Saturday, May 18, 2024
HomeKeralaപി. രാജീവിനെ തള്ളി ഡബ്ല്യു.സി.സി; റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ല -ദീദി ദാമോദരന്‍

പി. രാജീവിനെ തള്ളി ഡബ്ല്യു.സി.സി; റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ല -ദീദി ദാമോദരന്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടെന്ന മന്ത്രിയുടെ പ്രസ്താവന തള്ളി ഡബ്ല്യു.സി.സി.

റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നാണ് കരുതുന്നതെന്നും ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് ഡബ്ല്യു.സി.സി ഔദ്യോഗികമായി എഴുതി അപേക്ഷ നല്‍കിയതാണ്. അതില്‍ തന്നെയാണ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്. അതില്‍ ഒരു മാറ്റവുമില്ല. അന്നും ഇന്നും റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് തന്നെയാണ് ആവശ്യം -ദീദി ദാമോദരന്‍ പറഞ്ഞു.

മന്ത്രിയുടെ തെറ്റിദ്ധാരണയായിരിക്കും എന്നാണ് കരുതുന്നത്. എന്താണ് മന്ത്രി അങ്ങനെ പറയാന്‍ കാരണമെന്ന് അറിയില്ല. മന്ത്രിയും ഇടതു സര്‍ക്കാറും ഡബ്ല്യു.സി.സിയുടെ കൂടെയാണ് നിന്നിട്ടുള്ളത്. ഹേമ കമ്മിറ്റിക്ക് എല്ലാവരും രഹസ്യ സ്വഭാവമുള്ള മൊഴിയല്ല നല്‍കിയതെന്നും അവര്‍ പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ് ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഡബ്ല്യു.സി.സി. അംഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് വന്നത്.

ഇന്ന് ഇതേക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍, ഇക്കാര്യം മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കുമെന്നതിനാലാണ് കമ്മിറ്റിക്ക് മുമ്ബില്‍ മൊഴികള്‍ കൊടുത്തിരിക്കുന്നതെന്നും അതിനാല്‍ ഇതെല്ലാം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular