Friday, May 17, 2024
HomeKeralaകത്തോലിക്കർ നാണം കെട്ട കൊച്ചി നാടകം: സർക്കാരുമായി സഭ കരാർ ഉണ്ടാക്കിയോ?

കത്തോലിക്കർ നാണം കെട്ട കൊച്ചി നാടകം: സർക്കാരുമായി സഭ കരാർ ഉണ്ടാക്കിയോ?

ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതും നടന്നിട്ടില്ലാത്തതുമായ സംഭവങ്ങളാണ് എറണാകുളത്ത് അരങ്ങേറുന്നത്. വിനീത വിധേയനായി കഴുതപ്പുറത്തേറി ക്രിസ്തുവിന്റെ ജറുസലേം നഗര പ്രവേശത്തെ അനുസ്മരിച്ച് ക്രൈസ്തവ സഭ ഞായറാഴ്ച ഓശാന ആചരിച്ചപ്പോള്‍, എറണാകുളത്ത് പോലീസ് അകമ്പടിയിലെത്തി സായുധ പോലീസിന്റെ സുരക്ഷയില്‍ കത്തീഡ്രല്‍ ബസിലിക്കയില്‍ പ്രവേശിച്ച കര്‍ദിനാളിനെ ലോകം കണ്ടു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിനു പിന്നാലെ കലുഷിതമായ സഭാ തര്‍ക്കം പുതിയ തലത്തിലേക്ക് കടന്നതായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരിയുടെ ബസിലിക്ക പ്രവേശം.

എറണാകുളത്തെ വിശ്വാസികളുടെയും വൈദികരുടെയും കടുത്ത എതിര്‍പ്പ് നിലനില്‍ക്കേയായിരുന്നു സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ആലഞ്ചേരിയുടെ ബസിലിക്കയിലേക്കുള്ള വരവ്. മുന്‍പ് പല തവണ ബസിലിക്കയില്‍ എത്താന്‍ ശ്രമിച്ച ആലഞ്ചേരിക്ക് വിശ്വസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്തിരിയേണ്ടി വന്നിരുന്നു.

ഏകീകൃത കുര്‍ബാന സീറോ മലബാര്‍ സഭയില്‍ നവംബര്‍ 27ന് നിലവില്‍ വന്നെങ്കിലും എല്ലാ പള്ളികളിലും നടപ്പാക്കാന്‍ മെത്രാന്മാരുടെ സിനഡ് ഈസ്റ്റര്‍ വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ മാര്‍പാപ്പയില്‍ നിന്നും ഇളവ് വാങ്ങിയ അതിരൂപത ജനാഭിമുഖ കുര്‍ബാന തുടരുകയും ചെയ്തിരുന്നു. അതില്‍ സിനഡിന് എതിര്‍പ്പുയര്‍ന്നതോടെ ഡിസംബര്‍ 25 വരെ ജനാഭിമുഖ കുര്‍ബാന തുടരാനും അതിനുള്ളില്‍ വിശ്വാസികളെ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താനും അതിരൂപതയുടെ ഭരണചുമതലയുള്ള മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് ആന്റണി കരിയില്‍ അനുമതി നല്‍കി. ഇത് തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ആലഞ്ചേരിയുടെ ബസലിക്ക പ്രവേശനം.

എറണാകുളത്തിന്റെ ജീവശ്വാസമായ ജനാഭിമുഖ കുര്‍ബാന ഇല്ലാതാക്കുന്നതിന് ഏറെ നാളുകളായി മെത്രാന്‍ സിനഡ് , പ്രത്യേകിച്ച് ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള ഒരു വിഭാഗം നീക്കം തുടങ്ങിയിട്ട്. ഇത്തവണ ബസിലിക്കിയില്‍ അള്‍ത്താര അഭിമുഖ കുര്‍ബാന അര്‍പ്പിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ കര്‍ദിനാളും സംഘവും അതിനുള്ള നീക്കം നേരത്തെ തുടങ്ങിയിരുന്നു. അതിരൂപതയ്ക്ക് മാര്‍ കരിയില്‍ ഇളവ് നല്‍കിയതിനു പിന്നാലെ ഫെബ്രുവരി പകുതിയോടെ അരമനയുടെ മുന്നില്‍ ആലഞ്ചേരി പക്ഷക്കാരുടെ ഒരു സമരപ്പന്തല്‍ ഉയര്‍ന്നു.  ഇത് ആലഞ്ചേരിയുടെ ബസിലിക്ക പ്രവേശത്തിനുള്ള മുന്നൊരുക്കമായിരുന്നു. ആ പന്തല്‍ കേന്ദ്രീകരിച്ച് മറ്റ് രൂപതകളില്‍ നിന്നുള്ള പലരും വന്ന് കൂടിയാലോചനകള്‍ നടന്നിരുന്നു. ആ പന്തല്‍ അതിരൂപതക്ക് ആപത്താണെന്നും തൊട്ടുമുന്നിലുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍ നിഷ്പ്രയാസം പൊളിച്ചുമാറ്റാമെന്നും പലരും മുന്നറിയിപ്പ് നല്‍കിയിട്ടും അരമനയിലെ അധികാരികള്‍ക്ക് മാത്രം മനസ്സിലായില്ല.

പിന്നീടുള്ള നീക്കം ഓശാനയ്ക്ക് മുന്‍പുള്ള നാല്പതാം വെള്ളിയാഴ്ചയായിരുന്നു. ഏകീകൃത കുര്‍ബാന നടത്താന്‍ കര്‍ദിനാളും കരിയിലും ഒരുമിച്ചിറക്കിയ സര്‍ക്കുലര്‍, സിനഡ് തന്നെ നിര്‍ബന്ധിച്ച്, സമ്മര്‍ദ്ദത്തിലാക്കി ഒപ്പുവയ്പ്പിച്ചതാണെന്ന് കരിയില്‍ വൈദികരോട് തുറന്നുപറഞ്ഞതിനു പിന്നാലെയാണ് അടുത്ത നാടകം അരങ്ങേറിയത്.

അതിനിടെ ഏപ്രില്‍ രണ്ട് മുതല്‍ കരിയില്‍ ബിഷപ് അജ്ഞാത കേന്ദ്രത്തിലായിരുന്നുവെന്നും അവിടെ സിനഡിനെ പ്രതിനിധീകരിച്ച് നാല് ബിഷപ്പുമാരെത്തി കൂടിക്കാഴ്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്തുവന്നു. അതിനു പിന്നാലെയാണ് ജനാഭിമുഖം തുടരാന്‍ കരിയില്‍ അനുമതി നല്‍കുന്നതും തൊട്ടുപിന്നാലെയാണ് സംയുക്ത സര്‍ക്കുലര്‍ ഇറങ്ങുന്നതും.

വൈദിക യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിനിടെയുണ്ടായ അടിയായിരുന്നു മറ്റൊരു നാടകം. കോട്ടയം രൂപതാംഗമായ ഒരു വ്യക്തി (വൈദിക വിദ്യാര്‍ത്ഥിയാണെന്നും പറയപ്പെടുന്നു) മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ കയറിക്കൂടുന്നു. പത്രസമ്മേളനത്തിനിടെ വൈദികരെ ചീത്തവിളിക്കുന്നു. സ്വഭാവികമായും കേട്ടുനിന്ന വിശ്വാസികള്‍ പ്രതികരിക്കുന്നു. കയ്യില്‍ കിട്ടിയ കാമറ സ്റ്റാന്‍ഡ് എടുത്തുതന്നെ അടി.

ഇതോടെ കളംമാറി. അത്മായ സംഘടനയിലെ പ്രമുഖരെ പ്രതിയാക്കി പോലീസ് കേസെടുക്കുന്നു. ശനിയാഴ്ച വൈകിട്ടോടെ ബസിലിക്കയില്‍ അടുത്ത നാടകം അരങ്ങേറുകയായിരുന്നു. ഈ സമയം രഹസ്യ പോലീസും മഫ്തിയില്‍ എത്തിയവരും സ്‌പെഷ്യല്‍ ബ്രാഞ്ചും അടക്കം എറണാകുളം സഗരത്തിലെ പോലീസുകാര്‍ പ്രദേശത്ത് റോന്തുചുറ്റി.

മന്ത്രിസഭയിലെ കത്തോലിക്കനായ ഒരു മന്ത്രി ഓശാന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ടെന്നും അതിനാല്‍ സുരക്ഷ ഉറപ്പുവരുത്തുകയുമാണെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. പിറ്റേന്ന് പുലര്‍ച്ചെ ബ്രോഡ്‌വേ റോഡ് പോലീസിനെ കൊണ്ട് നിറഞ്ഞു. എഡിഎം മുതല്‍ താഴോട്ടുള്ള ജില്ലാ അധികാരികളും പോലീസും ബസിലിക്കയുടെ നിയന്ത്രണം ഏറ്റെടുത്തു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലത്ത് നിയന്ത്രണം ഏറ്റെടുക്കാന്‍ എഡിഎമ്മിനു  അധികാരമുണ്ടെന്നാണ് അവര്‍ നല്‍കിയ വിശദീകരണം. ചുരുക്കത്തില്‍ പള്ളിയില്‍ വിശ്വാസികളെക്കാള്‍ കൂടുതല്‍ പോലീസ്. യൂണിഫോമിലും മഫ്തിയിലും പള്ളിക്കകത്തും പുറത്തും നിറഞ്ഞു. പള്ളിമുറ്റം കണ്ടാല്‍ പോലീസ് പരേഡ് ഗ്രൗണ്ട് ആണെന്ന് തോന്നിച്ചു.

മന്ത്രിയുടെ ആഗമന വാര്‍ത്ത പ്രതിഷേധക്കാരെ പറ്റിക്കാനുള്ള അടവാണെന്നും ആലഞ്ചേരിക്ക് വഴിയൊരുക്കാനുള്ള തന്ത്രമാണെന്നും വിശ്വാസികള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഭരണകൂടത്തോട് ഒരു ഏറ്റുമുട്ടലിന് താല്‍പര്യമില്ലാത്ത ജനത സ്വയം വഴിമാറി നല്‍കി.

ഇതിനകം തന്നെ ആലഞ്ചേരിയുടെ ഏകീകൃത കുര്‍ബാനയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ ധാരണ എത്തിയിരുന്നുവെന്നാണ് പുറത്തുവന്ന സൂചന. സര്‍ക്കാരിന്റെ കെ.റെയില്‍, കൂടുതല്‍ ബാറുകള്‍ തുറന്നുകൊടുത്തുകൊണ്ടുള്ള മദ്യനയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇതിലൊക്കെ സിറോ മലബാര്‍ സഭയുടെ പിന്തുണയായിരുന്നു സര്‍ക്കാരിന് വേണ്ടിയിരുന്നത്. കെ.റെയിലിനെതിരെ ചങ്ങനാശേരി ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മാടപ്പള്ളിയില്‍ പ്രതിഷേധത്തിനിറങ്ങിയതും സര്‍ക്കാരിനെ തങ്ങളുടെ വരുതിയില്‍ എത്തിക്കുന്നതിനായിരുന്നു. അല്ലെങ്കിലും ഒന്നും കാണാതെ ഔസേപ്പ് വെള്ളത്തില്‍ ചാടില്ലല്ലോ!

ഏതുവിധേനയും ആലഞ്ചേരിയെ ബസിലിക്കയില്‍ കുര്‍ബാന ചൊല്ലാന്‍ അനുവദിച്ചാല്‍ പ്രതിഷേധങ്ങള്‍ പ്രസ്താവനയിലൊതുക്കാമെന്നായിരുന്നു സിനഡിലെ ബിഷപ്പുമാര്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ്. കെ.റെയില്‍, മദ്യനയം വിഷയങ്ങളില്‍ ഇനി സഭ പരസ്യ പ്രതിഷേധത്തിനിറങ്ങില്ല. സഭാ ആസ്ഥാനം നിലനില്‍ക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണയും ലഭിക്കും. ഇതുവരെ തുക്കാക്കര കൈപ്പിടിയില്‍ ഒതുക്കാന്‍ പറ്റാത്ത സിപിഎമ്മിന് ഇതൊരു സുവര്‍ണാവസരവുമായിരുന്നു. എറണാകുളത്തെ വിശ്വാസികള്‍ കര്‍ദിനാള്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്താണെന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. എറണാകുളം ജില്ലയില്‍ ആലഞ്ചേരിയുടെ നോമിനിയായി എല്‍.ഡി.എഫ്, പ്രത്യേകിച്ച് ജോസ് കെ.മാണി പക്ഷം നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചുകൊടുത്തുകൊണ്ട് എറണാകുളത്തെ വിശ്വാസികള്‍ തെളിയിച്ചു നല്‍കിയിരുന്നു.

തൃക്കാക്കരയില്‍ സിപിഎം പ്രതീക്ഷ വച്ചിരിക്കുന്ന മറ്റൊരു സമൂഹമാണ് ലത്തീന്‍ സമൂഹം. കെ.വി തോമസിനെ പാര്‍ട്ടി വേദിയില്‍ ആദരിച്ചതും ഗദ്‌സമേന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്ന യേശുവിന്റെ ചിത്രം തോമസിനു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മാനിച്ചതും ഇതേ ലക്ഷ്യത്തോടെയാണെന്നതില്‍ രണ്ടു പക്ഷമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular