Friday, May 3, 2024
HomeUSAതളരാത്ത സേവന സന്നദ്ധതയോടെ ഐനാനി നഴ്സസ് ദിനം ആഘോഷിച്ചു

തളരാത്ത സേവന സന്നദ്ധതയോടെ ഐനാനി നഴ്സസ് ദിനം ആഘോഷിച്ചു

ന്യു യോർക്ക്: രോഗികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആശ്വാസത്തിനും ക്ഷേമത്തിനും ആരോഗ്യത്തിനും മുൻഗണന നൽകി പ്രവർത്തിക്കുന്ന  ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി)  നഴ്സസ് ദിനം ആഘോഷിക്കാൻ ഒത്തുകൂടി.

ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രൊമോഷൻ, നഴ്സിംഗ് പ്രൊഫെഷന്റെ മികവിനുള്ള അംഗീകാരം, വിദ്യാഭ്യാസ നേട്ടങ്ങൾക്കുള്ള ബഹുമതി, നഴ്സിംഗ് സംബന്ധമായ പ്രൊഫെഷണൽ സാഹിത്യ മികവിനുള്ള ബഹുമതി എന്നീ ഗൗരവമായ കാര്യങ്ങൾ ഉൾപ്പെടുത്തി   വർണ്ണ ശബളമായ പരിപാടികളാണ് ഒരുക്കിയിരുന്നത്.

ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ ആയിരുന്നു നഴ്സസ് ദിനാഘോഷം നടന്നത്.  സംഗീതത്തിന്റെയും ചെണ്ടയുടെയും അകമ്പടിയിൽ  അസോസിയേഷന്റെ നേതൃകമ്മിറ്റി ആഘോഷ ഹാളിൽ വന്നതോടെ പരിപാടികൾ ആരംഭിച്ചു.

ബീന വിനോജ്  ‘ഷവേഴ്സ് ഓഫ് ബ്ലസിങ്സ്’  എന്ന പ്രാർത്ഥനാഗാനം പാടി.  ക്രിസ്റ്റൽ ഷാജൻ അമേരിക്കൻ ദേശീയ ഗാനവും സോമി മാത്യു ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.  സെക്രട്ടറി ജെസ്സി ജെയിംസ് സ്വാഗതം ആശംസിച്ചു.  ഇക്കഴിഞ്ഞ കാലഘട്ടത്തിൽ നഴ്സിംഗ്  കമ്മ്യൂണിറ്റിക്കും ഇന്ത്യൻ സമൂഹത്തിനും മുഖ്യധാരാ സമൂഹത്തിന്റെ ആരോഗ്യ ക്ഷേമത്തിനും വേണ്ടി ഐനാനി ചെയ്തിട്ടുള്ള കാര്യങ്ങളെ വിവരിച്ചു കൊണ്ടുള്ളതായിരുന്നു പ്രസിഡന്റ് ഡോക്ടർ അന്നാ ജോർജിന്റെ അധ്യക്ഷ പ്രസംഗം.  അഭൂതപൂർവ്വമായ ഒരു മാരക വ്യാധി സമൂഹത്തിൽ ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചപ്പോൾ അതിന്റെ ഇരകൾ ആയി വേദന അനുഭവിച്ചവർക്കും മരണം വരിച്ചവർക്കും ക്ഷയിക്കാത്ത സഹിഷ്ണതയോടെ നിരന്തരം  ആശ്വാസ-ശുശ്രുഷകൾ ചെയ്തവർ ആണ് നഴ്സുമാർ.

ക്ഷീണത്തെ അതിജീവിക്കുന്ന ധൈര്യത്തോടെ ഐനാനി നഴ്സുമാർക്ക് തുടർ വിദ്യാഭാസം നൽകുകയും പ്രാദേശികതലത്തിലും ഇന്ത്യയിലും മാസ്ക്, ഗ്ലോവ്സ്, ഗൗൺ, സാനിറ്റൈസർ മുതലായ സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്ത് അടിയന്തിര സഹായം നൽകി.  പകർച്ചവ്യാധിയുടെ തീവ്രതയിലും സൂപ് കിച്ചണിൽ പോയി സമൂഹത്തിൽ സാമ്പത്തിക പിന്നോക്കം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ഐനാനി നഴ്സുമാർ സമയം കണ്ടെത്തിയിരുന്നു.

ആരോഗ്യമേഖലയിലെ വിദഗ്ദ്ധരെ സംഘടിപ്പിച്ചു വെർച്വൽ ആയി പല സെമിനാറുകളും ഐനാനി നടത്തിയിരുന്നു.  ഈയിടെ ലോങ്ങ് ഐലൻഡിൽ നടത്തിയ ഹെൽത് ഫെയർപ്രാദേശിക സമൂഹത്തിലെ രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള ഇൻഷുറൻസ് ഇല്ലാത്തവർക്കും മറ്റു പരിമിതികൾ ഉള്ളവർക്കും സഹായമായി.

ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസും നോർത്ത് വെൽ ഹെൽത്തും നാസാ  യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററും ഐനാനിക്ക് പിന്തുണയും സഹായവും പങ്കാളിത്തവും ആയി വന്നത് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സേവന പ്രാമുഖ്യത്തെ  സ്ഥിരീകരിക്കുന്നതിന്റെ ഉദാഹരണം ആണെന്ന്  അവർ  ചൂണ്ടിക്കാട്ടി.

കൾച്ചറൽ കമ്മിറ്റി ചെയർ ലിസ്സി കൊച്ചുപുരക്കലും കൂട്ടരും അവതരിപ്പിച്ച സ്കിറ്റ് ഫ്ലോറെൻസ് നൈറ്റിൻഗേൽ  ക്രൈമിയൻ യുദ്ധ രംഗത്ത് ചെയ്ത നഴ്സിംഗ് സേവനത്തെ ദ്യോതിപ്പിക്കുന്നതായിരുന്നു.   ഐനാനിയുടെ ഇമ്മീഡിയറ്റ് പാസ്ററ് പ്രസിഡന്റ് താരാ ഷാജൻ സദസ്സിലെ നഴ്സുമാർക്ക് പുനർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കീനോട്ട് സ്പീക്കർ  അമേരിക്കയിലെ ഏറ്റവും വലിയ പബ്ലിക് ഹെൽത് കെയർ സിസ്റ്റമായ ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസിലെ നോർത്ത് സെൻട്രൽ ബ്രോങ്ക്സിലെ ചീഫ് നഴ്സിംഗ് ഓഫീസർ ഡോക്ടർ നീന ഫിലിപ് ആയിരുന്നു.  അമേരിക്കയിൽ കുടിയേറിയത് മുതൽ തന്റെ അമ്മയും മറ്റു പ്രവാസി നഴ്സുമാരും വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യ തുല്യതയ്ക്കു വേണ്ടി ചെയ്തിട്ടുള്ള, ചെയ്തുകൊണ്ടിരിക്കുന്ന അനേകമനേകം  സേവങ്ങൾ അഭിമാനിതവും പ്രചോദിതവും ആണെന്ന് അവർ പറഞ്ഞു.


തിരി കൊളുത്തലിനു തുടക്കമിട്ടത് ആഘോഷത്തിന്റെ  ഗ്രാൻറ്  സ്പോൺസർ അറ്റ്ലാന്റിക് ഡയാലിസിസ് മാനേജ്മന്റ് സെർവീസസിന്റെ ഉടമസ്ഥനും നെഫ്രോളജിസ്റ്റും ഗവേഷകനും ക്വീൻസ് കൊറിയർ പത്രത്തിന്റെ ‘കിംഗ് ഓഫ് ക്വീൻസ്’ അവാർഡ് ജേതാവുമായ  ഡോക്ടർ ഗണേഷ് ഭട്ട് ആയിരുന്നു.  മംഗലാപുരത്തുകാരനായ തനിക്കു മലയാളീ നഴ്സുമാർ ചെയ്യുന്ന മഹത്തായ കാര്യങ്ങളിൽ പറഞ്ഞറിയിക്കാനാകാത്ത അഭിമാനം ആണുള്ളത്.  ഭാവിയിലും തന്റെ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

അവാർഡ് ദാന ചടങ്ങുകൾക്ക് കമ്മിറ്റി ചെയർ ഗ്രേസ് അലക്സാൻഡർ നേതൃത്വം വഹിച്ചു.  മുൻ പ്രസിഡന്റ് ശോശാമ്മ  ആൻഡ്രൂസ്, നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ മുൻ പ്രെസിഡന്റും ഐനാനിയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ആയ ഡോക്ടർ സോളിമോൾ കുരുവിള നേഴ്സ് എക്സെലെൻസ് അവാർഡ് നേടിയ ലൈസി അലെക്സിനും ഡോക്ടർ ഷൈല റോഷിനും അവാർഡുകൾ നൽകി. സിസിലി ജോയ് സ്റ്റുഡൻറ് സ്കോളർഷിപ്പും, ഈ വർഷം ഗ്രാജുവെറ്റ്  ചെയ്തവർക്കുള്ള ബഹുമതികളും കൊടുത്തു.  ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത്  ഡോക്ടർ ദീപ്തി നായർക്ക് ആയിരുന്നു.  റണ്ണേഴ്സ് അപ്പ് നേടിയത് ജയാ തോമസിനും ഡോക്ടർ ജെസ്സി കുര്യനും.  അവർക്ക് പോൾ പനയ്ക്കൽ അവാർഡുകൾ നൽകി.
തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ  സംഘടിപ്പിച്ച ഹെൽത് ഫെയറിലൂടെ ചെയ്ത ആരോഗ്യ സഹായങ്ങൾക്ക് ന്യൂ യോർക്ക് സെനറ്റിലെ ആദ്യത്തെ ഇന്ത്യൻ അംഗമായ മലയാളി സെനറ്റർ കെവിൻ തോമസ് അഭിനന്ദിച്ചു.  ‘സെയ്ഫ് സ്റ്റാഫിങ് ഫോർ ക്വാളിറ്റി   കെയർ ആക്ട്’    നിയമം ന്യൂ യോർക്ക് സ്റ്റേറ്റിൽ പാസ്സാക്കുന്നതിൽ മുന്കയ്യെടുക്കുവാൻ ഹെൽത് കമ്മിറ്റി അംഗം എന്ന നിലയിൽ സാധിച്ചതിൽ  കൃതാർഥത പ്രകടിപ്പിച്ചതോടൊപ്പം തുടർന്നും തന്റെ പങ്കാളിത്തവും സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു അദ്ദേഹം.  ഹോസ്പിറ്റലിലുകളിലും നഴ്സിംഗ് ഹോമുകളിലും രോഗികളുടെ ആവശ്യം സുരക്ഷമായി നടത്തി കൊടുക്കുവാൻ വേണ്ട വിധം ആയിരിക്കണം നേഴ്സ് പേഷ്യന്റ് അനുപാതം എന്ന നിയമത്തിനു വേണ്ടി സംസ്ഥാനത്തെ നഴ്സിംഗ് സംഘടനകൾ അനേക വർഷങ്ങൾ ആയി ശ്രമിക്കുകയായിരുന്നു.  അസംബ്ലി ബിൽ പാസ്സാക്കിയിരുന്നുവെങ്കിലും സെനറ്റ്  നടപടി എടുത്തിട്ടില്ലായിരുന്നു.

അലീന വാതപ്പള്ളി, ജെസ്ലിൻ ആന്റണി, ലിസ് മനൂപറമ്പിൽ, നിക്കോൾ മണലിൽ, ടെസ്സ ലാൽസൺ എന്നിവരുടെ സമൂഹ ഗാനവും ഷൈനി സേവിയർ, ജെസ്സി ബോബ്, റ്റെസ് ജോൺ, സിസ്സി റോയ്, വിൻസ് ജോൺസൺ, സിന്ധു സന്തോഷ്, ജെയ് വാഴപ്പള്ളിൽ,  ജെയ് മനൂപറമ്പിൽ, എന്നീ നഴ്സുമാരുടെ സംഘനൃത്വവും റോഷിൻ മാമ്മൻ, സോമി-ജോയ് ദമ്പതികളുടെ ഗാനവും ആഷ്വിൻ ആന്റണിയുടെ ഇൻസ്ട്രുമെന്റൽ മ്യൂസിക്കും ആഘോഷത്തിന് ഇമ്പവും മനോഹാരിതയും ഹരവും പകർന്നു.  കെൽട്രോൺ ടാക്സ് കോർപറേഷന്റെ ടോം ജോർജ്, ബാബു പാലയ്ക്കൽ ഹെഡ്ജ് സജി, സാബു ലൂക്കോസ്, എന്നീ സ്പോന്സര്മാരുടെ പിന്തുണയ്ക്കും സഹകരണത്തിനും ഐനാനിയുടെ മുൻ പ്രെസിഡന്റും അഡ്വൈസറി കൗൺസിൽ  അംഗവുമായ മേരി ഫിലിപ് പുകഴ്ത്തി. ഏലിയാമ്മ മാത്യു, ഡോളമ്മ പണിക്കർ, ഡോക്ടർ ജെസ്സി കുരിയൻ  എന്നിവർ റാഫിൾ വിതരണവും നറുക്കെടുപ്പും നടത്തി.   ജോയിന്റ് സെക്രട്ടറി ഏലിയാമ്മ അപ്പുകുട്ടൻ നന്ദി പ്രകാശിപ്പിച്ചു.

ഡോക്ടർ ഷൈല റോഷനും മേരി ഫിലിപ്പും കൂടി ചുക്കാൻ പിടിച്ച നഴ്സസ് ദിനം ഏതു പ്രതികൂല സാഹചര്യങ്ങളെയും  അതിജീവിച്ചു പുതിയ വെല്ലുവിളികളെ  നേരിട്ട്  വീണ്ടും സേവനത്തിനുള്ള  കരുത്താർജ്ജിക്കുവാൻ നഴ്സുമാർക്ക് കഴിയും എന്നതിന്റെ തെളിവായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular