിയെന്ന കമ്ബനി വിശദീകരണം തള്ളിക്കളയണമെന്നും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജുവും പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ പി പ്രവീണും ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം.

കേരളത്തില്‍ ആദ്യമായാണ് അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുന്നതും വാഹനങ്ങള്‍ തീയിട്ടുനശിപ്പിക്കുന്നതും. സംഘടിത ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും പരിക്കേറ്റ പൊലീസുകാരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ മയക്കുമരുന്ന് 
ഉപയോഗിച്ചെന്ന് കിറ്റെക്സ് എംഡി
കിഴക്കമ്ബലത്ത് പൊലീസിനെ ആക്രമിച്ച കിറ്റെക്സ് തൊഴിലാളികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന് കിറ്റെക്സ് കമ്ബനി എംഡി സാബു ജേക്കബ് സമ്മതിച്ചു. നാഗാലാന്‍ഡ്, മണിപ്പുര്‍ സ്വദേശികളായ തൊഴിലാളികള്‍ ക്യാമ്ബില്‍ കാരള്‍ നടത്തി. അവരില്‍ കുറച്ചുപേര്‍ ഇത് എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. നിയന്ത്രിക്കാനെത്തിയ സെക്യൂരിറ്റിയെയും ആക്രമിച്ചു. പൊലീസിനെയും ആക്രമിച്ചു. അക്രമം നിയന്ത്രിക്കാനായില്ലെന്നും സാബു മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular