Friday, May 17, 2024
HomeEditorialപപ്പായുടെ മകള്‍ കുസും

പപ്പായുടെ മകള്‍ കുസും

രാജ്യാന്തര ഫുട്‌ബോള്‍ നിയന്ത്രിച്ച ആദ്യ മലയാളി റഫറിയാണ് പത്തനംതിട്ട തുമ്പമണ്‍ സ്വദേശി ടി.വി. തോമസ്. തുമ്പമണ്‍ എം.ജി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന തോമസ് നേരത്തെ ഡെറാഡൂണില്‍ അമേരിക്കന്‍ പ്രെസ്ബിറ്റേറിയന്‍ മിഷന്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു .

അമേരിക്കക്കാരോടും ബ്രിട്ടീഷുകാരോടുമൊപ്പം ജോലി നോക്കിയ ടി.വി. തോമസ് അവരുടെ സാമൂഹിക പ്രതിബദ്ധത സ്വായത്തമാക്കി. നാട്ടില്‍ അതു പകര്‍ത്താന്‍ ശ്രമിച്ചു. തുമ്പമണ്‍ സ്‌കൂളില്‍ യൂണിഫോം കൊണ്ടുവന്നു.  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചവരെ സഹായിച്ചു.പാഠഭാഗങ്ങള്‍ക്കൊപ്പം പൊതു വിജ്ഞാനത്തിനുവേണ്ട കാര്യങ്ങളും കുട്ടികളെ പഠിപ്പിച്ചു. ക്‌ളാസ് എടുക്കുമ്പോള്‍ പീരിയഡിന്റെ അവസാന മിനിറ്റുകളില്‍ ലോക കാര്യങ്ങളും ടൈം,  ലൈഫ്, ജോഗ്രഫിക്കല്‍  മാസികകളിലൊക്കെ വരുന്ന ലേഖനങ്ങളും കുട്ടികളെ പരിചയപ്പെടുത്തി.

വീട്ടില്‍ ചെലവഴിക്കാന്‍ കിട്ടുന്ന സമയങ്ങള്‍ കുട്ടികള്‍ക്കൊപ്പം ചെലവിട്ടു. പരീക്ഷയിലും ജീവിതത്തിലും ആത്മവിശ്വാസമാണു വിജയത്തിന് അടിത്തറയെന്നു പഠിപ്പിച്ചു.

ആളുകള്‍ക്ക് , പ്രത്യേകിച്ച് വയോധികര്‍ക്ക് സ്‌നേഹവും ചുംബനവും നല്‍കേണ്ടത് അവര്‍ ജീവനോടിരിക്കുമ്പോഴാണ്, മരിച്ചു കഴിഞ്ഞല്ലെന്നു മക്കളെ ഉപദേശിച്ചു. മൂന്നു മക്കളും -ഡൂണി, ജോര്‍ജി, കുസും -ആത്മവിശ്വാസമുള്ളവരായി വളര്‍ന്നു.

മികച്ച വോളിബോള്‍ കളിക്കാരനും അത്‌ലിറ്റുമായിരുന്ന ജോര്‍ജി ഏതാനും വര്‍ഷം മുമ്പ് ബെംഗളുരുവില്‍ അന്തരിച്ചു. ജോര്‍ജിയുടെ ഭാര്യ വത്സ (സൂസന്‍). ഇരുവരും എന്‍ജിനീയര്‍മാരായിരുന്നു.

ഡൂണി മലേഷ്യയില്‍ ഡോക്ടര്‍ ഭര്‍ത്താവ് ഡോ.ജോര്‍ജ്. ഇളയ മകള്‍ കുസും അമേരിക്കയിലെ ടെക്‌സസില്‍.

പാപ്പാ പകര്‍ന്നുതന്ന ആത്മധൈര്യം കുറച്ചൊന്നുമല്ലായിരുന്നെന്ന്  കുസും ഓര്‍ക്കുന്നു. ഇന്ന് അമേരിക്കയില്‍ റോഡ് ഷോ കാണുന്നത് കുസുമിനു ഹരമാണ്. മുപ്പത്തെട്ടാം വയസില്‍ , കുട്ടികളെ ഭര്‍ത്താവിനെയും സഹായിയെയും ഏല്ലിച്ച് ഒറ്റയ്ക്കു ലോകം ചുറ്റിയത് പാപ്പാ ചെറുപ്പത്തില്‍ പകര്‍ന്നുതന്ന ആത്മധൈര്യത്തിലായിരുന്നു. ഇപ്പോള്‍ എഴുപതു പിന്നിട്ടിട്ടും കുതിര സവാരി ആസ്വദിക്കുന്നു.

‘കൗമാരപ്രായത്തില്‍ അല്പം കുനിഞ്ഞു നടക്കുന്ന സ്വഭാവം പെണ്‍കുട്ടികള്‍ക്കുണ്ട് .എന്നാല്‍ ഒട്ടും കുനിയാന്‍ പാപ്പാ സമ്മതിക്കില്ലായിരുന്നു. എന്‍.സി.സിയില്‍ ഉണ്ടായിരുന്നപ്പോള്‍, പ്രത്യേകിച്ച് ന്യൂഡല്‍ഹിയില്‍ സ്വാതന്ത്ര്യദിന പരേഡിലും മറ്റും ഗ്രൂപ്പ് ലീഡര്‍ ആയപ്പോള്‍ മാര്‍ച്ച് പാസ്റ്റിലൊക്കെ ഇതു ഗുണം ചെയ്തു.’ കുസും ഓര്‍ക്കുന്നു.

അമ്മ മേരിയും (രമണി) അധ്യാപികയായിരുന്നു. കലാവാസന പ്രോത്സാഹിപ്പിക്കാന്‍ അമ്മയും ശ്രമിച്ചു. ടി.വി. തോമസിന്റെ സ്മരണയ്ക്ക്  തുമ്പമണ്ണില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങിയപ്പോള്‍ ട്രോഫി രൂപകല്പന ചെയ്തത് മേരിയാണ്.

പിതാവുമൊത്ത് ഒട്ടേറെ കായിക മത്സരങ്ങള്‍ കാണാന്‍ സാധിച്ച കുസും ജില്ലാ തലത്തില്‍ വോളിബോളും ടെന്നിക്കോയിയും  കളിച്ചിരുന്നു.1967 ല്‍ ഷിംലയ്ക്കടുത്ത് ദക്ഷായില്‍ എന്‍.സി.സി കെഡറ്റുകള്‍ക്കായി നടത്തിയ ദേശീയ ക്യാംപില്‍ പങ്കെടുത്ത എട്ടംഗ കേരള ടീമില്‍ അംഗമായിരുന്നു. മാത്രമല്ല,  ടാര്‍ഗറ്റ്  ഷൂട്ടിങ്ങില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

കുസുമിന്റെ ഭര്‍ത്താവ്, പരേതനായ ഡോ. വി.എം ജോണ്‍ യു..എസില്‍ സര്‍ജനായിരുന്നു .അദ്ദേഹം ഉണ്ടായിരുന്നപ്പോള്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഗ്രാജുവേറ്റ് സിന്റെ ഉത്തര അമേരിക്കന്‍ കുടുംബ സംഗമത്തില്‍ ലോണ്‍ ടെന്നിസില്‍ സിംഗിള്‍സ് ചാംപ്യനായി. പഞ്ച ഗുസ്തിയില്‍ (ആം റെസ്ലിങ്ങ്) പുരുഷ എതിരാളികളെ തോല്‍പിക്കുകയും ചെയ്തു.

കുസുമിന്റെ മകള്‍ ഡോ. സൈറ ജോണ്‍ മാരത്തണ്‍ ഓട്ടത്തില്‍ സ്ഥിരമായി പങ്കെടുത്തിരുന്നു. മകളുടെ മകന്‍ അലക്‌സ് മാണി ഫുട്‌ബോളിലും ബാസ്‌ക്കറ്റ് ബോളിലും മികവുകാട്ടി. കുസുമിന് ഒരു പുത്രനുമുണ്ട്.
ഡോ. മാര്‍ക്ക് ജോണ്‍.

കുസുമിന്റെ ചേച്ചി ഡോ. ഡൂണിയുടെ പുത്രി താര മലേഷ്യയിലെ ജോഹോര്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് റിലേയില്‍ ദേശീയ മെഡല്‍ നേടിയിട്ടുണ്ട്.

രാജ്യാന്തര ഫുട്‌ബോള്‍ നിയന്ത്രിച്ച പ്രഥമ മലയാളി റഫറിയെന്ന നിലയില്‍ ടി.വി. തോമസിനു ലഭിച്ച ആദരവ് ഏറ്റവും അടുത്തു നിന്നു കണ്ടറിഞ്ഞത് കുസും ആണ്.

ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിരുന്ന സിക്കുകാര്‍ ഒക്കെ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍, അന്നു കൊച്ചുകുട്ടിയായിരുന്ന തന്റെ തലയില്‍ ഞോണ്ടിയിരുന്ന കാര്യം കുസും ഓര്‍ക്കുന്നു. അന്നൊക്കെ റഫറിയുടെ കുടുംബത്തിന് പ്രത്യക ഇരിപ്പിടമുണ്ടായിരുന്നു. വലിയ ആദരവോടെയാണ്  റഫറിയെ കണ്ടിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular