Saturday, May 18, 2024
HomeUSAപുറത്തു പോകാൻ സ്മിത്ത് വിസമ്മതിച്ചെന്നു അക്കാദമി

പുറത്തു പോകാൻ സ്മിത്ത് വിസമ്മതിച്ചെന്നു അക്കാദമി

ഓസ്‌കർ നിശയിൽ ഹാസ്യനടൻ ക്രിസ് റോക്കിന്റെ കരണത്തടിച്ച നടൻ വിൽ സ്മിത്തിനോടു പുറത്തു പോകാൻ അക്കാദമി അധികൃതർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അനുസരിച്ചില്ലെന്നു ബുധനാഴ്ച്ച  പുതിയൊരു പ്രസ്താവനയിൽ അക്കാദമി വെളിപ്പെടുത്തി. അക്രമം വിലക്കിയിട്ടുള്ള വേദിയിൽ കയറി ആക്രമണം നടത്തിയ നടനെ എന്തു കൊണ്ടു പുറത്താക്കിയില്ല എന്ന ചോദ്യം ഉയരുന്നതിനിടെയാണ് അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സി ഇ ഒ ഡോൺ ഹഡ്‌സണും ചേർന്ന് പുതിയ പ്രസ്താവന ഇറക്കിയത്.

ഇരുവരും കോപം കൊണ്ട് ജ്വലിക്കയായിരുന്നുവെന്നു റിപോർട്ടുകൾ സൂചിപ്പിക്കുന്നു. വേദിക്കു പിന്നിൽ സ്മിത്തിന്റെ പ്രതിനിധികളുമായി അവർ രൂക്ഷമായ വാഗ്‌വാദം നടത്തി.

“പ്രതീക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങൾ സംഭവിച്ചത്,” പ്രസ്താവനയിൽ പറയുന്നു. “മിസ്റ്റർ സ്മിത്തിനോട് ചടങ്ങിൽ നിന്നു പുറത്തു പോകാൻ ഞങ്ങൾ ആവശ്യപ്പെട്ടു എന്നു  വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു. അദ്ദേഹം അത് നിരസിച്ചു.

“കാര്യങ്ങൾ മറ്റൊരു രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു എന്നും ഞങ്ങൾ അംഗീകരിക്കുന്നു.”

അക്രമസംഭവത്തിനു ശേഷമാണു സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കർ  പ്രഖ്യാപിച്ചത്. അത് സ്വീകരിക്കാൻ വേദിയിൽ കയറിയപ്പോൾ അക്കാദമിയോടു മാപ്പു ചോദിച്ച സ്മിത്ത് പക്ഷെ ക്രിസിന്റെ പേരു പറഞ്ഞില്ല.

ഏപ്രിൽ 18 നു അക്കാദമി ബോർഡ് കൂടുന്നതിന് മുൻപ് വിശദീകരണം എഴുതി കൊടുക്കാൻ സ്മിത്തിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.

വിശദീകരണം തൃപ്തികരമല്ലെങ്കിൽ അദ്ദേഹത്തെ അക്കാദമിയിൽ നിന്ന് പുറത്താക്കാം. അല്ലെങ്കിൽ സസ്‌പെൻഡ് ചെയ്യുകയോ ഉപരോധം ഏർപെടുത്തുകയോ ചെയ്യാം.

ക്രിസ് റോക്കിന്റെ കരണത്തടിക്കുന്നതിനു പുറമെ സ്മിത്ത് തിരിച്ചു കസേരയിൽ വന്നു ഇരുന്നപ്പോൾ ഉച്ചത്തിൽ അസഭ്യം പറയുകയും ചെയ്തു. പരിഷ്‌കൃത സമൂഹം അനുവദിക്കാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത്.

ഭാര്യ ജഡ പിൻകെറ്റിന്റെ മുടി കൊഴിച്ചിലിനെ കളിയാക്കിയാണ് ക്രിസ് ഫലിതം പറയാൻ ശ്രമിച്ചത്. എന്നാൽ രോഗാവസ്ഥയിൽ വേദന അനുഭവിക്കുന്ന ഒരാളെ ആക്ഷേപിക്കുന്നതും പരിഷ്‌കൃത സമൂഹത്തിനു സ്വീകാര്യമല്ല. അക്കാര്യം മാപ്പപേക്ഷയിൽ പിന്നീട് ക്രിസ് സമ്മതിക്കുന്നുണ്ട്.

ക്രിസിനോടു അക്കാദമി മാപ്പു ചോദിക്കുന്നു. നോമിനികളോടും അതിഥികളോടും കാഴ്ചക്കാരോടും അവർ മാപ്പു ചോദിച്ചിട്ടുണ്ട്.
സ്മിത്തിന്റെ നടപടിയെ സി ബി എസ് ഷോയിൽ ഹാസ്യനടൻ ഗെയ്ൽ കിങ് വിമർശിച്ചു. സ്മിത്ത് അവാർഡ് സ്വീകരിച്ചപ്പോൾ ഉണ്ടായ നിർത്താത്ത കരഘോഷം തന്നെ അസ്വസ്ഥനാക്കിയെന്നു അദ്ദേഹം പറഞ്ഞു. “ഹോളിവുഡിനു കൂട്ടത്തോടെ നട്ടെല്ലു നഷ്ടപ്പെട്ടു എന്നെനിക്കു തോന്നി.”

നടൻ ജിം കാരി പറഞ്ഞത് അദ്ദേഹം സ്മിത്തിനെതിരെ 20 കോടി ഡോളർ ആവശ്യപ്പെട്ടു കേസ് കൊടുക്കും എന്നാണ്. കാരണം അക്രമത്തിന്റെ വീഡിയോ എക്കാലവും ലോകം കാണുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular