Saturday, May 18, 2024
HomeEditorialഭാര്യയ്ക്ക് പകരം ഭാര്യ മാത്രം; കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല

ഭാര്യയ്ക്ക് പകരം ഭാര്യ മാത്രം; കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല

ഏതൊരു പുരുഷന്റെയും  ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഭാര്യയെ കിട്ടുക എന്നതാണ്, നല്ല  ഭാര്യ എന്നാൽ  കുറെ സമ്പത്തുള്ള ഭാര്യയെന്നല്ല മറിച്ചു സ്നേഹമുള്ള  ഭാര്യ എന്നതും.  ഭർത്താവിനെ അറിഞ്ഞു ജീവിക്കുന്ന  ഭാര്യ, അത് എല്ലാ പുരുഷൻ മാരുടെയും ആഗ്രഹവും  അഭിലാഷവും  ആയിരിക്കും.

തളരുമ്പോൾ ഒന്നു തലചായ്ക്കാൻ , ആഹ്ലാദത്തിനൊപ്പം ഒന്നു ചിരിക്കാൻ, കരയുമ്പോൾ ഒന്നു സാന്ത്വനിപ്പിക്കാൻ, വീണുപോകുമ്പോൾ ചേർത്ത് നിർത്താൻ, കിതയ്ക്കുമ്പോൾ ഒന്നു തലോടാൻ അതിന് ഒരാൾ വേണം. അച്ഛനമ്മമാർക്കോ സഹോദരീസഹോദരൻമാർക്കോ കഴിയുന്നതിനുമപ്പുറത്ത് അല്ലെങ്കിൽ രക്തബന്ധത്തിന്റെ നേർത്ത നൂലിഴകളില്ലാത്ത, അതിരുകൾ കടന്നെത്തുന്ന ഒരു ബന്ധം.  മകൻ വളർന്നു കഴിയുമ്പോൾ അമ്മയ്ക്കും മകൾ വളർന്നു കഴിയുമ്പോൾ അച്ഛനും പരിമിതികളുണ്ട്. എന്നാൽ പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരെ ഒരു ബന്ധം  ദാമ്പത്യമാണ്. വിധിയുടെ പരീക്ഷണത്തിൽ  ഇങ്ങനെ ഒരാൾ ഉണ്ടാവുക എന്നത് ജീവിത സുകൃതമാണ്.

എന്റെ ഒരു സുഹൃത്തിന്റെ  ജീവിത അനുഭവത്തിൽ നിന്നും   “ഭാര്യ ഉണ്ടായിരുന്നുങ്കിൽ” എന്ന ആത്മഗതം പലപ്പോഴും കേൾക്കാൻ   ഇടയായിട്ടുണ്ട്. അയാളുടെ   ദുരവസ്ഥ ഹൃദയഭേദകമാണ്  എന്ന്  പലപ്പോഴും അയാളുടെ വാക്കുകളിലൂടെ   മനസിലാക്കിയിട്ടുണ്ട്. ആ  സുഹൃത്തിന്റെ അനുഭവ കഥയിൽനിന്നും:

ഭാര്യ മരിച്ച ഒരുമാസത്തിന്  ശേഷം അച്ഛനെ വീതംവെക്കാൻ രണ്ട്  മക്കളും കൂടെ തീരുമാനിക്കുന്നു,  ആറുമാസം  ഒരാളുടെ കൂടെയും മറ്റു ആറുമാസം അടുത്ത ആളിന്റെ കൂടെയും. അച്ചന്റെ അൻപതിനായിരം  രൂപയോളം വരുന്ന  പെൻഷൻ അതാത്  മാസം കൂടെ താമസിക്കുന്ന മകന്  കൊടുക്കണം. ഒരു വർഷത്തോളം കാര്യങ്ങൾ വലിയ കുഴപ്പം ഇല്ലാതെ കടന്ന് പോയി. പിന്നെ പിന്നെ  ഈ  കാരണവർ ആർക്കും വേണ്ടാത്തവനായി. ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കുന്നത് മരുമകളുടെ  സ്ഥിരം കലാപരിപാടിയായി.

ആറുമാസം കഴിഞ്ഞു അവിടെന്ന്  രക്ഷപെട്ട്  മറ്റേ മകന്റെ വീട്ടിലേക്ക്‌ ചെന്നപ്പോഴക്കും അവിടെയും ഇതേ കലാപരിപാടികൾ  ആവർത്തിക്കുന്നു. പന്തം പേടിച്ച് പന്തളത്തു  ചെന്നപ്പോൾ  പന്തം കൊളുത്തി പട എന്ന് പറഞ്ഞുപോലെയായി . മരുമക്കൾ തമ്മിലുള്ള ഐക്യം  അവിടെയും പ്രകടമായിരുന്നു. മക്കൾക്ക്  അച്ഛനോട് വളരെ സ്നേഹമാണ്. പക്ഷേ അവർക്ക്  ഭാര്യമാരെ അനുസരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. ദോഷം പറയരുതല്ലോ, കാരണവരുടെ  പെൻഷൻ വളരെ താല്പര്യത്തോടെ  മക്കളും മരുമക്കളും കുടി  എടുത്തിരുന്നു.

ഇണയെ നഷ്‌ടപ്പെട്ട  ഭാര്യ-ഭർത്താക്കന്മാർ  അനുഭവിക്കുന്ന  മാനസിക സംഘർഷങ്ങൾ  അത് അനുഭവിക്കുന്നവർക്ക് മാത്രമേ  മനസിലാവുകയുള്ളു . മക്കൾക്ക് അച്ഛനമ്മമാരോട് വളരെ സ്നേഹമായിരിക്കും. പക്ഷേ  അവരവരുടെ ഇണയിൽ നിന്നും ലഭിക്കുന്ന സ്നേഹവും കരുതലും, ലാളനയും  മറ്റാരിൽനിന്നും ലഭിക്കുന്നതിലും അധികമാണ്. ഭാര്യാഭർത്താക്കൻമാർ  തമ്മിൽ വഴക്കും , ചെറിയ ചെറിയ  പിണക്കങ്ങളും  സാധാരണയാണ്. അതിന്‌  മണിക്കൂറുകളുടെ  ആയുസ് മാത്രമേയുള്ളു അല്ലെങ്കിൽ  ദിവസങ്ങൾ .    അതിന്   ശേഷം അവരുടെ പ്രണയം വീണ്ടും പഴയതിലും ശക്തിയാവുകയാണ് .  അതാണ് ഭാര്യഭർത്താക്കൻമാർ തമ്മിലുള്ള ബന്ധം.

വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും സംസ്ക്കാരങ്ങളില്‍ നിന്നും വരുന്നവര്‍ ദാമ്പത്യത്തില്‍ ഒന്നിക്കുമ്പോള്‍ ഭിന്നതകൾ  സ്വാഭാവികമാണ്. ദാമ്പത്യത്തില്‍ ആദ്യത്തെ ഏതാനും നാളുകളില്‍ പരസ്പരം അറിയാനോ മനസ്സിലാക്കാനോ സാധിക്കില്ല.  പരസ്പരം അറിഞ്ഞും പങ്കുവച്ചും വളരുന്ന ദമ്പതികള്‍ ആത്മബന്ധത്തില്‍ ഒന്നാകുമ്പോള്‍ വൈകാരികമായും ശാരീരികമായും ആത്മീയമായും ദൃഢതരമായ ഒരു ബന്ധത്തിലേക്ക് അവര്‍ വളരുന്നു.

വിവാഹം ഒരുവന്‍ തന്‍റെ ഇഷ്ടത്തിനു തിരഞ്ഞെടുക്കുന്ന ഒരു ബന്ധം മാത്രമല്ല. ആ തിരഞ്ഞെടുപ്പില്‍ ദൈവികമായ ഇടപെടല്‍ ഉണ്ടെന്നുള്ള വിശ്വാസം വേണം. അപ്പോള്‍ പോരായ്മകളെക്കുറിച്ചും ദാമ്പത്യത്തിലെ പ്രതിസന്ധികളെക്കുറിച്ചുമൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടു തുറന്നു കിട്ടും. ഭാര്യയുടെ നന്മ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ നന്മ ഭാര്യയ്ക്കും ഗുണകരമായി ഭവിക്കും. ജീവിതത്തിൽ എത്രയധികം വെല്ലുവിളികൾ നേരിടേണ്ടി വന്നാലും, പരസ്പര  പിന്തുണ ഒപ്പമുണ്ടെങ്കിൽ നമുക്ക് അവയെല്ലാം എളുപ്പത്തിൽ നേരിടാൻ കഴിയും.

ഒരുപക്ഷേ ഈ ലോകത്തിലെ ഏറ്റവും ദാരുണമായ അനുഭവങ്ങളിൽ ഒന്നാണ് നിരന്തരം കൊമ്പുകോർക്കുന്ന ഭാര്യയും ഭർത്താവും. ഈ കൊമ്പുകോർക്കൽ വല്ലപ്പോഴും ഏത് ഭാര്യാ ഭർത്താക്കന്മാർ തമ്മിലും ഉണ്ടാകും. അതിൽ അസാധാരണമായി ഒന്നുമില്ല. രണ്ടുപേരുടെയും പ്ര ത്യേകതകളും മാനസിക അവസ്ഥയും കാഴ്ചപ്പാടുകളുമെല്ലാം അതിന് കാരണമാകാം. എന്നാൽ നിരന്തരം വഴക്കടിക്കുന്ന ദമ്പതികളുടെ കാര്യമോ? ഇത്തരം വഴക്ക് ഉണ്ടാകുന്നതിന് കാരണം ഭർത്താവിന്റെ കുറ്റമോ  ഭാര്യയുടെ കുറ്റമോ  ആകാം. ചിലപ്പോൾ രണ്ടുപേരും കാരണക്കാർ ആയെന്നു വരാം.

വിവാഹ ജീവിതത്തെ കുറിച്ച് ഏവര്‍ക്കുമുണ്ടാകും കുറെ പ്രതീക്ഷകളും മോഹങ്ങളും സ്വപനങ്ങളും സങ്കല്‍പങ്ങളും മനക്കോട്ടകളും . അതൊക്കെ അതിരുകളില്ലാത്ത കാര്യങ്ങളാണ്. ആകാശം മുട്ടെ ആര്‍ക്കുവേണമെങ്കിലും നെയ്തുകൂട്ടാവുന്നതേയുള്ളൂ. സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നതോടൊപ്പം തന്നെ കാലാവസ്ഥ അനുകൂലമായാലും പ്രതികൂലമായാലും അതിനെയൊക്കെ അനായാസം തരണം ചെയ്യാനുള്ള തയ്യാറെടുപ്പും ദമ്പതികള്‍ക്കുണ്ടായെങ്കിലേ ദാമ്പത്യം വിജയകരമാക്കൻ  കഴിയു.

പെർഫെക്റ്റ് അഥവാ പരിപൂർണ്ണത എന്നൊന്ന് വിവാഹ ജീവിതത്തിൽ ഇല്ല. ഓരോരുത്തർക്കും അവരുടേതായ കാഴ്ചപാടുകളും  നൊമ്പരങ്ങളുണ്ട്. പരസ്പരം ക്ഷമിച്ചും സഹായിച്ചും മുന്നോട്ട് പോവുക എന്നതാണ്  പരമപ്രാധന്യം. തമ്മിലുള്ള വിശ്വാസവും സ്നേഹവുമാണ് ഏതൊരു  ദാമ്പത്യത്തിൻ്റെയും അടിസ്ഥാനം.

“പറയാൻ കഴിയുന്ന കുറച്ച് നല്ല വാക്കുകൾ കൊണ്ട് ഭാര്യഭർത്താക്കന്മാർക്കിടയിൽ പുതിയൊരു ലോകം തന്നെ സൃഷ്ടിച്ചെടുക്കാൻ കഴിയും”. ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യം!! പ്രണയമാണ്  അതിന്റെ ഭാഷ!! സ്നേഹമാണ് അതിന്റെ അലങ്കാരം!! ത്യാഗമാണ് അതിന്റെ സൌകുമാര്യം!! വിട്ടു വീഴ്ചയാണ് അതിന്റെ അര്‍ഥം!! പരസ്പര ബഹുമാനമാണ് അതിന്റെ ആശയം!!  “സ്നേഹം ആണ് ഏവർക്കും വേണ്ടത്”  അത് തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനവും.

എല്ലാ മനസുകളിലും സ്നേഹം ഉണ്ട്  . പക്ഷേ അത് പ്രകടിപ്പിക്കുന്നതിലാണ് ഏറ്റക്കുറച്ചില്‍ ഉള്ളത് . ഒന്നുകില്‍ പ്രകടിപ്പിക്കാന്‍ അറിയില്ല, അല്ലെങ്കില്‍ പിശുക്ക് കാണിക്കുന്നു. അതുമല്ലെങ്കില്‍ ഉള്ളിലുണ്ടായാല്‍പോലും   പുറമേ കാണിക്കുന്നില്ല. സത്യം പറഞ്ഞാല്‍ ഈ കഴിവുകേടാണ് സ്വര്‍ഗ്ഗമാകേണ്ട പല വീടുകളും നരകമാക്കുന്നത്.

ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിൽ നമ്മൾ എന്തുകൊണ്ട് സ്വരച്ചേർച്ച ഉണ്ടാകുന്നില്ല എന്നതിൽ ചർച്ച നടന്നു. ഭാര്യക്കും ഭർത്താവിനും പരസ്പരം ഇഷ്‌ടമല്ലാത്ത കാര്യങ്ങൾ ചെയ്യെണ്ട  എന്ന് അവർ തീരുമാനിച്ചു.  പരസ്പരം   ഇഷ്‌ടമല്ലാത്ത കാര്യങ്ങൾ ഒരു പേപ്പറിൽ എഴുതുക,    അത് പ്രവർത്തിക്കതിരിക്കുക. രണ്ടു പേരും അത് അംഗീകരിച്ചു.   ഒരു പേപ്പറിൽ രണ്ടു പേരും എഴുതി , ഭാര്യ പറഞ്ഞു നിങ്ങൾ തന്നെ ആവട്ടെ ആദ്യം വായിക്കുന്നത്. അയാൾ  വായന തുടങ്ങി. നന്നേ ചെറിയ കാര്യങ്ങള്‍ പോലും അയാളെഴുതിയിരിക്കുന്നു. അവൾ  എല്ലാം കേട്ടിരിക്കുന്നു. ഒടുവില്‍ അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞു അവള്‍ പറഞ്ഞു . ഞാൻ എല്ലാം സമ്മതിച്ചിരിക്കുന്നു .

ഇനി നിങ്ങൾ ഇത്കൂടെ  വായിക്കൂ. അവൾ  നാലായി മടക്കിയ കടലാസ്  എടുത്ത് അവന് കൊടുത്തു .
തുറന്നു നോക്കുമ്പോള്‍ അയാൾ  അദ്ഭുതപ്പെട്ടു. കടലാസ് ശൂന്യമായിരുന്നു!!  ഒന്നും എഴുതിയിട്ടില്ല.
അവൻ  ഒന്നും മനസ്സിലാവാതെ അവളുടെ   മുഖത്തേക്ക് നോക്കി!! ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു : “നിങ്ങളുടെ  ഗുണങ്ങളെ പോലെ തന്നെ  എല്ലാ അപാകതയും എനിക്ക് ഇഷ്ടമാണ്.  നിങ്ങളെ കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല”. ഒരു ഭർത്താവിന് ഇതിൽ കൂടുതൽ എന്താണ് വേണ്ടത് ?

എന്റെ ജീവിതത്തിലും ഇങ്ങനെ  ഒരു കുടുംബിനി   ഉണ്ടായിരുന്നു. ഞാൻ കണ്ട ഏറ്റവും നല്ല സ്ത്രീയായിരുന്നു  എന്റെ ഭാര്യ. ദൈവം പോലും തോറ്റു പോയിട്ടുണ്ടാവും ഞങ്ങളുടെ  സ്നേഹത്തിന് മുൻപിൽ. അവളുടെ  മിഴികളുടെ ആ നോട്ടവും .. ആ  ചിരിയിൽ ഉള്ള  കുസൃതിയും ..  പിണങ്ങുമ്പോൾ ഉള്ള ആ മുഖം… അതൊന്നും  അവസാന ശ്വാസം വരെ മറക്കാൻ കഴിയില്ല . പോയ കാലം ഒരുപാട് മനോഹര നിമിഷങ്ങൾ കൊണ്ട് ധന്യമായിരുന്നു  എന്റെ ജീവിതം .

“ഭാര്യക്ക് പകരം ഭാര്യ മാത്രം , അവർ ഉള്ളപ്പോൾ നാം അവരുടെ വില അറിയില്ല”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular