Friday, May 3, 2024
HomeIndiaവിദ്യാഭാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തി കര്‍ണ്ണാടക ഹൈക്കോടതി

വിദ്യാഭാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തി കര്‍ണ്ണാടക ഹൈക്കോടതി

കര്‍ണ്ണാടകയില്‍ ഏറെ വിവാദമായ ഹിജാബ് വിഷയത്തില്‍ നിര്‍ണ്ണായക വിധിയുമായി കര്‍ണ്ണാടക ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഹിജാബ് മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ലെന്നും കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തില്‍ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ഹിജാബ് നിരോധനം മൗലീകാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഒരു സംഘം വിദ്യാര്‍ത്ഥികളായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. വിവിധ മതസംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. 11 ദിവസം വാദം കേട്ട ശേഷമാണ് കോടതി ഈ വിഷയത്തില്‍ വിധി പറഞ്ഞത്. യൂണിഫോം നിര്‍ബന്ധമാക്കുന്നതിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്നും സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചും ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.

ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കര്‍ണാടക ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ സര്‍ക്കാരിന് ഉറച്ച നിലപാട് തുടരാം. ഹൈക്കോടതി വിധി എതിരായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ ഇക്കാര്യത്തില്‍ ഇനിയും നിയമപോരാട്ടം തുടരുമെന്നുറപ്പ് .

വിധിയില്‍ പ്രതികരണവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി. കുട്ടികളോട് ഇനി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബസവരാജ് ബൊമ്മെ നിര്‍ദ്ദേശിച്ചു.
ഹിജാബ് ഒരു മതപരമായ ആചാരമല്ലായിരുന്നുവെന്നും  ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിഷയമായിരുന്നു എന്നും വിദ്യാഭ്യാസത്തേക്കാള്‍ പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്നും ബൊമ്മൈ പറഞ്ഞു.

വിദ്യാഭ്യാസമാണ് പ്രധാനം. കുട്ടികള്‍ ആരും പരീക്ഷ ബഹിഷ്‌കരിക്കുകയോ, പുറത്ത് നില്‍ക്കുകയോ ചെയ്യരുത്. പരീക്ഷയെഴുതി നിങ്ങളുടെ ഭാവി രൂപപ്പെടുത്തണം. ഉത്തരവ് അംഗീകരിച്ച് വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാവിക്ക് പ്രാധാന്യം നല്‍കണം മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബൊമ്മൈ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണ്ണാടക സര്‍ക്കാര്‍ നടപടിയെ കര്‍ണ്ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ച് ശരിവച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്നു വരാനുള്ള ഒരു അവസരമായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ  ഹിജാബ് വിലക്കിനെ അനകൂലിച്ച് കേരളാ ഗവര്‍ണ്ണര്‍ രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു.

ഇന്ന് വിധി വന്ന ഉടനെയായിരുന്നു ഈ വിധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഗവര്‍ണ്ണറുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular