Friday, May 17, 2024
HomeIndia'തമിഴണങ്ക്'; അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടിയുമായി എ.ആര്‍ റഹ്‌മാന്‍

‘തമിഴണങ്ക്’; അമിത് ഷായുടെ ഹിന്ദി വാദത്തിന് പരോക്ഷ മറുപടിയുമായി എ.ആര്‍ റഹ്‌മാന്‍

ചെന്നൈ: സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്കിടെ, വിഖ്യാത സംഗീതജ്ഞന്‍ എആര്‍ റഹ്‌മാന്‍ പങ്കുവച്ച പോസ്റ്റര്‍ ചര്‍ച്ചയാകുന്നു.

തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്നുള്ള, തമിഴ് ദേവതയെന്ന് അര്‍ത്ഥം വരുന്ന തമിഴണങ്ക് എന്ന വാക്കാണ് പോസ്റ്റര്‍ സഹിതം റഹ്‌മാന്‍ പങ്കുവച്ചത്. മനോന്മണിയം സുന്ദരന്‍ പിള്ള എഴുതി, എംഎസ് വിശ്വനാഥന്‍ സംഗീത സംവിധാനം ചെയ്തതാണ് തമിഴ് ദേശീയ ഗാനം.

കവി ഭാരതീദാസന്‍ എഴുതിയ തമിഴ് ഇലക്കിയം എന്ന പുസ്തകത്തിലെ ‘പ്രിയപ്പെട്ട തമിഴാണ് നമ്മുടെ അസ്തിത്വത്തിന്റെ വേര്’ എന്ന വാക്കും റഹ്‌മാന്‍ പങ്കുവച്ച പോസ്റ്ററിലുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഇദ്ദേഹം പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ആയിരങ്ങളാണ് റഹ്‌മാന്‍റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ സുപ്രധാന ഭാഗമായി കൊണ്ടുവരേണ്ട സമയമായി. സംസ്ഥാനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുമ്ബോള്‍ ഇന്ത്യയുടെ ഭാഷ(ഹിന്ദി)യായിരിക്കണം ഉപയോഗിക്കേണ്ടത്- എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

മറുപടിയുമായി സ്റ്റാലിന്‍

പ്രസ്താവനയ്‌ക്കെതിരെ നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ അഖണ്ഡതയെ മുറിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും നേരത്തെ ചെയ്ത തെറ്റ് ബിജെപി ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നതെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.

‘ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ഇന്ത്യയുടെ അഖണ്ഡതയ്ക്ക് മുറിവേല്‍പ്പിക്കും. രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കാനാണ് ബിജെപി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണോ അമിത് ഷായ്ക്ക് വേണ്ടത്, ബാക്കിയുള്ള സംസ്ഥാനങ്ങളെ ആവശ്യമില്ലേ?’ – സ്റ്റാലിന്‍ ചോദിച്ചു.

‘ഒറ്റ ഭാഷ ഐക്യം കൊണ്ടുവരില്ല. ഏകത്വം ഐക്യത്തെ ഉണ്ടാക്കില്ല. ബിജെപി അതേ തെറ്റ് ആവര്‍ത്തിക്കുകയാണ്. നിങ്ങള്‍ക്കിതില്‍ വിജയിക്കാനാകില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാലിന്റെ സഹോദരിയും ഡിഎംകെ വനിതാ വിഭാഗം സെക്രട്ടറിയുമായ കനിമൊഴിയും അമിത് ഷാക്കെതിരെ രംഗത്തെത്തി. ഏതെങ്കിലും ഭാഷ അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തെ വിഭജിക്കാനേ സഹായിക്കൂ എന്നായിരുന്നു അവരുടെ പ്രസ്താവന. ഹിന്ദി വിരുദ്ധ സമരത്തില്‍ നിന്ന കേന്ദ്രമന്ത്രിമാര്‍ ചരിത്രം പഠിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular