Saturday, May 18, 2024
HomeUSAഅമേരിക്ക ഉക്രെയ്ന്‍ ജനതയ്‌ക്കൊപ്പം ; റഷ്യന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രസിഡന്റ് ബൈഡന്‍

അമേരിക്ക ഉക്രെയ്ന്‍ ജനതയ്‌ക്കൊപ്പം ; റഷ്യന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രസിഡന്റ് ബൈഡന്‍

വാഷിങ്ടന്‍: അമേരിക്ക ഉക്രൈന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രസിഡന്റ് ജോ  ബൈഡൻ .

പ്രകോപനമില്ലാതെയാണ് റഷ്യ ഉക്രൈനെതിരെ ആക്രമണം നടത്തിയത്. പുടിന്റെ കണക്കുകൂട്ടല്‍ തെറ്റി. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിച്ച പുടിന്‍ ഒറ്റപ്പെട്ടുവെന്ന്   യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബൈഡൻ  പറഞ്ഞു.   റഷ്യന്‍ ആക്രമണത്തെ ബൈഡന്‍    തന്റെ സ്റ്റേറ്റ് ഓഫ് യൂണിയന്‍   പ്രസംഗത്തില്‍ ശക്തമായി അപലപിച്ചു.

എന്നാല്‍ യുക്രൈന്റെ മണ്ണില്‍ അമേരിക്കന്‍ സൈന്യം റഷ്യയുമായി ഏറ്റുമുട്ടല്‍ നടത്തില്ലെന്നും കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍, യുക്രൈനെതിരെ ആസൂത്രിതവും പ്രകോപനരഹിതവുമായ യുദ്ധം നടത്തിയെന്ന് ആരോപിച്ച ബൈഡന്‍, റഷ്യ ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ അമേരിക്ക തയ്യാറാണെന്നും പറഞ്ഞു .

യുക്രെയ്‌നുള്ള പിന്തുണയും സഹായവും തുടരും. യുക്രെയ്ന്‍ പ്രതിനിധിയെ സഭയിലിരുത്തി, കരഘോഷങ്ങൾക്കിടെയാണ് അമേരിക്ക യുക്രെയ്‌നൊപ്പമാണെന്ന് ബൈഡന്‍  പറഞ്ഞത്. യുക്രെയെന്‍ ജനതയ്‌ക്കൊപ്പം ലോക മനസാക്ഷിയും യൂറോപ്പും, പടിഞ്ഞാറന്‍ രാജ്യങ്ങളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

‘പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും പ്രതികരിക്കില്ലെന്ന് പുടിന്‍ കരുതി. എന്നാല്‍ പുടിന് തെറ്റി’ റഷ്യന്‍ ആക്രമണത്തില്‍ ഉക്രൈന്‍ ജനത കരുത്ത കോട്ടയായി നിലയുറപ്പിച്ചു. ലോകരാജ്യങ്ങല്‍ ഉപരോധം കടുപ്പിച്ചതോടെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഒറ്റപ്പെട്ടു. ഉക്രൈന് സഹായം നല്‍കുന്നത് അമേരിക്ക തുടരും. നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാന്‍ അമേരിക്ക മുന്നില്‍ നില്‍ക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി.

വ്‌ളാഡിമിര്‍ പുടിനെ സ്വേച്ഛാധിപതിയെന്ന് വിമര്‍ശിച്ച ബൈഡന്‍, ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള പോരാട്ടത്തില്‍, ജനാധിപത്യം ഈ നിമിഷം വരെ ഉയരുകയാണെന്ന് പറഞ്ഞു. ലോകം സമാധാനത്തിന്റെയും സുരക്ഷയുടെയും വശത്തിനൊപ്പമാണ് നില്‍ക്കുന്നത്.

ഇതിനെല്ലാം ഉള്ള ശിക്ഷയായും സാമ്പത്തിക ഉപരോധമായും എന്തെല്ലാമാണ് വരാനിരിക്കുന്നതെന്ന് പുടിന്‍ അറിയുന്നില്ലെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ്   പ്രസിഡന്റിന്റെ പരാമര്‍ശം. മുന്നറിയിപ്പുകളെയൊന്നും വകവയ്ക്കാതെ റഷ്യ യുക്രൈനില്‍ കനത്ത ആക്രമണം തുടരുകയാണ്. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധിയാളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തത്.

റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കിവ് ആക്രമിച്ചു കീഴടക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന വാര്‍ത്തയും പുറത്തുവരുന്നു. 2014-ല്‍ റഷ്യ പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയുടെ വടക്ക് ഭാഗത്തുള്ള കെര്‍സണിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

‘യുദ്ധഭൂമിയില്‍ റഷ്യയ്ക്കു നേട്ടമുണ്ടാക്കാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുടിന് വലിയ വില നല്‍കേണ്ടിവരും,’ ബൈഡന്‍  പ്രസംഗത്തില്‍ പറഞ്ഞു.

ബൈഡന്റെ പ്രസംഗത്തെ നിറഞ്ഞ കയ്യടികളോടെയാണ് സഭാംഗങ്ങള്‍ ഏറ്റെടുത്തത്. അവരില്‍ പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുക്രേനിയന്‍ പതാക വീശി. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗര്‍ലഭ്യം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കാരണം കിയവ് ആക്രമിച്ചു കീഴടക്കുകയെന്ന റഷ്യന്‍ സേനയുടെ ലക്ഷ്യം സ്തംഭനാവസ്ഥയിലാണെന്ന് മുതിര്‍ന്ന യു.എസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ വിമാനങ്ങള്‍ നിരോധിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular