Saturday, May 18, 2024
HomeKeralaവാവ സുരേഷിന്‍റെ നില ഗുരുതരം, 5 മണിക്കൂര്‍ നിര്‍ണ്ണായകം: സൗജന്യ ചികിത്സ നല്‍കുമെന്ന് വീണ ജോര്‍ജ്

വാവ സുരേഷിന്‍റെ നില ഗുരുതരം, 5 മണിക്കൂര്‍ നിര്‍ണ്ണായകം: സൗജന്യ ചികിത്സ നല്‍കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: മൂർഖൻ പാമ്പിന്‍റെ കടിയേറ്റ വാവ സുരേഷ്  (Vava Suresh) ഗുരുതരാവസ്ഥയിൽ. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് വാവാ സുരേഷ് ഉള്ളത്. തലച്ചോറിന്‍റെ പ്രവർത്തനം ഗുരുതരാവസ്ഥയിൽ തുടരുന്നതാണ് ആശങ്ക. തലച്ചോറിലേക്കുള്ള രക്ത ഓട്ടം ഇപ്പോഴും നിലച്ചിരിക്കുകയാണ്. ഹൃദയത്തിന്‍റെ പ്രവർത്തനം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് സുരേഷിന്‍റെ ചികിത്സ.

ഇന്ന് വൈകിട്ട് നാല് മണിയോടെ കോട്ടയം കുറിച്ചിയിൽ വച്ചാണ് വാവ സുരേഷിന് ഉഗ്ര വിഷമുള്ള മൂർഖന്‍റെ കടിയേറ്റത്. മൂർഖനെ പിടിച്ചശേഷം ചാക്കിൽ കയറ്റുന്നതിനിടെ സുരേഷിന്‍റെ തുടഭാഗത്താണ് പാമ്പ് ആഞ്ഞ് കൊത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിഷ പ്രതിരോധ മരുന്നായ ആന്‍റിവെനം നൽകിയെങ്കിൽ ഗുരുതരാവസ്ഥയിലേക്ക് പോകുകയായിരുന്നു. തുടർന്ന് മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വാവ സുരേഷിന്‍റെ ഹൃദയത്തിന്‍റെ നില സാധാരണ നിലയിലായെങ്കിലും അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. സിപിആര്‍ നല്‍കിയത് ഗുണമായി. പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അടുത്ത 5 മണിക്കൂർ നിർണ്ണായകമാണെന്നും മന്ത്രി പറഞ്ഞു. സുരേഷിന്‍റെ ചികിത്സ സൗജന്യമായി നടത്താൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്‍റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

രണ്ടാഴ്ച്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിന്‍റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജ്ജായിവീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular