Friday, May 17, 2024
HomeUSAഞങ്ങൾക്കു വേണ്ടി പാടൂ: ഗ്രാമിയിൽ സെലെൻസ്കി

ഞങ്ങൾക്കു വേണ്ടി പാടൂ: ഗ്രാമിയിൽ സെലെൻസ്കി

യുക്രൈന്റെ തകർന്നു തരിപ്പണമായ നഗരങ്ങളുടെ ശൂന്യതയിലും നിശബ്‌ദതയിലും സംഗീതം നിറയ്ക്കാൻ ലോകത്തെ ഏറ്റവും വലിയ സംഗീത നിശയിൽ യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി സംഗീതജ്ഞരെ ആഹ്വാനം ചെയ്തു. ഞായറാഴ്ച രാത്രി ലാസ് വെഗാസിൽ ഗ്രാമി അവാർഡ്‌സിന്റെ 64 ആം എഡിഷൻ അരങ്ങേറുമ്പോഴാണ് സെലെൻസ്കി വീഡിയോ ലിങ്ക് വഴി സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ വർഷത്തെ മികച്ച ഗാനം ഉൾപ്പെടെ മൂന്നു ഗ്രാമികൾ സിൽക്ക് സോണിക് നേടുന്നത് കണ്ടാണ് നിശ ആരംഭിച്ചത് (ചിത്രം). Leave The Door Open മികച്ച ഗാനമായപ്പോൾ മികച്ച R & B song, R & B performance എന്നീ വിഭാഗങ്ങളിലും സിൽക്ക് സോണിക് നേടി.

യുക്രൈന്റെ മേൽ റഷ്യ അടിച്ചേൽപ്പിച്ച യുദ്ധത്തിന്റെ ദുഃഖസത്യങ്ങൾ പറയാൻ അമേരിക്കൻ സംഗീതജ്ഞർ തങ്ങളുടെ കഴിവുകൾ ഉപയോഗിക്കണമെന്നു സെലെൻസ്കി അഭ്യർത്ഥിച്ചു. “നിശബ്ദതയിൽ നിങ്ങളുടെ സംഗീതം നിറയ്ക്കുക.
“നിങ്ങളുടെ കഥ പറയാൻ ആ നിശബ്ദത നിറയ്ക്കുക. ഈ യുദ്ധത്തെപ്പറ്റി നിങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിൽ പറയുക, ടി വി യിൽ പറയുക.

“നിങ്ങൾക്കു കഴിയും വിധം ഞങ്ങളെ സഹായിക്കുക. ദയവായി നിശബ്ദത മാത്രം അവലംബിക്കരുത്.
“അപ്പോൾ സമാധാനം കൈവരും.”

പതിവുള്ള പച്ച ടി ഷർട്ട് ധരിച്ചു സംസാരിച്ച, നടനും കൂടിയായ, പ്രസിഡന്റ് കൂട്ടിച്ചേർത്തു: “സംഗീതത്തിനു യുദ്ധം കൊണ്ട് വരുന്ന ഭീകരത അവസാനിപ്പിക്കാൻ കഴിയും. യുദ്ധം നശിപ്പിച്ച ഞങ്ങളുടെ നഗരങ്ങൾ — ചെര്നിഹിവ്, ഖാർകിവ്, വോൾനോവഖ്‌നാ, മറിയുപോൾ — വീണ്ടും ജീവിതത്തിലേക്കു വരുമെന്നൊരു സ്വപ്നം എനിക്കുണ്ട്.

“സ്വതന്ത്രമാകുമെന്നും. ഗ്രാമി വേദിയിൽ നിങ്ങൾ സ്വതന്ത്രരായ പോലെ.”

യുക്രൈനിലെ സംഗീതജ്ഞർ പടച്ചട്ട അണിയേണ്ടി വന്നുവെന്നു അദ്ദേഹം പറഞ്ഞു. “ആശുപത്രികളിൽ മുറിവേറ്റു കിടക്കുന്നവർക്കു വേണ്ടിയാണ്  അവർ പാടുന്നത് — കേഴ്വി നശിച്ചവർക്കു വേണ്ടി പോലും. പക്ഷെ സംഗീതം എല്ലാറ്റിനെയും മറികടക്കുന്നു.

“ഞങ്ങൾ ജീവിക്കാനും സ്നേഹിക്കാനും ശബ്ദമുണ്ടാക്കാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്നു.

“ഞങ്ങളുടെ മണ്ണിൽ റഷ്യ ബോംബുകൾ വർഷിച്ചു  ഭീകരമായ നിശബ്ദത വീഴ്തുകയാണ്. മരണത്തിന്റെ  നിശബ്ദത. ആ നിശബ്ദതയിൽ നിങ്ങളുടെ സംഗീതം നിറയ്‌ക്കൂ.”

യുക്രൈനിയൻ ഗായിക മിക്ക ന്യുട്ടനെ അദ്ദേഹം പരിചയപ്പെടുത്തി. മിക്കയുടെ സഹോദരി യുദ്ധമുഖത്താണെന്നു അദ്ദേഹം അറിയിച്ചു. മിക്കയും അഭയാർത്ഥി ഗായിക ലിയൂബ യകിംച്ചുകും ജോൺ ലെജൻഡും ചേർന്ന് ‘ഫ്രീ’ എന്ന ഗാനം ആലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular