Friday, May 3, 2024
HomeEditorialരണ്ടാം ലോക യുദ്ധത്തിനുശേഷം ഒരു യൂറോപ്യന്‍ രാജ്യം ആക്രമിക്കപ്പെടുന്നു

രണ്ടാം ലോക യുദ്ധത്തിനുശേഷം ഒരു യൂറോപ്യന്‍ രാജ്യം ആക്രമിക്കപ്പെടുന്നു

രണ്ട് ലോകമഹായുദ്ധങ്ങളുടെ ശവപ്പറമ്പായിരുന്ന യൂറോപ്പില്‍ വീണ്ടും ഒരു യുദ്ധം പൊട്ടിപ്പറപ്പെട്ടിരിക്കുകയാണ്. റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് തലസ്ഥാനമായ കീവിനെ കീഴടക്കുവാന്‍ തയ്യാറായി കൊണ്ടിരിക്കുകയാണ് ഇതെഴുതുമ്പോള്‍. കീവും യുക്രൈനും ഏതു നിമിഷവും വീഴാം. റഷ്യന്‍ പോര്‍ വിമാനങ്ങള്‍ ബോബുകളും മിസൈലുകളും യുക്രൈന്റെ വായുസേനാ കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും നഗരങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മഴപോലെ വര്‍ഷിക്കുകയാണ്. നഷ്ടം വ്യാപകമാണ്. മരണവും സ്വത്തുവകകളുടെ നാശവും നിമിഷങ്ങള്‍ തോറും കൂടിക്കൊണ്ടിരിക്കുന്നു.

ഇത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കുവാന്‍ ഇടയില്ലെങ്കിലും പഴയ ശീതയുദ്ധത്തിലേക്ക് ലോകത്തെ നയിച്ചേക്കാം. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകത്തെ ഈ യുദ്ധം തള്ളിയിടുകയില്ലെന്ന് ആശ്വസിക്കുവാന്‍ കാരണം അമേരിക്കയും റഷ്യയും നേരിട്ടുള്ള ഒരു യുദ്ധത്തിന് ഒരുമ്പെടുവാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാദ്ധ്യത ഇല്ല എന്നുള്ളതാണ്. പകരം റഷ്യക്ക് എതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നാറ്റോയും ഒരു സാമ്പത്തീക ലോകമഹായുദ്ധത്തിന് ഉപരോധങ്ങളിലൂടെ വഴിതെളിക്കുകയാണ്. ജി-7-0 റഷ്യക്കുമേല്‍ സാമ്പത്തീക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തില്‍ നേരിട്ട് യുക്രൈനോടൊപ്പം പങ്കെടുക്കുകയില്ലെന്ന് പ്രഖ്യാപിച്ചെങ്കില്‍ നാറ്റോയുടെ നൂറിലേറെ പോര്‍വിമാനങ്ങള്‍ യുദ്ധസന്നദധം ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി യുദ്ധപ്രഖ്യാപനം ഉണ്ടായ ഉടന്‍തന്നെ സംസാരിച്ചെങ്കിലും ഇതിനെ ഒരു അധിനിവേശമായി വിളിച്ച് അപലപിക്കുവാന്‍ തയ്യാറാകാത്തത് ഇന്‍ഡ്യയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഇടയില്‍ വിമര്‍ശനത്തിനിടയാക്കി. മോദി പുട്ടിനോട് യുക്രൈനില്‍ കുരുങ്ങികിടക്കുന്ന ഇരുപതിനായിരത്തിലേറെ ഇന്‍ഡ്യക്കാരുടെ, ഇവരില്‍ ഏറിയപങ്കും വിദ്യാര്‍ത്ഥികളാണ്, രക്ഷ ഉറപ്പു വരുത്തണമെന്നാണ് അഭ്യര്‍ത്ഥിച്ചത്.

എന്നാല്‍ എന്ത്കൊണ്ട് ഒരു യുദ്ധം അത്യാസന്നം ആണെന്ന് മാസങ്ങള്‍ക്കുമുമ്പുതന്നെ അറിയാമായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയെന്നും വിമര്‍ശനം ഉണ്ട്. ചൈനയും റഷ്യയുടെ നടപടിയെ അധിനിവേശം ആയി ചിത്രീകരിക്കുവാന്‍ വിസമ്മതിച്ചതും ശ്രദ്ധേയം ആയി. അതുപോലെതന്നെ ശ്രദ്ധേയം ആയത് യുദ്ധപ്രഖ്യാപനം ഉണ്ടായി മണിക്കൂറുകള്‍ക്കുളളില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മോസ്‌ക്കോയില്‍ എത്തി പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതാണ്. റഷ്യ-ചൈന-പാക്കിസ്ഥാന്‍ അച്ചുതണ്ടിന്റെ ഐക്യമത്യ പ്രഖ്യാപനമായും ഇതിനെ ചില നിരീക്ഷകര്‍ വ്യാഖ്യാനിക്കുകയുണ്ടായി. യുദ്ധം വ്യാപിക്കുകയാണ്. ബെലാരുസുവിന്റെ പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാസെങ്കൊ ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ സേന റഷ്യസേനയോടൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ലിഥനിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്ക അതിന്റെ യുദ്ധവിമാനങ്ങളായ എഫ്-35 ഏസ്തോണിയയെയും ലിഥുനിയയെയും ലക്ഷ്യമാക്കി നിലയുറപ്പിച്ചിരിക്കുകയാണ്. ജര്‍മ്മനിയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ റൊമേനിയയെ ഉന്നംവച്ച് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ യുക്രൈന്‍ സ്ഥാനപതി മോദിയോട് പുട്ടിനുമായി സംസാരിച്ചു യുദ്ധം ഒഴിവാക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.

യുദ്ധം കത്തിപ്പടരുകയാണ്. ഫെബ്രുവരി 24 അര്‍ദ്ധരാത്രിയില്‍ അമേരിക്കന്‍ രാഷ്ട്രപതി ജോ ബൈഡന്‍ ഒരു അടിയന്ത്രിര സന്ദേശം നല്‍കുമെന്ന് പറഞ്ഞിരുന്നത് ലോകം കാതുകൂര്‍പ്പിച്ച് കാത്തിരുന്നു. ചരിത്രം ഓര്‍മ്മയുള്ളവര്‍ 1962-ലെ ഒക്ടോബറിലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ ജോണ്‍ കെന്നഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതും റഷ്യക്കും ക്രൂഷ്ചേവിനും മിസൈല്‍ താവളങ്ങള്‍ ക്യൂബയില്‍ നിന്നും 24 മണിക്കൂറിനുള്ളില്‍ പൊളിച്ചുമാറ്റുവാനും അതല്ലെങ്കില്‍ ക്യൂബയെ അമേരിക്കന്‍ മിസൈലുകള്‍ കരീബിയന്‍ കടലില്‍ ഇടിച്ചു താഴ്ത്തുമെന്നും ഭാവിയില്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ ഇങ്ങനെ ഒരു രാജ്യത്തെക്കുറിച്ച് പഠിക്കേണ്ടിവരില്ലെന്നും മറ്റും അന്ത്യശാസനം നല്‍കിയത് ഫല്‍ഷ് ബാക്കിലൂടെ കണ്ടു. അങ്ങനെ ഒന്നും സംഭവിച്ചില്ല. ബൈഡന്‍ ചില കടുത്ത സാമ്പത്തീക ഉപരോധങ്ങള്‍ റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തി. പ്രതിസന്ധിരൂക്ഷമാവുകയാണ്.

ബൈഡന്‍ പറഞ്ഞു. പുട്ടിന്‍ കരുതികൂട്ടിയുള്ള ഒരു യുദ്ധം അടിച്ചേല്‍പിച്ചിരിക്കുകയാണ് യുക്രൈന്റെ മേല്‍. ഇതിന് ദൂരവ്യാപകമായ ഫലം ഉണ്ടാകും. മനുഷ്യന്‍ ഏറെ സഹിക്കേണ്ടിവരും.യാതനകള്‍ അനുഭവിക്കേണ്ടി വരും. റഷ്യ മാത്രം ആയിരിക്കും ഈ അരുംകൊലക്കും നശീകരണത്തിനും ഉത്തരവാദി. ലോകം റഷ്യയെ ഇതിന്റെ ഉത്തരവാദിയാക്കും.

സാമ്പത്തീക ഉപരോധവും നയതന്ത്ര ബഹിഷ്‌ക്കരണവും എല്ലാം മുന്‍കൂട്ടികണ്ടുകൊണ്ടും കണക്കുകൂട്ടിക്കൊണ്ടും ആയിരിക്കണം പുടിന്‍ ഈ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. അതുകൊണ്ട് അത് റഷ്യയെ അധികമായി ബാധിക്കുവാന്‍ സാധ്യതയില്ല. നയതന്ത്ര ബഹിഷ്‌ക്കരണം ഒക്കെ വെറും ഉമ്മാക്കി ആണെന്ന് പുട്ടിനെക്കാളിലും നന്നായിട്ട് അറിയാവുന്ന വേറെ ആരുണ്ട്? പുട്ടിനു വേണ്ടത് കിവിയില്‍ ഒരു ഭരണമാറ്റം ആണ്. അതു സാധിച്ചാല്‍ പുട്ടിന്‍ വിജയിച്ചു. ഭരണമാറ്റത്തിനുശേഷം ഒരു പാവസര്‍ക്കാരിനെ വാഴിച്ചതിനുശേഷം അദ്ദേഹം പിന്മാറുവാനാണ് സാദ്ധ്യത. കാരണം അദ്ദേഹം ആദ്യമെ തന്നെ പറയുകയുണ്ടായി ‘ഒക്യപേഷന്‍’ അദ്ദേഹത്തിന്റെ ലക്ഷ്യം അല്ലെന്ന്. പക്ഷേ, ഇതൊന്നും അത്ര എളുപ്പവും അല്ല.

ഏതായാലും ഈ അധിനിവേശത്തിനുശേഷം ലോകം ദൂരപ്യാപകമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകും. കോവിഡിനുശേഷം താങ്ങാനാവാത്ത ഒന്നായിരിക്കും അത്. ഇന്ധന വിലയും മറ്റും കുതിച്ചുകയറും. രാഷ്ട്രീയമായും സംഘര്‍ഷഭരിതമായിരിക്കും ആഗോളതലത്തില്‍. അമേരിക്ക റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തി സാമ്പത്തിക ഉപരോധം ഇന്‍ഡ്യയും റഷ്യയുമായിട്ടുള്ള സാമ്പത്തീക-സാങ്കേതിക ഇടപാടുകളെയും ബാധിച്ചേക്കാം. ഉദാഹരണായി എസ്-400 മിസൈലുകളുടെ വില്പന. ഇതില്‍ റഷ്യ മുടക്കം വരുത്തുകയില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ടെങ്കിലും കണ്ടറിയണം. ഇതുപോലെതന്നെ മറ്റ് ആയുധ ഇടപാടുകളും. നാണയപ്പെരുപ്പവും ഗ്യാസിന്റെ വിലവര്‍ദ്ധനവും ആഗോള വ്യാപകമായ സാമ്പത്തിക മാന്ദ്യവും പ്രതീക്ഷിക്കാം. കീപ്പ് പിടിച്ചെടുത്ത് ആധിപത്യം ഉറപ്പിക്കുന്നതോടെ റഷ്യ അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും നാറ്റോയെയും നിലക്കുനിറുത്തി ആഗോള മേധാവിത്വത്തിന് ആയിരിക്കും ഉന്നംവയ്ക്കുന്നത്.

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് അതിനെ കീഴക്കുവാന്‍ ദീര്‍ഘകാലമായി റഷ്യ തയ്യാറെടുക്കുകയായിരുന്നുവെന്നതില്‍ സംശയം ഇല്ല. ഇതിന് പല കാരണങ്ങള്‍ ഉണ്ട്. യുക്രൈനില്‍ നിന്നും നേരിടുന്ന സുരക്ഷാ ഭീഷണി. ഇത് പലരീതിയിലാണെന്ന് റഷ്യ പറയുന്നു. യുക്രൈനിലുള്ള റഷ്യന്‍ഭാഷസംസാരിക്കുന്നവരുടെ സുരക്ഷിതമില്ലായ്മയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ മുറവിളിയും. ഇങ്ങനെ രണ്ട് പ്രവശ്യകളെ റഷ്യ അധിനിവേശത്തിനുമുമ്പ് സ്വതന്ത്രമായി അംഗീകരിച്ചു.

നാറ്റോയില്‍ അംഗമാകുവാനുള്ള യുക്രൈന്റെ ശ്രമങ്ങളെയും റഷ്യ സ്വാഗതം ചെയ്തില്ല. കൂടാതെ യുക്രൈന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമായി അടുക്കുന്നതും റഷ്യക്ക് ഇഷ്ടമായിരുന്നില്ല. 2014-ല്‍ ക്രമിയ യുക്രൈില്‍ നിന്നും സ്വാതന്ത്ര്യംനേടി വിട്ടുപോയതും റഷ്യക്ക് പ്രോത്സാഹനമായി മറ്റ് രണ്ട് പ്രവശ്യകളെ മോചിപ്പിക്കുവാന്‍. യുക്രൈന്‍ ആണവായുധം കൈവശമാക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും റഷ്യ ഭയന്നു. സോവ്യറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ യുക്രൈന്റെ കയ്യില്‍ ആണവായുധം ഉണ്ടായിരുന്നു. ഈവക കാരണങ്ങളാല്‍ യുക്രൈനെ ഡിമിലിട്ടറൈസ് (നിരായുധീകരിക്കുവാന്‍ ) ചെയ്യുവാന്‍ റഷ്യ തീരുമാനിച്ചു. ഇതിന് റഷ്യക്ക് എന്ത് അവകാശം?

ഐക്യരാഷ്ട്രസഭ പതിവുപോലെ ഒരു പരാജയം ആയിനിലകൊണ്ട്. രക്ഷാസമതിയുടെ മീറ്റിംങ്ങുകള്‍ പലകുറികൂടി ഒരു ഫലവും കണ്ടില്ല.
റഷ്യയെ ഏററവും കൂടുതല്‍ ഭയപ്പെടുത്തുന്നത് നാറ്റോ ആണ്. അത് റഷ്യയുടെ വാതില്‍പ്പടിയില്‍ ഉണ്ട്. യുക്രൈന്‍ പുതിയ ഒരു അംഗം കൂടെ ആയാല്‍ കഥപൂര്‍ത്തിയായി. റഷ്യയുടെ പാവ ഗവണ്‍മെന്റ് കീവില്‍ വന്നാല്‍ അത് നാറ്റോ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ റദ്ദാക്കുകയും റഷ്യയുടെ ആ ഭയം ഇല്ലാതാവുകയും ചെയ്യു. മാത്രവുമല്ല അത് റഷ്യയും ബെലാരസും കസക്ക്സ്ഥാനും, കിര്‍ഗിസ്ഥാനും അര്‍മീനിയയയും തജക്കിസ്ഥാനും അടങ്ങിയ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷനില്‍ ചേരുകയും ചെയ്യും.
റഷ്യക്ക് പല കാരണങ്ങള്‍ ഉണ്ടാകാം യുക്രൈനെ ആക്രമിച്ചു കീഴടക്കുവാന്‍. പക്ഷേ, ഇത് അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധം ആണ്. അതുപോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നാറ്റോക്കും പല കാരണങ്ങള്‍ ഉണ്ടാകാം യുക്രൈനെ അവരുടെ രാഷ്ട്രീയ കരുവാക്കുവാന്‍. പക്ഷേ, അതും ഒരു സാമ്രാജിത്വ സംസ്‌ക്കാരം ആണ്. വ്യത്യസ്തമായ അധിനിവേശാവേശം ആണ്. ലോകമെമ്പാടും ഉള്ള യുവജനങ്ങള്‍ മോസ്‌ക്കോയില്‍ ഉള്‍പ്പെടെ ഈ റഷ്യന്‍ അധിനിവേശതതിനെതിരെ പ്രതിഷേധിക്കുന്നത് ഇതിന് ഉദാഹരണം ആണ്.
ഏതായാലും ദിവസം പുരോഗമിക്കുന്നതും യുദ്ധം ചുരുളഴിയുന്നതും അനുസരിച്ച് ലോകമഹായുദ്ധത്തിന്റെ ഭീതി ഒഴിയുന്നു. കാരണം അമേരിക്കയും യൂറോപ്യന്‍ യൂണിയനും നാററോയും യുക്രൈനെ കൈവെടിഞ്ഞു തല്‍ക്കാലം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular