Tuesday, May 21, 2024
HomeKeralaചന്ദനമരങ്ങള്‍ക്ക് നടുവില്‍ സോമൻ ദരിദ്രനായി ജീവിച്ചു, മരിച്ചു

ചന്ദനമരങ്ങള്‍ക്ക് നടുവില്‍ സോമൻ ദരിദ്രനായി ജീവിച്ചു, മരിച്ചു

റയൂർ: കാന്തല്ലൂർ കുണ്ടക്കാട് ചിറക്കടവ് പേരൂർ സോമന്റെ (60) വീട്ടുവളപ്പില്‍ കോടികള്‍ വിലവരുന്ന ചന്ദനമരങ്ങള്‍ ഉണ്ടായിരുന്നു.

ഇതുവലിയ വാർത്തയായതാണ്. എന്നാല്‍, ഭൂമിക്ക് എല്‍.എ. പട്ടയമായതിനാല്‍ സോമന് ഈ മരങ്ങള്‍ക്കൊണ്ട് ഒരു പ്രയോജനവും ലഭിച്ചില്ല. വർഷങ്ങള്‍ക്ക് മുൻപ് വാഹനാപകടത്തില്‍ പരിക്കേറ്റ സോമന്റെ ചികിത്സയ്ക്കുപോലും ഇവ ഉപകരിച്ചില്ല. ഒടുവില്‍ പണവും ചികിത്സയുമൊന്നും വേണ്ടാത്ത ലോകത്തേക്ക് സോമൻ യാത്രയായി.

ഇരുമ്ബുപണിക്കാരനായ സോമന് രണ്ടരയേക്കർ ഭൂമി ഉണ്ടെങ്കിലും കൃഷിയോഗ്യമല്ലായിരുന്നു. എന്നാല്‍, ഇവിടെ ചന്ദനമരങ്ങള്‍ തനിയെ കിളിർത്തു. 40 എണ്ണം തഴച്ചുവളർന്നു. മരങ്ങള്‍ വളർന്നതോടെ സോമനും കുടുംബത്തിനും ഉറക്കമില്ലാതായി.

നിധി കാക്കുന്ന ഭൂതംപോലെ ഇവ സംരക്ഷിക്കേണ്ട അവസ്ഥ. കണ്ണൊന്ന് തെറ്റിയാല്‍ കൊള്ളക്കാർ മരം മുറിച്ചുകടത്തും. 39 മരങ്ങളും കള്ളൻമാർ കടത്തി. ബാക്കിനിന്നിരുന്ന മരം സ്വകാര്യഭൂമികളിലെ ഏറ്റവും വലുതായിരുന്നു. ഒരുകോടി രൂപ ഇതിന് മതിപ്പുവിലയുണ്ടായിരുന്നു. ഇത് കടത്താനായി കൊള്ളക്കാർ ഒറ്റപ്പെട്ട പ്രദേശത്ത് കഴിയുന്ന തങ്ങളെ ഉപദ്രവിക്കുമോ എന്ന് സോമനും കുടുംബവും ഭയന്നു.

സ്വന്തം ഭൂമിയിലാണെങ്കിലും ചന്ദനമരം വെട്ടാൻ ഇവിടത്തെ ഭൂ ഉടമകള്‍ക്ക് കഴിയില്ല. വനംവകുപ്പാണ് ഇത് പിഴുതു കൊണ്ടുപോകേണ്ടിയിരുന്നത്. മരങ്ങള്‍ പിഴുത് മാറ്റണമെന്നും മോഷ്ടാക്കളില്‍നിന്ന് രക്ഷിക്കണമെന്നും സോമൻ പലവട്ടം വനംവകുപ്പിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, പച്ചമരം പിഴുതെടുക്കുന്നതിന് നിയമതടസ്സമുള്ളതിനാല്‍ വനംവകുപ്പിന് അത് കഴിഞ്ഞില്ല. ബാക്കിയായ ഒരേയൊരു വൻമരത്തിന്റെ ശിഖരംകൂടി കൊള്ളക്കാർ മുറിച്ചു കടത്തിയതോടെ ഇത് പിഴുതെടുക്കാൻ കളക്ടർ പ്രത്യേക ഉത്തരവിട്ടു.

2023 ഫെബ്രുവരി 22-ന് മരം പിഴുതെടുത്ത് ചന്ദനഗോഡൗണിലേക്ക് കൊണ്ടുപോയി. ലേലത്തില്‍ 1.27 കോടി രൂപയാണ് ഈ മരത്തിന് കിട്ടിയത്.

എന്നാല്‍, ഇത്രയുംനാള്‍ ജീവൻ പണയംവെച്ച്‌ മരത്തിന് കാവലിരുന്ന സോമനും കുടുംബത്തിനും ഇതില്‍നിന്ന് നയാപൈസ കിട്ടിയില്ല. എല്‍.എ. പട്ടയഭൂമിയിലുള്ള ചന്ദനമരങ്ങള്‍ സർക്കാരിന് അവകാശപ്പെട്ടതാണ് എന്ന നിയമമായിരുന്നു കാരണം. പട്ടയഭൂമിയിലെ ചന്ദനമരങ്ങള്‍ റിസർവ് ചെയ്തിരുന്നു. കുറച്ചെങ്കിലും പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോമൻ വനംവകുപ്പ് ഓഫീസുകളില്‍ പലവട്ടം കയറിയിറങ്ങിയെങ്കിലും നിയമം പറഞ്ഞ് അവർ കൈമലർത്തി.

വാഹനാപകടത്തെത്തുടർന്ന് വലിയ ആരോഗ്യപ്രശ്നങ്ങളാണ് സോമൻ നേരിട്ടിരുന്നത്. പണമില്ലാത്തതിനാല്‍ കൃത്യമായ ചികിത്സയും തേടാൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം രക്തസമ്മർദ്ദം കൂടി തൊടുപുഴ ജില്ല ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കുമ്ബോഴാണ് മരിച്ചത്.

രോഗിയായ ഭാര്യ ലതികയും മക്കളായ അഭിലാഷും അമൃതയും സഹോദരി വത്സലയുമാണ് വീട്ടിലുള്ളത്. ലതിക തൊഴിലുറപ്പ് ജോലിക്ക് പോകും. വത്സല തയ്യല്‍പ്പണി ചെയ്യും. ഇതുകൊണ്ടാണ് കുടുംബം കഴിയുന്നത്. മക്കള്‍ വിദ്യാർഥികളാണ്. സംസ്കാരം ചൊവ്വാഴ്ച 10-ന് വീട്ടുവളപ്പില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular