Friday, May 3, 2024
HomeKeralaമഹാരാജാസ് കോളജ് സ്റ്റേഡിയം: വാടക കുടിശ്ശിക 1.38 കോടി

മഹാരാജാസ് കോളജ് സ്റ്റേഡിയം: വാടക കുടിശ്ശിക 1.38 കോടി

കൊച്ചി: വേണ്ടത്ര സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ കടമുറികളില്‍നിന്ന് വാടകയിനത്തില്‍ കിട്ടാനുള്ളത് ഒന്നര ക്കോടിയോളം രൂപ.

സ്റ്റേഡിയത്തി‍െന്‍റ പവിലിയനിലെ വ്യാപാരകേന്ദ്രങ്ങളില്‍നിന്നാണ് 1.38 കോടി രൂപ കോളജിന് കിട്ടാനുള്ളത്. സ്റ്റേഡിയം പവിലിയനിലെ 14 കടമുറികളില്‍ 13 എണ്ണവും വാടകക്ക് നല്‍കിയിരിക്കുകയാണ്. ഇവരെല്ലാംതന്നെ വന്‍ തുക കുടിശ്ശിക വരുത്തിയവരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. കോളജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും താല്‍ക്കാലിക ജീവനക്കാരുടെ വേതനം നല്‍കുന്നതിനുമായി ഉപയോഗിക്കുന്ന തുകയാണിത്.

15 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തിയവര്‍ മുതല്‍ 8000 രൂപ കുടിശ്ശിക ഉള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 14.94 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന വാടക കുടിശ്ശിക നിരക്ക്. 12 ലക്ഷം, 11 ലക്ഷം, 10 ലക്ഷം, ഒമ്ബത് ലക്ഷം, അഞ്ചുലക്ഷം എന്നിങ്ങനെയാണ് മറ്റു കടകളില്‍നിന്ന് കിട്ടാനുള്ളത്. പുതുക്കിയ വാടക നിരക്ക് അനുസരിച്ച്‌ സ്ക്വയര്‍ഫീറ്റിന് 32.20 രൂപ നിരക്കിലാണ് കടയുടമകളില്‍നിന്ന് വാടക ഈടാക്കുന്നത്. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പാണ് പുതിയ നിരക്കിലെ വാടക നിശ്ചയിച്ചത്. ഏറ്റവുമൊടുവില്‍ 2020ലാണ് വാടകനിരക്ക് പുതുക്കിയത്. എന്നാല്‍, 2018ലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വാടക നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ കടയുടമകള്‍ റെന്‍റ് കണ്‍ട്രോള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഹൈകോടതി വിധി മാനിക്കാതെ നല്‍കിയ കേസ് തള്ളിക്കളയുന്നതിന് ജില്ല ഗവ. പ്ലീഡറെ അറിയിച്ചിട്ടുണ്ടെന്നും കോളജ് അധികൃതര്‍ വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വാടക കുടിശ്ശിക തീര്‍ത്തു നല്‍കുന്നതിന് കടഉടമകള്‍ക്ക് നോട്ടീസ് അയക്കുന്നുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കി. കുടിശ്ശിക തീര്‍പ്പാക്കാത്തപക്ഷം കടമുറികള്‍ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയുമധികം തുക വാടകയിനത്തില്‍ മാത്രം കിട്ടാനുള്ളപ്പോഴാണ് മഹാരാജാസ് കോളജിലെ കായിക വിദ്യാര്‍ഥികള്‍ പരിമിതികള്‍ക്കുള്ളില്‍ തങ്ങളുടെ മികവു തെളിയിക്കേണ്ടിവരുന്നതെന്നും ഈ തുക ഉടന്‍ പിരിച്ചെടുത്ത് സ്റ്റേഡിയത്തി‍െന്‍റ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും രാജു വാഴക്കാല ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular