Friday, May 17, 2024
HomeEditorialകോണ്സുലേറ്റിലും ഇമ്മിഗ്രെഷനിലും ഒരേ ചോദ്യം; ഷീബ അമീർ ചിരിച്ചു, അവരും

കോണ്സുലേറ്റിലും ഇമ്മിഗ്രെഷനിലും ഒരേ ചോദ്യം; ഷീബ അമീർ ചിരിച്ചു, അവരും

ജീവിതത്തിന്റെ വിളുക്കുകളില്‍ വീണ് ആരോരും ശ്രദ്ധിക്കാതെ ദൈന്യതയിലാണ്ടുപോയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അത്താണിയാണ് ഷീബാ അമീറിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സൊലസ്. കാന്‍സര്‍, ഓട്ടിസം, സെറിബ്രൽ  പാല്‍സി മുതല്‍ ഒട്ടേറെ മാറാരോഗങ്ങള്‍ ബാധിച്ച കുട്ടികളും അവരുടെ നരകയാതന അനുഭവിക്കുന്ന മാതാപിതാക്കളും – മിക്കപ്പോഴും മാതാവ് മാത്രം – സൊലസില്‍ അത്താണി തേടുമ്പോള്‍ ഷീബാ അമീര്‍ താന്‍ കടന്നുപോയ വഴികളിലേക്ക് തിരിഞ്ഞുനോക്കുന്നു .

പതിനഞ്ച് വര്‍ഷമായി തൃശൂര്‍ കേന്ദ്രമാക്കി സൊലസ് തുടങ്ങിയിട്ട്. 2018-ല്‍ ആദ്യമായി അമേരിക്കയിലേക്ക് ക്ഷണിച്ചത് ഡാലസിലെ കാത്തലിക് ചര്‍ച്ചിന്റെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയാണ്. അവര്‍ സമാഹരിച്ച തുക മൂന്നു സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒന്നു സൊലസ് ആയിരുന്നു.

ക്രിസ്ത്യന്‍ പള്ളി ഒരു മുസ്‌ലീമിനെ സ്‌പോണ്‍സര്‍ ചെയ്തത് വിസയ്ക്ക് ചെന്നപ്പോള്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥൻ എടുത്തു  ചോദിച്ചു. ഇവിടെ വന്നപ്പോള്‍ ഇമിഗ്രേഷനിലും അതേ ചോദ്യം വന്നു. അവര്‍ക്ക് സന്തോഷം, തനിക്കും.

ഡാളസിലെ സമ്മേളനം  മുന്‍ ചീഫ് സെക്രട്ടറി ജയകുമാറാണ് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം സംസാരിച്ചു   പത്തു മിനിറ്റുകൊണ്ട് തന്റെ പ്രവര്‍ത്തനം ഓഡിയന്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അതൊരു ത്രില്ലിംഗ് അനുഭവമായി. 7000 ഡോളറാണ് അവര്‍ തന്നത്.

പിന്നീട് സഹോദരന്‍ മനോജിന്റെ സുഹൃത്തുക്കൾ  ജോലി ചെയ്യുന്ന കാലിഫോര്‍ണിയയിലെ സാന്‍ഹൊസെയില്‍ പോയി. അവിടെ സൊലസ് ചാരിറ്റി സ്ഥാപിച്ചു. ഇപ്പോള്‍ ടെക്‌സസ്, ബോസ്റ്റണ്‍ തുടങ്ങി പല സ്ഥലത്തും സൊലസ് ചാരിറ്റി പ്രവര്‍ത്തിക്കുന്നു.

ന്യു യോർക്കിലും കാനഡയിലും സൊലസ് ചാപ്റ്റർ സ്ഥാപിക്കാൻ ക്ഷണം സ്വീകരിച്ചാണ് ഇത്തവണ എത്തിയത്. അതോടൊപ്പം   (വെള്ളി) വാഷിംഗ്ടണിലെ കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ നടത്തുന്ന ‘താങ്ങും തണലും’ എന്ന ചാരിറ്റിയുടെ  സ്നേഹ സായാഹ്നം പരിപാടിയിലും പങ്കെടുക്കും. (വിവരങ്ങൾ താഴെ) പദ്ധതി   ടാമ്പായിലും അടുത്ത ദിവസങ്ങളിലെത്തും.

വാഷിംഗ്ടണില്‍ ഫോമ നേതാവ് വിന്‍സണ്‍ പാലത്തിങ്കലിന്റെ വസതിയില്‍ എത്തിയ ഷീബാ അമീര്‍ തന്റെ പോരാട്ടങ്ങളുടെ കഥ പറഞ്ഞു. ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദിയും  പറഞ്ഞു. കോവിഡ് കാലത്ത് പിടിച്ചുനില്ക്കാന്‍ അമേരിക്കന്‍ മലയാളികള്‍ തുണച്ചു.

സമ്പന്ന കുടുംബത്തില്‍ ജനിച്ച ഷീബയുടെ ഭര്‍ത്താവ് മറൈന്‍ ബയോളജിസ്റ്റ് ആയിരുന്നു. രണ്ട് മക്കള്‍. ഇടയ്ക്ക് മകള്‍ നിലൂഫക്ക്  ലുക്കേമിയ ബാധിച്ചു. മുംബൈയില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സിക്കാന്‍ പോകാന്‍ പുതിയ കാര്‍ വാങ്ങി. അവിടെ ഫ്‌ളാറ്റ് വാങ്ങി.

എന്നാൽ  തൊട്ടടുത്ത ബഡ്ഡില്‍ കഴിയുന്ന കുട്ടിക്ക് മരുന്നിനും, എന്തിന് ഭക്ഷണത്തിനുപോലും വകയില്ലാതെ കുടുംബാംഗങ്ങള്‍ വലയുന്നതു കണ്ടപ്പോള്‍ വല്ലാതെ വേദന തോന്നി. അങ്ങനെയുള്ളവരെ സഹായിക്കണമെന്ന മോഹം അവിടെ തുടങ്ങി.

പുത്രന്റെ ബോണ്‍മാരോ മകള്‍ക്ക് ഏറ്റവും അനുയോജ്യമായിരുന്നു. പക്ഷെ മാറ്റിവച്ചശേഷം കടുത്ത കീമോ തെറാപ്പിയും ചികിത്സകളും കുഞ്ഞുശരീരത്തെ വല്ലാതെ ദുര്‍ബലമാക്കി. 16 വര്‍ഷത്തെ വേദനകൾക്ക് ശേഷം ഇരുപത്തെട്ടാം വയസില്‍ മകള്‍ വിടപറഞ്ഞു.

അതിനു മുമ്പുതന്നെ 2007-ല്‍ സൊലസ് രൂപംകൊണ്ടിരുന്നു. ഏറ്റവും വലിയ പിന്തുണ മക്കളുടേതായിരുന്നു. ഏറ്റവും വലിയ എതിര്‍പ്പ് ഭര്‍ത്താവിന്റേതും.

ഭര്‍ത്താവിനെ അനുസരിക്കുക എന്ന  മുസ്ലിം പാരമ്പര്യമാണ് പലരും ചൂണ്ടിക്കാട്ടിയത്. അത് പെണ്ണിന്റെ കടമയാണെന്ന് പറഞ്ഞു.

എന്നാല്‍ ഭര്‍ത്താവിന്റെ ഭക്ഷണം കഴിക്കുന്നതാണ് പ്രശ്‌നമെങ്കില്‍ തനിക്കത് വേണ്ടെന്ന നിലപാടിലായിരുന്നു താന്‍. പതിനെട്ടാം വയസില്‍ വിവാഹിതയായ തനിക്ക് ജോലിയോ ഉന്നത വിദ്യാഭ്യാസമോ ഇല്ല. എങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണമെന്ന് തീരുമാനിച്ചു. ചെറുപ്പത്തിലെ കൊണ്ടുനടന്ന മോഹമായ ഡിസൈനിംഗിലേക്ക് തിരിഞ്ഞു. ഏതാനും ജോലിക്കാരെ വച്ച് ഡിസൈനിംഗ് സ്ഥാപനം തുടങ്ങി. എന്തായാലും സാമ്പത്തികമായി താന്‍ സ്വതന്ത്രയായി. അഥവാ അത്തരമൊരു പ്രതീതി ഉണ്ടാക്കി.

പത്തു കുട്ടികളുമായി സൊലസ് തുടങ്ങി. ഇപ്പോള്‍ 3500 കുട്ടികളും അവരുടെ കുടുംബങ്ങളും സൊലസിനെ ആശ്രയിക്കുന്നു. ജീവന്‍രക്ഷാ മരുന്നുകളോ അതിനു പണമോ കൊടുക്കുക, ഫുഡ് കിറ്റ് നല്‍കുക, വീട്ടുവാടക നല്‍കുക, താമസ സൗകര്യത്തിനു സഹായിക്കുക, രോഗിയുടെ സഹോദരര്‍ക്ക് സ്‌കൂളിലും കോളജിലും പോകാന്‍ സഹായം നല്‍കുക എന്നിങ്ങനെ പോകുന്നു സൊലസിന്റെ പ്രവര്‍ത്തനം. കുട്ടിക്ക് കഠിന രോഗം വരുമ്പോള്‍  അമ്മയ്ക്കും അച്ഛനും ജോലിക്കു പോകാനാവില്ല. അവരെയും സഹായിക്കണം.

കേരളത്തില്‍ വിവിധ ജില്ലകളില്‍ സൊലസ് കേന്ദ്രങ്ങളുണ്ട്. ഒരു സ്റ്റാഫും ബാക്കി വോളന്റിയര്‍മാരുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രോഗിയുടെ കടലാസുകളല്ല  നോക്കുന്നത് അവരുടെ വേദനകളെ തൊട്ടറിയുകയാണ്.

തൃശൂരില്‍ സ്വന്തം കെട്ടിടമുണ്ട്. അവിടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സംവിധാനമുണ്ട്. ദോശമാവ് ഉണ്ടാക്കുക, തയ്യല്‍ജോലി ചെയ്യുക തുടങ്ങിയവ. ഭാരത് പെട്രോളിയം നല്‍കിയ 35 ലക്ഷം രൂപ അതിനു സഹായിച്ചു.

ആശുപത്രിയിലുള്ള ചികിത്സകള്‍ക്കുശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങുകയാണ് മിക്കവരും. സഹായം അവിടെ എത്തിക്കുന്നു. മാസത്തിലൊരിക്കല്‍ വരണം. 18 വയസുവരെ തുണ എന്നതാണ് ഇപ്പോഴത്തെ രീതി.

യുവജനങ്ങള്‍ക്കുള്ള വോളന്റിയര്‍ ഗ്രൂപ്പാണ് സൊലസ് യൂത്ത്. മുതിര്‍ന്നവരെപ്പോലെ തന്നെ അവരും പ്രവര്‍ത്തിക്കുന്നു.

ഗുരുതരമായി രോഗമുള്ളവര്‍ ചികിത്സക്ക്  വരുമ്പോൾ   താമസിക്കുന്നത്  ഒരു പ്രശ്‌നമാണ്. സാധാരണ സ്ഥാപനങ്ങളില്‍ അവര്‍ക്ക് താമസിക്കാനാവില്ല. അത്  അണുബാധ  ഉണ്ടാക്കും.  അത്തരക്കാര്‍ക്ക് താത്കാലികമായി താമസിക്കാനാണ് തൃശൂരില്‍ റെസ്‌പൈറ്റ് സെന്റര്‍. അവിടെ ഫിസിയോതെറാപ്പിയും മറ്റു സൗകര്യങ്ങളും  ഉണ്ട്.

കൊച്ചിയിലും തിരുവനന്തപുരത്തും സപ്പോര്‍ട്ട് സെന്റര്‍ തുടങ്ങുകയാണ് അടിയന്തര ലക്ഷ്യം. ചികിത്സയ്‌ക്കെത്തുന്ന കുട്ടികള്‍ വരുമ്പോള്‍ താമസ സൗകര്യമാണ് വേണ്ടത്.

പ്രതിമാസം 30 ലക്ഷം രൂപ വേണം ചെലവുകള്‍ക്ക്. എട്ടുവര്‍ഷത്തോളം നാട്ടില്‍ നിന്നുതന്നെ തുക കണ്ടെത്തി. ഇപ്പോള്‍ നാട്ടില്‍ നിന്നും അമേരിക്കയില്‍ നിന്നും 50 -50 എന്ന രീതിയില്‍ സഹായമെത്തുന്നു. കോവിഡ് നാട്ടില്‍ വലിയ തോതില്‍ സമ്പദ് രംഗത്തെ ബാധിച്ചു.

മകള്‍  വിടപറഞ്ഞപ്പോള്‍ മകന്‍ നിഖില്‍ ആയി ഏക  പ്രതീക്ഷ. കുടുംബ സമേതം ഖത്തറില്‍.

പ്രായമായവര്‍ക്കുവേണ്ടി പാലിയേറ്റീവ് കെയര്‍, അംഗപരിമിതര്‍ക്കുവേണ്ടി ഡിസേബിള്‍ഡ് പ്രോഗ്രാം തുടങ്ങിയവയൊക്കെയുണ്ട്. സര്‍ക്കാര്‍ അവരെ അംഗീകരിക്കുകയും ചെറിയതോതിലുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിരന്തരം സഹായം വേണ്ട കുട്ടികള്‍ എന്നൊരു വിഭാഗം ഉണ്ടെന്ന് ആരും ഓർക്കുന്നില്ല. അതാണ് ഇപ്പോഴത്തെ വലിയ പ്രശ്നം.  സര്‍ക്കാര്‍ അവര്‍ക്ക് മരുന്നുകളും ചികിത്സയുമൊക്കെ നല്‍കിയാല്‍ മറ്റു സഹായങ്ങള്‍ നല്‍കുക എളുപ്പമാകും.

ഈ കുട്ടികളെ മിക്കവാറും സിംഗിള്‍ പേരന്റ് ആയിരിക്കും പരിചരിക്കുക. മിക്കപ്പോഴും അച്ഛന്‍ ഇവരെ ഇട്ടിട്ടു പോയിട്ടുണ്ടാവും. മകനോ മകളോ കഠിന രോഗി ആകുമ്പോള്‍  അമ്മയ്ക്ക് ഭര്‍ത്താവിനേയോ, മറ്റു മക്കളേയോ വേണ്ടപോലെ പരിഗണിക്കാന്‍ കഴിയാതെയും  വരുന്നു.

പ്രളയം വന്നപ്പോള്‍ പലതരം രോഗികളെ മാറ്റിപ്പാര്‍പ്പിച്ചു. പക്ഷെ ഇവരുടെ കാര്യം ഓര്‍ത്തില്ല. അമ്മമാര്‍ അവരേയുംകൊണ്ട് എവിടെങ്കിലും അഭയം തേടിയിരിക്കും. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് കൊടുക്കുകയും സഹായിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഈ സാഹചര്യത്തിലാണ് ചില്‍ഡ്രന്‍  വിത്ത്  ലോംഗ് ടേം ഇല്‍നെസ്സ് (സി.എല്‍.ടി.ഐ) എന്നൊരു വിഭാഗത്തെ സര്‍ക്കാര്‍ അംഗീകരിക്കേണ്ടത്. അടുത്ത പദ്ധതിയിൽ  ഇതൊരു വിഭാഗമായി ഉണ്ടാവാനാണ് താൻ ആഗ്രഹിക്കുന്നത്.

അമേരിക്കയിലുള്ളവരോട് ഒരുവാക്ക്. സുഖസൗകര്യങ്ങളില്‍ ജീവിക്കുമ്പോള്‍ മക്കളോട് ഇത്തരം ആളുകളും ഉണ്ടെന്ന് മനസിലാക്കിക്കൊടുക്കണം. അവർ യാഥാർഥ്യത്തിൽ  വളരട്ടെ.

ഇവിടെയും ഇത്തരക്കാരുണ്ട്. അവരുടെ വീടുകളിലാണ് താന്‍ താമസിക്കാറുള്ളത്. 11 വര്‍ഷമായി നാട്ടില്‍ പോകാത്ത ഒരമ്മയെ കണ്ടു. മകന്‍ ശബ്ദമുണ്ടാക്കുന്നതാണ് പ്രശ്‌നം. കല്യാണം വിളിക്കാന്‍ വരുന്നവര്‍ പോലും നീ വരണമെന്നില്ല എന്നാണ് പറയുക. അറിയിച്ചുവെന്നു മാത്രം- എന്നു പറയും. എത്ര ദുഃഖകരമാണത്

എങ്കിലും ഇവിടെ ഇത്തരം കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായമുണ്ട്. കുഞ്ഞിലേ തന്നെ രോഗം കണ്ടെത്താനും ഇവിടെ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നു.

ഷീബയുടെ പിതാവ്   അന്തരിച്ച പി.കെ.എ. റഹീം ചിന്തകനും പബ്ലിഷറുമായിരുന്നു. എം. ഗോവിന്ദന്‍, സാനു മാഷ്, സച്ചിദാന്ദന്‍ തുടങ്ങിയവരൊക്കെ സുഹൃത്തുക്കള്‍. അവരൊക്കെ തൻറെ  സംരംഭത്തെ തുണച്ചു

2011-ല്‍ വനിതയുടെ വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കിട്ടയപ്പോള്‍ ‘യു ആര്‍ ഗ്രേറ്റ്’ എന്നു ഭര്‍ത്താവ് സന്ദേശമയച്ചത് ഓര്‍ക്കുന്നു. ആ അവാർഡ് ആണ്  സൊലസിനു വലിയ അംഗീകാരവും ജനസമ്മിതിയും നൽകിയത്.

മതത്തിന് തന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനമില്ല. 65 വര്‍ഷം മുമ്പ് മൂത്ത സഹോദരിക്ക് ശോഭ എന്നു പേരിട്ടയാളാണ് പിതാവ്. മുംസ്ലീംകള്‍ ധാരാളമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും മുസ്ലീം സംഘടനകളൊന്നും ഇതിനു മുതിരുന്നില്ല. തട്ടമിടുകയോ പര്‍ദ ധരിക്കുകയോ ചെയ്താല്‍ കൂടുതല്‍ പിന്തുണ കിട്ടിയേക്കും. അതു വേണ്ട.

മുംസ്ലീംകള്‍ തങ്ങളുടെ  എല്ലാ പ്രവര്‍ത്തിയും പരലോക ജീവിതത്തിനുവേണ്ടി എന്നാണ് കരുതുന്നത്. താൻ സ്വര്‍ഗത്തെ കണക്കാക്കുകയോ നരകത്തെ പേടിക്കുകയോ ചെയ്യുന്നില്ല. സഹജീവികളെ സ്‌നേഹിച്ച് ജീവിക്കുന്നു എന്നു മാത്രം.

റെസ്‌പൈറ്റില്‍ ഒരു പ്രാര്‍ത്ഥനാമുറി പോലുമില്ല. എങ്കിലും തന്റെ ജീവിതം തന്നെയാണ് പ്രാര്‍ത്ഥന. സ്‌നേഹമാണ് മതം.

അവാർഡുകൾ

വനിതാ വുമൺ ഓഫ് ദി ഇയർ അവാർഡ് 2011, കെ വി സുരേന്ദ്രനാഥ് അവാർഡ് 2012, സിഎൻഎൻ ഐബിഎൻ റിയൽ ഹീറോ അവാർഡ് 2012, കേരള സ്റ്റേറ്റ് സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അക്കാമ്മ ചെറിയാൻ മെമ്മോറിയൽ വനിതാരത്നം പുരസ്കാരം 2016

2011-ലെ മികച്ച  കൃതിക്കുള്ള  അവനി  ബാല പുരസ്‌കാരം നേടിയ ‘നടന്നു പോയവൾ’ ‘ആഴത്തിൽ പതിഞ്ഞ ചിത്രങ്ങൾ’, ‘കൂടെകുറച്ചുദൂരം’ ‘പ്രണയിനി; (കവിതകൾ) ‘കാരുണ്യം നിറയുമ്പോൾ’ എന്നീ അഞ്ച്  പുസ്തകങ്ങളും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ.എ.ജി.ഡബ്ലിയുവിന്റെ സ്നേഹ  സായാഹ്നം നാളെ (വെള്ളി 6 :30 നു

കെ.എ.ജി.ഡബ്ലിയുവിന്റെ ഷീബ അമീറിനൊപ്പം   സ്നേഹ  സായാഹ്നം നാളെ (വെള്ളി 6 :30 നു) വാൾട്ടർ ജോൺസൺ ഹൈ  സ്‌കൂളിൽ. 6400 റോക്ക് സ്പ്രിംഗ് ഡ്രൈവ്, ബെഥേസ്‌ഡ, മെരിലാൻഡ്.

KAGW  കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്ക് ക്യാൻസർ പരിചരണം നൽകുന്നതിനായി 2018 നവംബറിൽ  ദീർഘകാല ചാരിറ്റി പ്രോഗ്രാമായി താങ്ങും തണലും  ആരംഭിച്ചു. ഇത് ഉദ്ഘാടനം ചെയ്തത് ഷീബ അമീർ ആയിരുന്നു.

ആരോഗ്യ സംരക്ഷണത്തിലും മാനുഷിക സേവനങ്ങളിലും മികച്ച  ട്രാക്ക് റെക്കോർഡുള്ള കേരളത്തിലെ  സംഘടനകളുമൊത്ത്   KAGW പ്രവർത്തിക്കുന്നു. തങ്ങും തണലും പ്രോഗ്രാമിന്റെ നിലവിലെ ഗുണഭോക്താവാണ് സോളസ്.

ഒരു കുട്ടിക്ക് വേണ്ടി  സ്പോൺസർ ചെയ്യുക
അടുത്ത 12 മാസത്തേക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ സംഭാവനയായ $20, രോഗിയായ കുട്ടിയുമായി ബന്ധപ്പെട്ട ചെലവുകൾ നിറവേറ്റുന്നതിന് വളരെയധികം സഹായിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള ഒറ്റത്തവണ പേയ്‌മെന്റും നടത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular