Sunday, May 19, 2024
HomeIndiaആർട്ടിക്കിൾ 370യും മുത്വലാഖും തിരികെ കൊണ്ടുവരാൻ നിങ്ങളുടെ അടുത്ത തലമുറ വിചാരിച്ചാലും കഴിയില്ല; രാമക്ഷേത്ര നിർമ്മാണം...

ആർട്ടിക്കിൾ 370യും മുത്വലാഖും തിരികെ കൊണ്ടുവരാൻ നിങ്ങളുടെ അടുത്ത തലമുറ വിചാരിച്ചാലും കഴിയില്ല; രാമക്ഷേത്ര നിർമ്മാണം തടയാൻ കഴിയുമെങ്കിൽ കാണട്ടെ; വെല്ലുവിളിച്ച് അമിത് ഷാ

അയോദ്ധ്യ: തന്റെ പാർട്ടി ഭരിച്ചിരുന്ന സമയത്ത് കർസേവകർക്ക് നേരെ വെടിയുതിർത്തതിനും ഭഗവാൻ രാമന് ഒരു ടെന്റിനുള്ളിൽ വർഷങ്ങളോളം കഴിയേണ്ടി വന്നതിനും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോട് ജനങ്ങൾ ഉത്തരം തേടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്താൻ എസ്പി, ബിഎസ്പി, കോൺഗ്രസ് സർക്കാരുകൾ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ ജൻ വിശ്വാസ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1990ത്തിൽ കർസേവകർക്ക് നേരെയുണ്ടായ ആക്രമണത്തെ പരാമർശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘ അയോദ്ധ്യയിൽ കർസേവകരെ വെടിവച്ച് കൊന്ന് മൃതദേഹങ്ങൾ സരയൂ നദിയിലേക്ക് വലിച്ചെറിഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടോ?. എസ്പിയുടേയും ബിഎസ്പിയുടേയും ഭരണത്തിൽ വിശ്വാസത്തിന്റെ പ്രതീകങ്ങൾ മാനിക്കപ്പെടാറില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും എല്ലാവരുടേയും വിശ്വാസങ്ങൾ സംരക്ഷിക്കാനായി പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണ്’.

‘ അഖിലേഷ് വോട്ട് തേടി ഇവിടെ വരുമ്പോൾ നിങ്ങൾ ചോദിക്കൂ, കർസേവകർ ചെയ്ത കുറ്റം എന്തായിരുന്നുവെന്ന്. എന്തിനാണ് സർക്കാർ അവർക്ക് നേരെ വെടിയുതിർത്തതെന്ന്?. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ എന്തായിരുന്നു അവരുടെ എതിർപ്പിന് കാരണമെന്ന്?.അഖിലേഷ് നിങ്ങൾ ഒരു കാര്യം മനസിലാക്കണം. നിങ്ങളുടെ രണ്ടാമത്തെ തലമുറ വിചാരിച്ചാൽ പോലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനോ, മുത്വലാഖ് തിരികെ കൊണ്ടുവരാനോ കഴിയില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുന്നതിനെ എസ്പിയും, ബിഎസ്പിയും, കോൺഗ്രസും, തൃണമൂൽ കോൺഗ്രസുമെല്ലാം ഒറ്റക്കെട്ടായിട്ടാണ് എതിർത്തത്. പക്ഷേ, 2019 ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി പാർലമെന്റിൽ ആ നിർണായക തീരുമാനം പ്രഖ്യാപിച്ചു.’

‘ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ അംഗീകാരം പ്രധാനമന്ത്രിക്ക് നൽകുകയാണ്. എസ്പിയും ബിഎസ്പിയുമെല്ലാം ഇത് തടയാനാണ് ശ്രമിച്ചത്. രാമന്റെ സേവകരെ അവർ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷം സരയൂ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. രാമക്ഷേത്ര നിർമ്മാണം തടയണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരോടും ഒരു കാര്യം മാത്രമാണ് പറയാൻ ഉള്ളത്. നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾ ഇത് തടയൂ. ഇത് തടയാൻ ഒരാൾക്കും കഴിയില്ല. കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഭഗവാൻ ശ്രീരാമൻ ജനിച്ച സ്ഥലത്ത് ഒരു ക്ഷേത്രം ഉയർന്ന് വരും. എത്രയോ വർഷങ്ങൾ രാംലല്ലയെ ഒരു കൂടാരത്തിലാണ് സൂക്ഷിച്ചത്. അത് എന്തുകൊണ്ട് സംഭവിച്ചു എന്നത് ഉത്തർപ്രദേശിലെ ജനങ്ങൾ ചിന്തിക്കണമെന്നും’ അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular