Thursday, May 2, 2024
HomeUSAയു.എസിൽ കത്തോലിക്കാ സഭയിൽ ഇന്ത്യാക്കാരൻ ബിഷപ്പ്; ഇത് ചരിത്ര സംഭവം

യു.എസിൽ കത്തോലിക്കാ സഭയിൽ ഇന്ത്യാക്കാരൻ ബിഷപ്പ്; ഇത് ചരിത്ര സംഭവം

കൊളംബസ്, ഒഹായോ: മെഡിക്കൽ പഠനം ഉപേക്ഷിച്ചു  വൈദികനായ ഇന്ത്യൻ അമേരിക്കൻ  ഫാ. ഏൾ  ഫെർണാണ്ടസിനെ കൊളംബസ് രൂപതയുടെ 13-ാമത്തെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു.  മറ്റു സഭകളിൽ ഇന്ത്യാക്കാർ ബിഷപ്പുമാർ ആയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് റോമൻ കത്തോലിക്കാ സഭയിൽ ഒരു ഇന്ത്യാക്കാരൻ ബിഷപ്പായി  നിയമിക്കപ്പെടുന്നത്.

രൂപതയിൽ വെള്ളക്കാരനല്ലാത്ത ആദ്യബിഷപ്പായിരിക്കും 49 -കാരനായ ഫാ. ഫെര്ണാണ്ടസ്. ഇപ്പോൾ സിൻസിനാറ്റി അതിരൂപതയിലെ വൈദികനാണ്

ഇത് അവസരങ്ങളുടെ നാടാണ്, ഫാ. ഫെർണാണ്ടസ് പറഞ്ഞു. ആദ്യ ഇന്ത്യൻ-അമേരിക്കൻ ബിഷപ്പ് എന്നതിൽ  അഭിമാനമുണ്ട്.

യുവാവായ സന്തുഷ്ടനായ  വൈദികൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന  ഫാ. ഫെർണാണ്ടസ് മെയ് 31 ന് കൊളംബസ് രൂപതയുടെ   ബിഷപ്പായി അഭിഷിക്തനാകും.

ബിഷപ്പ് റോബർട്ട് ബ്രണ്ണൻ ബ്രൂക്ക്ലിൻ  ബിഷപ്പായി പോകുന്ന   ഒഴിവിലാണിത്.

ടോളിഡോയിൽ, ഒഹായോ,  പിറന്ന  നിയുക്ത ബിഷപ്പിന്റെ  മാതാപിതാക്കൾ  പകർന്നുനൽകിയ  വിനയമാണ് തന്റെ  ആത്മീയ യാത്രയിലും  പിന്തുടരുന്നതെന്ന്  അദ്ദേഹം പറയുന്നു. പിതാവ് ഡോക്ടറും  അമ്മ   അധ്യാപികയുമായിരുന്നു. അഞ്ചു സഹോദരരിൽ നാലാമൻ.

സിൻസിനാറ്റിയിലെ സെന്റ് ഇഗ്നേഷ്യസ് ഓഫ് ലയോള ചർച്ചിൽ പാസ്റ്ററാകുന്നതിന് മുമ്പ്, ഫാ. ഫെർണാണ്ടസ് ടോളിഡോ സർവകലാശാലയിൽ  നിന്ന്  ബയോളജിയിൽ ബിരുദം നേടി. തുടർന്ന്  സിൻസിനാറ്റി യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ ചേരുന്നതിന് മുമ്പ്  വൈദികനാകാൻ താൻ ആഗ്രഹിക്കുന്നുവെന്ന്  തിരിച്ചറിഞ്ഞു.

പിന്നീട് റോമിലെ  അൽഫോൻസിയൻ അക്കാദമിയിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി .

2016 മുതൽ 2019 വരെ വാഷിംഗ്ടൺ ഡിസിയിൽ   അപ്പോസ്തോലിക് ന്യൂൺഷ്യേച്ചറിന്റെ സ്റ്റാഫിലും  സേവനമനുഷ്ഠിച്ചു.

വാഷിംഗ്ടണിൽ താമസിക്കുമ്പോൾ, വെർജീനിയയിലെ ഷാർലറ്റ്‌സ്‌വില്ലിൽ നടന്ന വെള്ളക്കാരായ “യുണൈറ്റ് ദ റൈറ്റ്” റാലിയിൽ ഒരാൾ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ  കണ്ണ് തുറപ്പിക്കുന്ന അനുഭവമായിരുന്നു.

ഞാൻ എന്നെ   ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവനായും,   ഓരോ വ്യക്തിയേയും എന്റെ സഹോദരനും സഹോദരിയുമായും കാണുന്നു. സമാധാനം കൈവരിക്കാൻ  അക്രമം ഉപയോഗിക്കേണ്ടതില്ല-അദ്ദേഹം പറഞ്ഞു.

അക്രമവും വിദ്വേഷവും ഒരു വ്യക്തിയുടെ ആത്മാവിനെ ചെറുതാക്കുന്നു.   വിവേചനം  അനുഭവിക്കുന്നതിന്റെ വേദന  തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ജീവിതം  നിയന്ത്രിക്കാൻ മറ്റുള്ളവരെ  നിങ്ങൾ അനുവദിക്കരുത്. തനിക്കെതിരെ  മോഷണക്കുറ്റം ആരോപിക്കപ്പെട്ടതും തന്നെ  ചെളി വാരിയെറിയുകയോ കത്തോലിക്കാ സഭയിലെ നിയമനങ്ങളിൽ ഒഴിവാക്കപ്പെടുകയോ   ചെയ്ത സംഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു. ആ പ്രതികൂല സാഹചര്യം  അദ്ദേഹത്തിൽ ആർദ്രതയുള്ള മനസിനെ  വളർത്തി.

ഗ്രേറ്റർ കൊളംബസിൽ ഉടനീളമുള്ള ആളുകളെ കാണാനും അവരോടൊപ്പം പ്രവർത്തിക്കാനും പ്രദേശത്തെ വൈവിധ്യമാർന്ന ജനസംഖ്യയെ അറിയാനും തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2002 മെയ് 18-ന് സിൻസിനാറ്റി അതിരൂപതയിൽ ആദ്യമായി  വൈദികനായ അദ്ദേഹം  ഹോളി ഏഞ്ചൽസ് ചർച്ചിലെ ഇടവക വികാരിയായിരുന്നു, കൂടാതെ 2002 മുതൽ 2004 വരെ ഷെൽബി കൗണ്ടിയിലെ സിഡ്‌നിയിലുള്ള   ലേമാൻ കാത്തലിക് ഹൈസ്‌കൂളിൽ മതം പഠിപ്പിക്കുകയും ചെയ്‌തു.

ഗ്രാമീണ ഒഹായോയിലെ ആ അനുഭവം കൊളംബസ് രൂപതയ്ക്കുള്ളിലെ 23 കൗണ്ടികൾക്കും ബിഷപ്പായി സേവനമനുഷ്ഠിക്കാനുള്ള ഫെർണാണ്ടസിന്റെ പ്രതിബദ്ധതക്കു തെളിവ്.  അതിൽ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളും കൊളംബസിനപ്പുറത്തുള്ള കൃഷിയിടങ്ങളും ഉൾപ്പെടുന്നു.

“ഞാൻ  നഗരവാസികൾക്ക് വേണ്ടി മാത്രമല്ല വരുന്നത് ,” അദ്ദേഹം പറഞ്ഞു.

വേഗത്തിൽ  നടക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനാൽ   ഇടവകക്കാർ “ഫാദർ സ്പീഡി” എന്ന് വിളിക്കുന്ന ഫാ.  ഫെർണാണ്ടസ്,  കാര്യക്ഷമതയ്ക്ക് പ്രതിജ്ഞാബദ്ധനാണ്.

ഒരു സിനഡൽ സഭ അല്ലെങ്കിൽ കൂട്ടായി ഒരുമയോടെ പ്രവർത്തിക്കുന്ന സഭ സൃഷ്ടിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹത്തെ അദ്ദേഹം പരാമർശിച്ചു. ഇത് സാമൂഹികവും രാഷ്ട്രീയവുമായ നവീകരണത്തിനല്ല, മറിച്ച് സുവിശേഷവൽക്കരണത്തിനുള്ളതാണ്  – സുവിശേഷത്തിന്റെ സന്തോഷം   എല്ലാ തലങ്ങളിലേക്കും എല്ലാ ഹൃദയങ്ങളിലേക്കും എത്തിക്കുക, ഫാ. ഫെർണാണ്ടസ് പറഞ്ഞു.

സഭയിലുടനീളമുള്ള  കൊഴിഞ്ഞു പോക്കും  പുരോഹിതരുടെ കുറവും കാരണം രൂപതയ്ക്കുള്ളിലെ ഇടവകകൾ പുനഃസംഘടിപ്പിക്കുക അദ്ദേഹം ലക്ഷ്യമിടുന്നു

ഒരു മിഷനറി അധിഷ്‌ഠിത രൂപത സൃഷ്ടിക്കാനുള്ള അവസരമായാണ് ഫെർണാണ്ടസ് തന്റെ നിയമനത്തെ കാണുന്നത്.  എയർകണ്ടീഷൻ ചെയ്‌ത ഓഫീസുകളിൽ ഇരിക്കുന്ന  ബ്യൂറോക്രാറ്റുകൾ മാത്രമുള്ള  സഭയെ കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാം ആത്മീയ സംരംഭകരാകണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും അവരുടെ തൊഴിലുകളിൽ ജീവിക്കാൻ സഹായിക്കുകയും  വിശ്വാസത്തെ  നിയമമായി മാത്രമല്ല, ഒരു ജീവിതരീതിയായി കാണുകയും വേണം.

read more

https://catholicaoc.org/BishopelectFernandes

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular