Friday, May 3, 2024
HomeKeralaകണ്ണൂര്‍ ജില്ലയിലെ കൊലപാതക രാഷ്ട്രീയത്തില്‍ പിടിയിലാകുന്ന ആദ്യത്തെ വനിതയായി രേഷ്മ

കണ്ണൂര്‍ ജില്ലയിലെ കൊലപാതക രാഷ്ട്രീയത്തില്‍ പിടിയിലാകുന്ന ആദ്യത്തെ വനിതയായി രേഷ്മ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊലപാതക രാഷ്ട്രീയത്തില്‍ പിടിയിലാകുന്ന ആദ്യത്തെ വനിതയായി പി.കെ രേഷ്മ. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയതിനാണ് അധ്യാപിക അറസ്റ്റിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ ഇന്‍സ്ട്രക്ടറായ രേഷ്മയെ അറസ്റ്റ് ചെയ്തത്.

കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ നിജിന്‍ദാസിന് വീട് നല്‍കിയത്. ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്നു വിഷുവിനു ശേഷമാണു നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്ബ് നിര്‍മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇരുവരുടേയും കോളുകളും വാട്സ് ആപ് ചാറ്റുകളും മറ്റും പരിശോധിച്ച ശേഷമാണ് പൊലീസ് രേഷ്മയെ അറസ്റ്റ് ചെയ്തത്.

പാണ്ടാലമുക്കിലെ വീട്ടില്‍ ഇടക്കിടെ രേഷ്മ വന്നിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. നിജിന്‍ ദാസിന് ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നതും രേഷ്മ തന്നെയായിരുന്നു. കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുന്നത് ഐ.പി.സി 122 പ്രകാരം അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പ്രതിക്കു വീടുനല്‍കിയ വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. ബോംബേറില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സി.പി.എം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍.എസ്.എസ് തലശേരി ഗണ്ട് കാര്യവാഹക് ആയ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍.

ഫെബ്രുവരി 21നായിരുന്നു പുലര്‍ച്ചെ മീന്‍പിടിത്തം കഴിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിനു മുന്നിലായിരുന്നു കൊലപാതകം. കേസില്‍ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular