Wednesday, June 26, 2024
HomeUSAപുട്ടിൻ യുദ്ധക്കുറ്റവാളിയെന്നു ബൈഡൻ

പുട്ടിൻ യുദ്ധക്കുറ്റവാളിയെന്നു ബൈഡൻ

യുക്രൈനിൽ ആശുപത്രികൾ വരെ ബോംബിട്ടു തകർക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമീർ പുട്ടിനെ യുദ്ധക്കുറ്റവാളിയെന്നു യു എസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ കരിനിഴൽ വീണു. റഷ്യൻ ആക്രമണവും അധിനിവേശവും ആരംഭിച്ച ശേഷമുള്ള ബൈഡന്റെ ഏറ്റവും രൂക്ഷമായ പ്രസ്താവനയാണ് ബുധനാഴ്ച്ച ഉണ്ടായത്.
വൈറ്റ് ഹൗസിൽ ഒരു റിപോർട്ടറുടെ ചോദ്യത്തിനു മറുപടിയായാണ് ബൈഡൻ ഇങ്ങിനെ പ്രതികരിച്ചത്. അദ്ദേഹം ഹൃദയത്തിൽ നിന്നാണ് സംസാരിച്ചതെന്നു വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.
ബൈഡന്റെ വിശേഷണം അസ്വീകാര്യമാണെന്നു റഷ്യ ഉടൻ പ്രതികരിച്ചു.
പുട്ടിനെ യുദ്ധക്കുറ്റവാളി എന്ന് വിളിക്കുമോ എന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ ബൈഡൻ ആദ്യം ‘ഇല്ല’ എന്നാണ്.
പക്ഷെ ചോദ്യം ആവർത്തിച്ചപ്പോൾ അദ്ദേഹം അത് തിരുത്തി പറഞ്ഞു: “അതേ …. അദ്ദേഹം യുദ്ധക്കുറ്റവാളി ആണെന്ന് ഞാൻ വിശ്വസിക്കുന്നു.”
ആശുപത്രികളിൽ ബോംബുകൾ വർഷിച്ച റഷ്യ ഡോക്ടർമാരെ ബന്ദികളാക്കി എന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. മറിയുപോളിലെ ഏറ്റവും വലിയ ആശുപത്രിയിൽ അത് സംഭവിച്ചു.
യുക്രൈനിൽ റഷ്യ അഴിച്ചു വിട്ട പ്രാകൃതമായ അക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ട ശേഷമാണു പ്രസിഡന്റിന്റെ ഹൃദയത്തിൽ നിന്ന് ആ അഭിപ്രായം ഉയർന്നു വന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. യുദ്ധക്കുറ്റങ്ങൾ കണ്ടെത്താനുള്ള സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി. ഇത്തരം അന്വേഷണം ആവശ്യമാണെന്നു വൈസ് പ്രസിഡന്റ് കമല ഹാരിസ് കഴിഞ്ഞ ദിവസം പോളണ്ടിൽ പറഞ്ഞിരുന്നു.
ബൈഡന്റെ ഔദ്യോഗിക ട്വിറ്റെർ ഹാൻഡ്‌ലിൽ ഇങ്ങിനെ കാണാം: “പുട്ടിൻ യുക്രൈന്റെ മേൽ അചിന്ത്യമായ നാശം അടിച്ചേല്പിക്കയാണ്. പാർപ്പിട സമുച്ചയങ്ങൾ ബോംബിട്ടു തകർക്കുന്നു. മറ്റേർണിറ്റി വാർഡുകളും. ഇതൊക്കെ അതിക്രമങ്ങളാണ്. ലോകത്തോടുള്ള അതിക്രമങ്ങൾ.”
ബൈഡന്റെ പ്രസ്‌താവന ‘അസ്വീകാര്യവും മാപ്പു അർഹിക്കാത്തതും’ ആണെന്ന് ക്രെംലിൻ പറഞ്ഞു. “ലോകവ്യാപകമായി ആയിരങ്ങളെ ബോംബിട്ടു കൊന്ന ഒരു രാജ്യത്തിൻറെ തലവൻ പറയുന്ന ഈ ഭാഷ അസ്വീകാര്യവും മാപ്പ് അർഹിക്കാത്തതും ആണ്,” പുട്ടിന്റെ വക്താവ് ദിമിത്രി പേസ്‌കോവ് പറഞ്ഞു.
ബുധനാഴ്ച്ച റഷ്യ ബോംബിട്ടു പൊടിയാക്കിയ മറിയുപോളിലെ തിയറ്ററിൽ 1,200 പേർ അഭയം തേടിയിരുന്നു എന്ന് യുക്രൈൻ പറഞ്ഞു. അക്കാര്യം അറിഞ്ഞുകൊണ്ടു തന്നെ റഷ്യ ആക്രമണം നടത്തിയതാണ്.
“ബോംബ് വീണ് തിയറ്ററിന്റെ മധ്യ ഭാഗം പൊടിയായി. നിരവധി പേർ അവിടെ അവശിഷ്ട്ങ്ങൾക്കടിയിൽ കുഴിച്ചു മൂടപ്പെട്ടു,” യുക്രൈൻ വിദേശകാര്യ വകുപ്പ് പറഞ്ഞു. “ഷെല്ലിങ് തുടരുന്നതിനാൽ കൃത്യമായി എത്ര പേര് ഇരകളായി എന്ന് കണക്കെടുക്കാൻ കഴിയുന്നില്ല.”
റഷ്യ പഴയ കാലത്തേ പോലെ സമഗ്ര നശീകരണ ആയുധങ്ങൾ പ്രയോഗിക്കയാണെന്നു ബ്രിട്ടീഷ് ഗവൺമെന്റ് ആരോപിച്ചു.
യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സിലെൻസ്കി (ചിത്രം) വിഡിയോയിൽ യു എസ് കോൺഗ്രസിനോടു സംസാരിച്ച ശേഷം ബൈഡൻ 100 കോടി ഡോളറിന്റെ ആയുധങ്ങൾ കൂടി യുക്രൈന് നല്കാൻ അനുമതി നൽകി.
അതേ സമയം റഷ്യയിലെ രാജ്യദ്രോഹികളെ ഉപയോഗിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ നുണകൾ പ്രചരിപ്പിച്ചു റഷ്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കയാണെന്നു പുടിൻ ആരോപിച്ചു.
യു എൻ കണക്കുകൾ അനുസരിച്ചു 30 ലക്ഷം പേർ യുക്രൈൻ വിട്ടു പലായനം ചെയ്‌തിട്ടുണ്ട്‌.
RELATED ARTICLES

STORIES

Most Popular