Monday, May 6, 2024
HomeEditorialഅമേരിക്കൻ മലയാളികൾക്ക് അപരിചിതമായ നിരൂപണ സാഹിത്യം

അമേരിക്കൻ മലയാളികൾക്ക് അപരിചിതമായ നിരൂപണ സാഹിത്യം

അമ്പലത്തിൽവച്ചു  സുന്ദരിയായ വാരസ്യാരെ കണ്ട് ഭ്രമിച്ച നമ്പൂതിരി അവളോട് “രാത്രി നോം വാര്യത്തേയ്ക്ക് വരുന്നുണ്ടെന്നു പറഞ്ഞു. വാരസ്യാർ ഭയത്തോടെ “അതു വയ്യ അവിടന്നേ, അടിയന് സംബന്ധക്കാരനുണ്ട്. അടിയൻ വേറെ എന്തു  വേണേലും ചെയ്യാം”. “ന്നാൽ നിന്റടുത്ത് അഷ്ടാദ്ധ്യായി പഠിക്കാൻ വരാം”. “അത് അടിയനറിയില്ലല്ലോ“. അതാണു നെന്നോട് ആദ്യം പറഞ്ഞത് , നെണക്ക് ആകെക്കൂടി ഒന്നേ അറിയൂ അതങ്ങട് സമ്മതിക്കാ. വാരസ്യാർയുവതിയെപോലെ അമേരിക്കൻ മലയാളിക്ക് ആകെക്കൂടെ ഒന്നേ അറിയൂ എം കൃഷ്ണൻ നായർ.  അതങ്ങട് സമ്മതിക്കാ. വായനയില്ലാത്ത അമേരിക്കൻ മലയാളി എഴുത്തുകാർ നിരൂപണമെന്നാൽ കൃഷ്ണൻ നായർ എന്നു വിശ്വസിക്കുന്നു. എഴുത്തുകാരെ ബഹുമാനമില്ലാതെ വായിൽ തോന്നിയത് എഴുതിയ കൃഷ്ണൻ നായരേ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നവർ വേറെ ഒന്നും വായിച്ചിട്ടില്ല.

യഥാർത്ഥ നിരൂപണം എന്തെന്നറിയാത്ത അമേരിക്കൻ മലയാളി എഴുത്തുകാരുടെ അവസ്ഥ ദയനീയമാണ്. നാട്ടിലെ എഴുത്തുകാരുടെ ഛായയിൽ നിന്നാൽ ശ്രദ്ധിക്കപ്പെടുമെന്ന ചപലവ്യാമോഹങ്ങൾ താലോലിക്കുന്നവർ ഇവിടെ സാഹിത്യവുമില്ല, നിരൂപണവുമില്ലെന്ന വിഡ്ഢിത്തം വിളമ്പുമ്പോൾ പലരും വിശ്വസിക്കുന്നു. നാട്ടിലെ സാഹിത്യകാരന്മാരിൽ നിന്നു കേട്ടുപഠിച്ച ചില വായ്ത്താരികൾ കാണാപാഠം പഠിച്ച്‌ സ്വയം അറിവുള്ളവനെന്നു നടിക്കുന്ന കപടജ്ഞാനി (sciolist) ഇവിടെ നിരൂപണമില്ലെന്നു പറയുമ്പോൾ പൊതുജനം അതു വിശ്വസിച്ച് അയാളെ അറിവുള്ളവനായി കാണുന്നു, അയാളുടെ കാൽക്കൽ വീണു നമസ്കരിക്കുന്നു.  അതുകാണുമ്പോൾ ഒരു കഥ ഓർമ്മ വരുന്നു. നിരക്ഷരകുക്ഷികളായ ഗ്രാമവാസികളിൽ ഒരുത്തൻ കൂലിപ്പട്ടാളത്തിൽ ചേർന്നു. അവധിക്ക് വന്നപ്പോൾ ആ ഗ്രാമത്തിലെ പാവം മനുഷ്യർ അയാളുടെ കളസവും, തൊപ്പിയുമൊക്കെ കണ്ടു വലിയ അറിവൊക്കെ നേടി വന്നവനാണെന്നു കരുതി. നാട്ടുകാരുടെ പൊട്ടത്തരം കണ്ടു അതു മുതലെടുക്കാൻ അവസരം കണ്ടയാൾ അവിടെ നടക്കാനിരുന്ന ഒരു പരിപാടിയിൽ ഇംഗളീഷിൽ പ്രസംഗിക്കാമെന്നേറ്റു. ജനം അതുകേട്ടു  മൂക്കത്തു വിരൽ വയ്ക്കുകയും  അയാളെ ആദരവോടെ നോക്കുകയും ചെയ്തു.
പറഞ്ഞുറപ്പിച്ചപോലെ പട്ടാളക്കാരൻ സ്റ്റേജിൽ കയറിനിന്നു ഇംഗളീഷിൽ പ്രസംഗം ആരംഭിച്ചു. വിവരംകെട്ട ജനം വായും പൊളിച്ചു  കണ്ണും തുറപ്പിച്ചു  ഇരുന്നു. അയാൾ പ്രസംഗം കസറി. എ ബി സി ഡി ഇ എഫ്  എ ബി സി ഡി ഇ ഫ് … അങ്ങനെ കുറേതവണ. പട്ടാളക്കാരന്റെ അറിവു  അടുത്തറിഞ്ഞ ജനം ഇളകി മറിഞ്ഞു. അയാളെ എണീറ്റ്നിന്ന് സല്യൂട്ട് ചെയ്തു. അതാണു ഇവിടെയും സംഭവിക്കുന്നതു.

വിവരംകെട്ടവൻ വിവരംകെട്ടവരെ നയിക്കുന്ന കാഴ്ച്ച അമേരിക്കൻ മലയാളസാഹിത്യ രംഗത്തും കാണാവുന്നതാണ്.
മലയാളസാഹിത്യനിരൂപണത്തെ ഉപന്യസിച്ച് സമയം കളയുന്നില്ല. വളരെ ചുരുക്കമായി പറഞ്ഞാൽ മലയാളസാഹിത്യനിരൂപണം സംസ്കൃതനിരൂപണ ശാഖയെ ചുവടുപിടിച്ചു ആരംഭിച്ചെങ്കിലും പിന്നീട് അതു പശ്ച്യാത്യ-പൗരസ്ത്യ പ്രത്യയശാസ്ത്രങ്ങളെ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോയി. തൃശ്സൂരിൽനിന്നും സി.പി. അച്യുതമേനോന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന വിദ്യാവിനോദിനിയിലാണ് മലയാളസാഹിത്യത്തിന്റെ നിരൂപണങ്ങൾ ആദ്യമായി വെളിച്ചം  കണ്ടത്. പിന്നീട് പ്രഗത്ഭരായ പല എഴുത്തുകാരാൽ നമ്മുടെ നിരൂപണശാഖ സമ്പന്നമായി.

ഇംഗളീഷ് സാഹിത്യത്തിൽ ഈ രീതി പ്രത്യക്ഷപ്പെടുന്നത് പതിനഞ്ചാം നൂറ്റാണ്ടിലാണ്. എന്നാൽ കൃസ്തുവിനുമുമ്പ് തന്നെ നിരൂപണമെന്ന ധാരണ  പ്ലേറ്റോയും അരിസ്റ്റോട്ടിലും കൊണ്ടുവന്നിരുന്നു. പ്ലേറ്റോ പറഞ്ഞത് സങ്കല്പങ്ങൾ അല്ലെങ്കിൽ ആശയങ്ങളാണ് യാഥാർഥ്യമായിട്ടുള്ളത്. കല അതിനെ പകർത്തുന്നുവെന്നുമാത്രം. പ്ലേറ്റോ ഇത് ഒരു ഉദാഹരണത്തിലൂടെ വിശദമാക്കുന്നുണ്ട്. അതായത് ഒരു കസേര അതു പണിയുന്നതിനുമുമ്പ് ആശാരിയുടെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ആശയം അല്ലെങ്കിൽ സങ്കൽപ്പമാണ്; അത് അയാൾ സാക്ഷാത്ക്കരിയ്ക്കയാണ്.  അപ്പോൾ അതു  ഒരു ആശയത്തിന്റെ പകർപ്പാകുന്നു. ഈ കസേര ഒരാൾ ചായം പൂശുമ്പോൾ അല്ലെങ്കിൽ ക്യാൻവാസിലേക്ക് വരയ്ക്കുമ്പോൾ യാഥാർത്ഥമായതിന്റെ പകർപ്പിന്റെ പകർപ്പ് ആകുന്നു.

നിരൂപണത്തെ വളരെ ലളിതമായി വ്യാഖ്യാനിക്കയാണെങ്കിൽ അതു സാഹിത്യരചനകൾ ആസ്വദിക്കാനും അതിനെ വിലയിരുത്താനുമുള്ള ഒരു രീതി എന്നു പറയാം.  നിരൂപകൻ ഒരു സാഹിത്യരചനയെ അപഗ്രഥിക്കുന്നു വിലയിരുത്തുന്നു, വിവരിക്കുന്നു, വ്യാഖ്യാനിക്കുന്നു. ഒരു കൃതിയെക്കുറിച്ച് വായനക്കാരിൽ അത്തരം നിരൂപണങ്ങൾ സ്വാധീനം ചെലുത്തുന്നു. കുറ്റം പറയുക എളുപ്പമാണെന്ന് എല്ലാവർക്കും അറിയാം. ഒരു കൃതി വായിച്ച് സാഹിത്യത്തിനനുയോജ്യമായ സൗന്ദര്യതത്വങ്ങൾ അനുസരിച്ച് അതിനെ വിലയിരുത്താൻ നിരൂപകന് കഴിവുണ്ടായിരിക്കണം.

അമേരിക്കൻ മലയാളസാഹിത്യത്തിന്റെ തുടക്കം മുതൽ ഇവിടെയും അവരുടെ രചനകളെക്കുറിച്ചുള്ള മുഴുനീളനിരൂപണങ്ങൾ ഉണ്ടായി. അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള നിരൂപണങ്ങൾ  അടങ്ങിയ 429 പുറങ്ങളുള്ള രണ്ട് പുസ്തകങ്ങൾ പോലും പ്രസിദ്ധീകരിക്കപ്പെട്ടു.  ഇതു ഭൂരിഭാഗം വായനക്കാർക്കോ എഴുത്തുകാർക്കോ അറിയില്ലെന്നുള്ളതു പരദൂഷണത്തിൽ സമൂഹം അടിമപ്പെടുമ്പോൾ  ഉണ്ടാകുന്ന ശോചനീയാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഇരുനൂറോളം എഴുത്തുകാർ ഉള്ളതിൽ പ്രശസ്തരായ  എഴുത്തുകാരുടെ  നൂറിൽപരം രചനകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രസ്തുത പുസ്തകങ്ങൾ. മറ്റു എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള നിരൂപണങ്ങൾ പുസ്തകരൂപത്തിൽ ആയികൊണ്ടിരിക്കുന്നു.
നിരൂപണങ്ങൾ “പുറംചൊറിയലുകളോ, തെറിവിളികളോ” അല്ല എന്നു മനസ്സിലാക്കാൻ എഴുത്തുകാർക്ക് കഴിയാത്തതു ഒരു പക്ഷെ ഈ ലേഖനത്തിലെ തുടക്കത്തിൽ പറഞ്ഞ നമ്പൂതിരി ഫലിതം ആയിരിക്കാം “ആകെക്കൂടെ ഒന്നേ അറിയൂ”. അത് എം. കൃഷ്ണൻ നായർ.”

സാഹിത്യരചനകൾ ആസ്വദിക്കാനും വിലയിരുത്താനും വേണ്ടി നമ്മൾ ആശ്രയിക്കുന്ന നിയമങ്ങളെ സാഹിത്യസിദ്ധാന്തം എന്നു  വിളിക്കാം. നമ്മുടെ ഭാഷയിൽ കൃതികളെ വിലയിരുത്തുമ്പോൾ നമ്മൾ പാശ്ചാത്യരുടെ മാതൃകകൾ സ്വീകരിക്കാറുണ്ട്. ഇംഗളീഷ് സാഹിത്യത്തിൽ നിന്നും നമ്മൾ പ്രചോദനംകൊണ്ടു സ്വീകരിച്ച ചില നിരൂപണരീതികൾ ഹൃസ്വമായി ഇവിടെ പ്രതിപാദിക്കാം.
അനുകരണപരമായ : അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങളിൽ നിന്നാണ് ഇതു ഉണ്ടായത്. “സാഹിത്യസൃഷ്ടികൾ ഈ ലോകത്തിന്റെ അല്ലെങ്കിൽ മനുഷ്യജീവിതത്തിന്റെ പ്രതിനിധാനങ്ങളാണ് അല്ലെങ്കിൽ പകർപ്പുകളാണ്.”

പ്രാവർത്തികമായ : ഈ നിരൂപണം ഒരു സൃഷ്ടി വായനക്കാരിലുണ്ടാക്കുന്ന പ്രഭാവത്തെ അനുസരിച്ചാണ്. അതു  വിജയകരമാക്കിയോ എന്നു  ഈ രീതി വിധി കൽപ്പിക്കുന്നു
ഭാവപ്രകടനപരമായ : ഇതു കലാപരമായ ഒരു രചനയെ  പ്രാഥമികമായി സൃഷ്ടികർത്താവിന്റെ ഭാവനയുടെ, ആശയങ്ങളുടെ, വിശ്വാസങ്ങളുടെ, മൂല്യങ്ങളുടെ വികാരങ്ങളുടെ ആവിഷ്കാരമായി കാണുന്നു.

പദാർത്ഥനിഷ്ടമായ: ഇതു കലാപരമായ രചനകളെ സ്വയം ഉൾകൊള്ളുന്ന സ്വയം നിയന്ത്രിക്കാൻ കഴിവുള്ള ഒരു വസ്തുവായിട്ടാണ് കരുതുന്നതു. ഒരു സാഹിത്യസൃഷ്ടിയെ രചയിതാക്കളിൽ നിന്നും ശ്രോതാക്കളിൽ നിന്നും  വേറിട്ട് അതിനെ വിവരിക്കുന്നു.
ചരിത്രപരമായ: ഇതിനെ മികച്ച നിരൂപണം എന്നും വിശേഷിപ്പിക്കുന്നു.  പുരാതന മൂലഗ്രൻഥങ്ങളുടെ ഉത്ഭവം അന്വേഷിക്കുന്ന നിരൂപണശാഖയാണിത്. ഗ്രന്ഥ്ങ്ങൾ സ്വീകരിക്കുന്നയാളും ഗ്രന്ഥ കർത്താവിന്റെ ചരിത്രപരമായ സന്ദര്ഭങ്ങളും തമ്മിൽ ഒരു പുനർനിർമ്മാണം അത് സ്ഥാപിക്കുന്നു.

ധർമ്മോപദേശപരമായ: ഇതു ഒരു തത്വശാസ്ത്രമാണ്. അതായത് സാഹിത്യവും അതേപോലെയുള്ള മറ്റു കലകളും നിർദ്ദേശപരവും വിജ്ഞാനം പകരുന്നതുമാകണമെന്നു ഇതു ഉറപ്പിച്ച് പറയുന്നു. കലാപരമായ രചനകളെ ധാർമ്മികവും, സാന്മാര്ഗികവും, രാഷ്ട്രീയവുമായ വ്യവസ്ഥകൾ വച്ച് ഇത് വ്യാഖ്യാനം ചെയ്യുന്നു.
ജീവചരിത്രപരമായ: ഇതു ഒരു നിരൂപണശാഖയാണ്. ഇതിൽ ഒരു എഴുത്തുകാരന്റെ ജീവചരിത്രം അപഗ്രഥിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതവും രചനകളും തമ്മിലുള്ള ബന്ധം കാണിക്കുന്നു.
സാമൂഹ്യശാസ്ത്രപരമായ: സാഹിത്യത്തെ അതിന്റെ വലിയ സാമൂഹിക പശ്ചാത്തലത്തിൽ മനസ്സിലാക്കുന്നതിലേക്ക് നയിക്കുന്ന സാഹിത്യ വിമർശനമാണ് സാമൂഹ്യശാസ്ത്രപരമായ വിമർശനം.  സാമൂഹ്യശാസ്ത്ര രീതിശാസ്ത്രത്തിലൂടെ സാമൂഹിക നിർമിതികളെ പ്രതിനിധീകരിക്കുന്നതിന് ഉപയോഗിക്കുന്ന സാഹിത്യ തന്ത്രങ്ങളെ ഇത് ക്രോഡീകരിക്കുന്നു.

പിന്നെയുള്ള മാതൃകകളാണ് , മാതൃകാപരമായ,  മാനസികാപഗ്രഥനപരമായ, സ്ത്രീസ്വാതന്ത്രവാദപരമായ, മാർകിസസ്തേ സംബന്ധിച്ച,  അധിനിവേശാനന്തര, പരിസ്ഥിതി സംബന്ധമായ,  ഘടനാപരമായ, സൈദ്ധാന്തികമായ, ക്രിയാത്മകമായ. മൂലഗ്രന്ഥാനുസാരമായ, അനുഭവചിത്രീകരണമായ, ന്യായത്തീർപ്പ് പോലുള്ള നിരൂപണങ്ങൾ. ഇനിയും എണ്ണമറ്റ നിരൂപണരീതികൾ ഉണ്ട്. എന്നിട്ടാണ് പാവം അമേരിക്കൻ മലയാളി നിരൂപണത്തെ വെറും പുറം ചൊറിയൽ എന്നു പറഞ്ഞു നടക്കുന്നത്. ഓരോ മനുഷ്യരും പറയുന്നത് അവരുടെ അറിവും സംസ്കാരവുമാണെന്നു അറിയുക.
നിരൂപണത്തിൽ  രൂപഭദ്രതാവാദത്തിനു (formalism) പ്രാധാന്യം നൽകിയിരുന്നു. ഇതിൽ ഊന്നൽ നൽകിയിരുന്നത് വൃത്തം, അലങ്കാരം, വസ്തുനിഷ്ഠത എന്നിവയ്ക്കായിരുന്നു. എന്നാൽ പുതിയ നിരൂപണസിദ്ധാന്തം പ്രായോഗികതക്ക് പ്രാധാന്യം നൽകുന്നു. അതായത് സൂക്ഷ്മമായ വായനയും വിശദീകരണവും അതു ആവശ്യപ്പെടുന്നു. പുതിയ നിരൂപണ സിദ്ധാന്തം എന്ന പദം ഭാഷക്ക് നൽകിയത് J.E. Springarm ആണ്. അദ്ദേഹം കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഒരു പ്രഭാഷണം നടത്തവേ ആണ് (1910) ആണ് ഈ ആശയം നൽകിയത്.

അമേരിക്കൻമലയാള സാഹിത്യനിരൂപണങ്ങൾ പുതിയ വിമർശന  സിദ്ധാന്തം പിന്തുടരുന്നു. ഇവിടെ  രചിക്കപ്പെടുന്ന കൃതികളെ സശ്രദ്ധം വായിച്ച് നിരൂപകൻ കണ്ടെത്തുന്ന തത്വങ്ങളും കാല്പനിക ഭാവങ്ങളും സന്ദേശങ്ങളും വ്യാഖ്യാനവും നൽകുന്നു. വിദ്യാഭ്യാസക്കുറവും സാഹിത്യപരിചയവും ഇല്ലാത്ത കുറച്ചുപേർക്ക് ഇതൊക്കെ പുറം ചൊറിയൽ എന്ന് തോന്നുക സ്വാഭാവികം. അമേരിക്കൻ മലയാളസാഹിത്യം പൂർണ്ണ വളർച്ചയെത്തിയെന്നു മനസ്സിലാക്കാൻ ശ്രമിക്കാതെ സ്വയം എഴുത്തുകാർ എന്നു അറിയപ്പെടാൻ നാട്ടിലെ എഴുത്തുകാരുടെ രചനകളും തേടി അവിടത്തെ എഴുത്തുകാരെയും തേടിചിലർ തീർത്ഥയാത്ര നടത്തുന്നു. കയ്യിലുള്ള ദ്രവ്യത്തിന്റെ കിലുക്കവും, പ്രകാശവും, ഭാരവും അനുസരിച്ച് അവർക്ക് ദർശനം ലഭിക്കുമെങ്കിലും  പെട്ടെന്ന് നടയടക്കുമെന്നു ഈ പാവം ഭക്‌തർ അറിയുന്നില്ല, അങ്ങനെ കുറേപേർ നാട്ടിലെ ദൈവങ്ങൾ ഒഴിച്ചു കൊടുക്കുന്ന തീർത്ഥം കുടിച്ച് തൃപ്തരായി ഇവിടെ ഒന്നുമില്ലെന്നു ചിലമ്പുന്ന വാൾ എടുക്കുന്നു. ആ വാൾ എടുക്കുന്നവരെല്ലാം വെളിച്ചച്ചപ്പാടുകളായി സാഹിത്യത്തിന്റെ ചുടല നൃത്തം ചെയ്യുന്നു.
ഒരു കഥയോ, കവിതയോ വായിക്കുമ്പോൾ വായനക്കാരിൽ ഉളവാകുന്ന വികാരമായിരിക്കണമെന്നില്ല എഴുത്തുകാരൻ ഉദ്ദേശിച്ചിരിക്കുന്നത്. നിരൂപകൻ ഇതും രണ്ടും മനസ്സിലാക്കി അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ കുറിക്കുന്നു. ഇങ്ങനെയുള്ള നിരൂപണങ്ങൾ വായനക്കാരിൽ കൂടുതൽ അറിവ് പകരുകയും അവർ മൂലകൃതിയെ അടുത്തറിയുകയും, ആസ്വദിക്കുകയും ചെയ്യുന്നു.
അമേരിക്കൻ മലയാളികൾ എന്നു പൊതുവായിപ്പറയുകയാണ്‌ എല്ലാവരും നിരൂപണത്തെപ്പറ്റി അറിയാത്തവർ എന്നർത്ഥമില്ല. എന്നാൽ നാട്ടിലെ എഴുത്തുകാരെയും അവരുടെ രചനകളെയും ആദരിക്കാനും ചർച്ച ചെയ്യാനും പോകുമ്പോൾ അമേരിക്കൻ മലയാളസാഹിത്യം വളരുകയില്ലെന്നു ആരും മനസ്സിലാക്കുന്നില്ലെന്നത് ഒരു ദുഃഖ സത്യമാണ്. എന്താണ് പ്രതിവിധി? ഇവിടത്തെ എഴുത്തുകാരുടെ രചനകളെ നിഷ്പക്ഷം വിലയിരുത്തുക. എല്ലാവരും നിരൂപകരായാൽ, അവർക്ക് കൃതികൾ വിശകലനം ചെയ്യാനും, വിധിനിർണ്ണയം ചെയ്യാനും കഴിവില്ലാതിരുന്നാൽ അമേരിക്കൻ മലയാള സാഹിത്യം പുരോഗമിക്കുകയില്ല. ആരെങ്കിലും നാട്ടിൽപോയി പണം കൊടുത്ത് അവരുടെ കൃതികൾ പ്രകാശനം ചെയ്തു വരും. അതോടെ തീരുന്നു ആ കൃതിയുടെ ആയുസ്സ്. അതേസമയം അതെല്ലാം ഇവിടെ നടന്നാൽ  ഇവിടെ സാഹിത്യം വളരും. സാഹിത്യം വായിക്കപ്പെടേണ്ടതാണ്., ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതു നമ്മുടെ ഭാവനയെ വികസിപ്പിക്കുന്നു. കൃതികളെ വിശകലനം ചെയ്യാനുള്ള കഴിവ് നമുക്ക് ലഭിക്കുന്നു. അവനവൻ എഴുതിയത് മാത്രം വായിച്ച് കഴിയുന്ന എഴുത്തുകാർക്കും ഒന്നും വായിക്കാത്ത സമൂഹത്തിനും നിരൂപണം എന്തെന്നു അറിയാൻ വയ്യാതെ  അന്ധന്മാർ ആനയെ കണ്ടു വിവരിച്ചപോലെ അതേപ്പറ്റി പറയുന്നതു നിരർത്ഥകമായി തള്ളിക്കളയാനെങ്കിലും സഹൃദയസമൂഹത്തിനു സാധിക്കട്ടെ എന്നു ആശിക്കാം.

ശുഭം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular