Sunday, May 19, 2024
HomeIndiaയാദവ ഭൂമിയില്‍ വോട്ടെടുപ്പ്; പഞ്ചാബ് മാറ്റത്തിനു കാതോര്‍ക്കുന്നു

യാദവ ഭൂമിയില്‍ വോട്ടെടുപ്പ്; പഞ്ചാബ് മാറ്റത്തിനു കാതോര്‍ക്കുന്നു

ഒടുവില്‍ പഞ്ചാബ് ഞായറാഴ്ച പോളിങ് ബൂത്തിലേക്ക്. ഒപ്പം ഉത്തര്‍ പ്രദേശില്‍ മൂന്നാം ഘട്ടത്തില്‍ പെട്ട 59 മണ്ഡലങ്ങളും.
യു പിയുടെ പതിനാറു ജില്ലകളില്‍ വെള്ളിയാഴ്ച പ്രചാരണം അവസാനിച്ചു. ഹത്രാസ്, ഫെറോസാബാദ്, കാസ്ഗഞ്ച്, എറ്റ, മൈന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, കാണ്‍പൂര്‍, ഝാന്‍സി തുടങ്ങിയ ജില്ലകള്‍ നാളെ വോട്ട് ചെയ്യുന്നു. മത്സര രംഗത്തുള്ള പ്രമുഖരില്‍ സമാജ്വാദി പാര്‍ട്ടി (എസ് പി) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഉണ്ട്. ജസ്വന്ത് നഗര്‍ ആണ് അദ്ദേഹത്തിന്റെ മണ്ഡലം.

അദ്ദേഹത്തിന്റെ പിതാവ് മുലായം സിംഗ്, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖര്‍ വെള്ളിയാഴ്ച പ്രചാരണം നടത്തി.
ഈ 59 ല്‍ 49 സീറ്റും 2017 ല്‍ ബി ജെ പി നേടിയതാണ്. എസ് പിക്കു ലഭിച്ചത് വെറും 9. ഇക്കുറി നേരെ മറിച്ചാകും എന്നാണ് എസ് പിയുടെ പ്രതീക്ഷ.

കാരണം വോട്ടിംഗ് നടക്കുന്നത് പടിഞ്ഞാറന്‍ യു പിയിലും അവാധിലും ബുന്ദേല്‍ഖണ്ഡിലുമായി വ്യാപിച്ചു കിടക്കുന്ന യാദവ ഭൂമിയിലാണ്. 2012 ല്‍ എസ് പി 59 ല്‍ 37 നേടിയിരുന്നു എന്നോര്‍ക്കുക. അവര്‍ക്ക് ഇവിടെ ആഴത്തില്‍ വേരുകളുണ്ട് എന്നാണ് കരുതപ്പെടുന്നത്.
2020 ല്‍ ദളിത് യുവതി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതോടെ കുപ്രസിദ്ധി നേടിയ ഹത്രാസ് പട്ടികജാതി-വര്‍ഗ സംവരണ സീറ്റാണ്. ഈ വിഷയം തന്നെ ആയിരുന്നു പ്രചാരണത്തില്‍ എസ് പി കൂടുതലായി ഉപയോഗിച്ചത്.

മാറ്റം കാത്തു പഞ്ചാബ് 

കോണ്‍ഗ്രസും ശിരോമണി അകാലി ദളും ഭരണം കൈയ്യാളിയിട്ടുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തു ഇക്കുറി പരമ്പരാഗത രാഷ്ട്രീയ കക്ഷികളെ പിന്തള്ളി ആം ആദ്മി പാര്‍ട്ടി (എ എ പി) അധികാരത്തില്‍ വരുമോ എന്നാണ് രാഷ്ട്രം ഉറ്റു നോക്കുന്നത്. ഡല്‍ഹിയില്‍ ഒരു മുനിസിപ്പല്‍ ഭരണകൂടം പോലെയാണ് ഏഴു വര്‍ഷമായി അരവിന്ദ് കെജ്രിവാളിന്റെ സര്‍ക്കാര്‍ ഭരിച്ചു വന്നതെങ്കിലും സാധാരണക്കാരില്‍ നിന്ന് ലഭിച്ച വമ്പിച്ച പിന്തുണ അയല്‍ സംസ്ഥാനത്തു ഇപ്പോള്‍ പ്രയോജനമുണ്ടാക്കുന്നു എന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിച്ചിട്ടുള്ളത്.
പഞ്ചാബിലും സാധാരണക്കാര്‍ തന്നെയാണ് ഇങ്ങിനെയൊരു മാറ്റം കാത്തു നില്കുന്നത്. നഗരങ്ങളില്‍ പ്രത്യേകിച്ചും, ജീവിത സൗകര്യങ്ങളുടെ കുറവ് ഭരിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടത്തിനെതിരെ എ എ പി ഉപയോഗിക്കുന്ന ഒരു ആയുധമാണ്.
2017 ലെ തെരഞ്ഞെടുപ്പില്‍ എ എ പി നടത്തിയ മുന്നേറ്റമാണ് അവര്‍ക്കു ആവേശമായത്. അന്ന് 117 ല്‍ 22 സീറ്റ് നേടി അവര്‍ രണ്ടാം സ്ഥാനത്തു എത്തി. കോണ്‍ഗ്രസ് അധികാരം നേടിയപ്പോള്‍ അകാലിദള്‍-ബി ജെ പി സഖ്യം എ എ പിക്ക് പിന്നില്‍ മൂന്നാമതായിപ്പോയി.
ഇരുപത്താറു സീറ്റില്‍ എ എ പി രണ്ടാം സ്ഥാനം നേടിയിരുന്നു. അതില്‍ 19 എന്നതില്‍ ആയിരത്തില്‍ താഴെ വോട്ടിനാണ് കോണ്‍ഗ്രസ് ജയിച്ചതും.
രണ്ടാമതായ 26 സീറ്റില്‍ വിജയം നേടാന്‍ എ എ പിക്ക് ശരാശരി 5% വോട്ട് മറിച്ചെടുക്കണം.
നഗരമേഖലകളാണ് പക്ഷെ പാര്‍ട്ടിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ മൂന്ന് സീറ്റാണ് ഈ മേഖലകളില്‍ നിന്ന് ലഭിച്ചത്. 19 സീറ്റില്‍ മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ.
കെജ്രിവാളിന് ഒരു വിഘടന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ആയുധമാക്കാന്‍ അതിനിടെ കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നുണ്ട്. കുമാര്‍ വിശ്വാസ് എന്ന പഴയ അനുയായിയാണ് കെജ്രിവാളിനെതിരെ ആരോപണം കൊണ്ട് വന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചെന്നി അത് വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കി. അന്വേഷിക്കുമെന്ന് ഷായും പറഞ്ഞു.
ഖാലിസ്ഥാന്‍ ബന്ധം നിഷേധിക്കാമോ എന്ന വിശ്വാസിന്റെ ചോദ്യത്തിന് കെജ്രിവാള്‍ പറഞ്ഞ മറുപടി ഇതാണ്: ‘സ്‌കൂളുകളും ആശുപത്രികളും പണിയുന്ന, വൈദ്യുതി സൗജന്യമായി നല്‍കുന്ന, ആദ്യത്തെ ‘ഭീകരന്‍’ ആയിരിക്കും ഞാന്‍ ഈ ലോകത്ത്. നൂറു വര്ഷം മുന്‍പ് ബ്രിട്ടീഷുകാര്‍ ഭഗത് സിംഗിനെ ഭീകരന്‍ എന്ന് വിളിച്ചു. അവരെപ്പോലെ ഭിന്നിപ്പിച്ചു ഭരിക്കുന്നവര്‍ ഇപ്പോള്‍ അതെ തന്ത്രം പയറ്റുന്നു.  കോണ്‍ഗ്രസും ബി ജെ പിയും കൂടി എ എ പിക്ക് എതിരെ ഒത്തു കൂടുകയാണ്.’
കേവല ഭൂരിപക്ഷത്തിനു 59 സീറ്റ് ലഭിക്കണം. എ ബി പി- സി വോട്ടര്‍ സര്‍വ്വേ അനുസരിച്ചു എ എ പി 58 വരെ പിടിക്കും. കോണ്‍ഗ്രസ് 43 വരെയും. അകാലി ദള്‍ 23 വരെ പോകാം. ബി ജെ പി മൂന്ന് വരെയും.
ഇന്ത്യ എഹെഡ്-ഇ ടി ജി ആവട്ടെ എ എ പിക്ക് 64 വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 44 വരെ. അകാലി 11 ആണ് അവര്‍ കാണുന്ന പരമാവധി.

ബി ജെ പിയുടെ സ്വന്തം റിപ്പബ്ലിക്ക് ടി വിയുടെ സര്‍വേയില്‍ എ എ പിക്ക് 56 ആണ് പരമാവധി. കോണ്‍ഗ്രസിന് 48, അകാലികള്‍ക്കു 17.
ഇന്ത്യ ന്യൂസ്-ജന്‍ കി ബാത്ത്: എ എ പി 58 – 65, കോണ്‍ഗ്രസ് 32 – 42, അകാലി 15 – 18.
പോള്‍ ഒഫ് പോള്‍സ്: എ എ പി 51 – 57, കോണ്‍ഗ്രസ് 38-44, അകാലി ദള്‍ 17 – 21.
ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ അകാലി ദള്‍ നിര്‍ണായക ഘടകം ആകുമെന്നാണ് സര്‍വേകളുടെ  സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular