Sunday, May 19, 2024
HomeKeralaസ്റ്റാളുകളില്‍ വ്യാപക പരിശോധന; 23 കിലോ പഴകിയ മത്സ്യം പിടിച്ചു

സ്റ്റാളുകളില്‍ വ്യാപക പരിശോധന; 23 കിലോ പഴകിയ മത്സ്യം പിടിച്ചു

തൊടുപുഴ: ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊടുപുഴ മേഖലയിലെ സ്റ്റാളുകളില്‍നിന്ന് 23 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കൊഴുവ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

ഉടുമ്ബന്നൂര്‍, പട്ടയംകവല, മുതലക്കോടം എന്നിവിടങ്ങളിലെ സ്റ്റാളുകളില്‍നിന്നാണ് പഴകിയ മത്സ്യം പിടിച്ചത്. ഈ സ്റ്റാളുകളുടെ ഉമടകള്‍ക്ക് നോട്ടീസ് നല്‍കി.

ഓപറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി അടിമാലി, ആനച്ചാല്‍, ഇരുമ്ബുപാലം എന്നിവിടങ്ങളിലെ മത്സ്യ വില്‍പനശാലകളിലും പരിശോധന നടന്നു. പേപ്പര്‍ സ്ട്രിപ് ഉപയോഗിച്ച്‌ നടത്തിയ തത്സമയ പരിശോധനയില്‍ രാസവസ്തു ചേര്‍ത്തതായി സംശയം തോന്നിയ 23 സ്റ്റാളുകളില്‍നിന്ന് സാമ്ബിള്‍ ശേഖരിച്ച്‌ വിശദ പരിശോധനക്കായി കാക്കനാട് റീജനല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഒഴുക, അയല, മത്തി, കിളിമീന്‍ എന്നിവയുടെ സാമ്ബിളുകളാണ് ശേഖരിച്ചത്. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികളുണ്ടാകും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ച നെടുങ്കണ്ടം, തൂക്കുപാലം ഭാഗങ്ങളിലെ മീന്‍കടകളില്‍ നടത്തിയ പരിശോധനയില്‍ എട്ട് സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്ബാവൂര്‍ എന്നിവിടങ്ങളിലെ മൊത്തക്കച്ചവട സ്ഥാപനങ്ങളില്‍നിന്നാണ് പഴകിയ മീന്‍ വ്യാപകമായി എത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നെടുങ്കണ്ടത്ത് മീന്‍ കഴിച്ച പൂച്ചകള്‍ ചാകുകയും കറി കഴിച്ചവര്‍ക്ക് വയറുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരമാണ് വ്യാപക പരിശോധന നടത്തുന്നത്. തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ, ദേവികുളം ഭക്ഷ്യസുരക്ഷ ഓഫിസര്‍ ബൈജു പി.ജോസഫ്, ഉടുമ്ബഞ്ചോല ഭക്ഷ്യസുരക്ഷ ഓഫിസര്‍ ആന്‍മേരി ജോണ്‍സണ്‍, ജില്ല ഫിഷറീസ് ഓഫിസര്‍ നൗഷാദ്, ഭക്ഷ്യസുരക്ഷ ജീവനക്കാരായ ഉണ്ണികൃഷ്ണന്‍, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular