Friday, May 3, 2024
HomeIndiaനയതന്ത്ര നീക്കങ്ങൾ നന്ന്, പക്ഷെ മോദിജിയുടെ നീക്കമാണു ഞങ്ങൾ കാക്കുന്നത്

നയതന്ത്ര നീക്കങ്ങൾ നന്ന്, പക്ഷെ മോദിജിയുടെ നീക്കമാണു ഞങ്ങൾ കാക്കുന്നത്

പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിച്ച സംഭവം നയതന്ത്ര തലത്തിൽ സ്വച്ഛമായി പരിഹരിക്കാനും നാണം കെടുത്തുന്ന മാപ്പപേക്ഷ ഒഴിവാക്കാനുമുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജിതമാക്കിയെന്നു ഡൽഹി റിപ്പോർട്ടുകളിൽ കാണുന്നു. ചില നയതന്ത്ര പ്രതിനിധികൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഓടുന്നുണ്ടത്രേ. ഡൽഹിയിലെ മാധ്യമസുഹൃത്തുക്കളെ വിളിച്ചാൽ അവർ ചില പേരുകളൊക്കെ പറയും. ചില കാലങ്ങളിൽ അങ്ങിനെ ചില അവതാര പുരുഷന്മാരൊക്കെ വന്നു പോകുന്നത് ഡൽഹിയിൽ പതിവാണ്. അത്തരക്കാർക്കൊന്നും പരിഹാരം കാണാൻ കഴിയുന്ന വിഷയമല്ല ഇത്.

ഇസ്‌ലാമിക രാജ്യങ്ങളിൽ പ്രശ്നം കെട്ടടങ്ങാതെ നിൽപ്പാണു താനും. ഗൾഫ് രാജ്യങ്ങൾക്കു പുറമെ ഇറാഖ്, ലിബിയ, മലേഷ്യ, തുർക്കി എന്നിങ്ങനെ പതിനഞ്ചോളം രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിനു ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുമെന്ന ഭീഷണി തന്നെ അപകട സൂചനയാണ്. തൊഴിൽ നഷ്ട ഭീഷണിയും ഉയർന്നു കഴിഞ്ഞു. സൗദിയിലെ ഒരു ഡസനോളം ആശുപത്രികൾ നടത്തുന്ന ഒരു ഗ്രൂപ് ഇനി ഹിന്ദുക്കളെ ജോലിക്കെടുക്കില്ലെന്നു പ്രഖ്യാപിച്ചു.

അതിനിടെ അൽ ഖൈദയോ പാകിസ്ഥാനോ ഒക്കെ മുറുമുറുക്കുന്നതൊന്നും കാര്യമാക്കേണ്ട. അവരെയൊക്കെ നോക്കാൻ നമുക്ക് ആൾക്കാർ വേറെയുണ്ട്.

ഇന്ത്യ മാപ്പു ചോദിക്കണം എന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ അനുകൂലമല്ല എന്നതിൽ അത്ഭുതമൊന്നും ഇല്ല. ഭരണകക്ഷി വക്താവ് നടത്തിയ പരാമർശം പ്രകോപനപരമാണെന്നു ഇന്ത്യ സമ്മതിക്കുന്നു. അതിനു അവരുടെ പേരിൽ ബി ജെ പി നടപടിയെടുത്തു എന്നും ചൂണ്ടിക്കാട്ടുന്നു. സർക്കാർ പക്ഷെ കുറ്റമൊന്നും ചെയ്തിട്ടില്ല. അപ്പോൾ പിന്നെ ഇന്ത്യ എന്തിനു മാപ്പു ചോദിക്കണം.

ചരിത്രത്തിൽ അത്തരം കീഴ്വഴക്കങ്ങൾ ഇല്ല. ഉണ്ടാവേണ്ട കാര്യവുമില്ല.

എന്നാൽ നൂപുർ ശർമയ്‌ക്കെതിരെ വിദ്വേഷ പരാമർശത്തിനു കേസെടുത്തു അവരെ ജയിലിൽ അടയ്ക്കണമെന്ന ആവശ്യമെങ്കിലും നടപ്പാക്കാതെ  തീയണയ്ക്കാൻ ബുദ്ധിമുട്ടാവും. മഹാരാഷ്ട്ര അവർക്കെതിരെ നീക്കം നടത്തുന്നു എന്നതിൽ കാര്യമൊന്നുമില്ല. ബി ജെ പി യെ നഖശിഖാന്തം എതിർക്കുന്ന, കേന്ദ്ര ഏജൻസികളുടെ പീഡനം നിരന്തരം ഏറ്റുവാങ്ങുന്ന സർക്കാരാണ് ശിവസേനയുടേത്. അവർ തിരിച്ചടിക്കാൻ കിട്ടിയ അവസരം മുതലാക്കുമെങ്കിലും അന്യ രാജ്യങ്ങൾ പ്രതീക്ഷിക്കുന്നതു കേന്ദ്ര സർക്കാരിന്റെ നീക്കമാണ്.

അതുണ്ടാവുന്നില്ല. വിവാദം തണുപ്പിക്കാൻ കഴിയുന്ന നാലു വാക്കു പ്രധാനമന്ത്രി പറയുമെന്ന് പ്രതീക്ഷിച്ചവർക്കാവട്ടെ നിരാശ മാത്രം. ഇസ്ലാമിക രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഉള്ളിൽ ആളുന്ന തീ അദ്ദേഹം ഇനിയെങ്കിലും കാണേണ്ടതാണ്.

ബി ജെ പി വക്താക്കൾക്ക് നിയന്ത്രണം കൊണ്ടു വന്നതൊക്കെ കൊള്ളാം. അതൊക്കെ പക്ഷെ വെറും തൊലിപ്പുറമേ മാത്രമുള്ള പരിഹാരങ്ങളാണ്. വായ് തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന നിരവധി സംഘ് പരിവാർ നേതാക്കൾ ഈ വിശാലരാജ്യത്തു തലങ്ങും വിലങ്ങും ഓടി നടന്നു വിഷം വിളമ്പുന്നുണ്ട്. കലാപം ഇന്ത്യ കാൺപൂരിൽ വിഷം വിളമ്പിയ ഹർഷിത് ശ്രീവാസ്തവ എന്നൊരാളെ ദിവസങ്ങൾ കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. മൊത്തത്തിൽ സംയമനം ഉറപ്പാക്കാനുള്ള ശർമങ്ങൾ എത്ര അർദ്ധ മനസോടെയാണ് നടക്കുന്നതെന്ന് അതൊക്കെ സൂചിപ്പിക്കുന്നു.

മെയ് 26നു നൂപുർ ശർമയുടെ പരാമർശം ഉണ്ടായ ശേഷം ജൂൺ ആറിനാണ് ഗൾഫിൽ നിന്ന് ആദ്യത്തെ പ്രതികരണം ഉണ്ടാവുന്നത്. അത്രയും ദിവസം നയതന്ത്ര തലത്തിൽ നീങ്ങി പ്രശ്നം ഒതുക്കാനുള്ള സമയം ഉണ്ടായിരുന്നു. എന്നാൽ കനലുകൾ ആളിപ്പിടിക്കുന്നതു വരെ പാളിച്ച നിസംഗതയും നിശ്ശബ്ദതയുമൊക്കെ കാര്യങ്ങൾ സങ്കീർണമാകാൻ മാത്രമേ സഹായിച്ചുള്ളൂ.

ഇവിടെ മനസിലാക്കേണ്ടതു മുഹമ്മദ് നബിയോടുള്ള അവഹേളനം എത്ര ഗൗരവമേറിയ പ്രതികരണം വിളിച്ചു വരുത്തുന്നതാണ് എന്ന കാര്യം ആരും ശ്രദ്ധിച്ചില്ല എന്നതാണ്. വിദേശബന്ധങ്ങളിൽ പരസ്‌പരമുള്ള വിട്ടുവീഴ്ചകളാണ് പരിഹാരങ്ങൾ കൊണ്ടുവരുന്നത്. വട്ടമേശയായാലും നീണ്ട മേശയായാലും പരിഹാരത്തിന് നിരവധി വഴികളുണ്ട്. പക്ഷെ അതിനുള്ള നിശ്ചയദാർഢ്യം ഉണ്ടാവണം. ലോകത്തിനു മുന്നിൽ മൂല്യം കൂടിവരുന്ന രാജ്യമാണ് ഇന്ത്യ. മാപ്പു ചോദിച്ചു നാണം കെടുന്നതിനു പകരം ഒരു ഒത്തുതീർപ്പുണ്ടാക്കാൻ ഇതു വരെയും കഴിഞ്ഞിട്ടില്ല.

ബഹുമാനയായ നരേന്ദ്ര മോദിക്ക് ഒരു പക്ഷെ ഒന്നോ രണ്ടോ ഫോൺ കോളുകൾ കൊണ്ട് തീർക്കാൻ കഴിയുന്ന പ്രശ്നമാവാം ഇത്. അത് തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്. അതിൽ കുറഞ്ഞ വേഷങ്ങൾക്കൊന്നും ഇക്കാര്യത്തിൽ ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. കടുകട്ടിക്കാരനായ ഒരു ടെക്നോക്രറ്റിന്റെ കൈയിൽ വിദേശനയം സുരക്ഷിതമാണ് എന്ന വിശ്വാസത്തിൽ മോദി ഉറച്ചു നിൽപ്പാണെങ്കിൽ തെറ്റി. മൃദുഭാവം കൊണ്ടു നേടാൻ കഴിയുന്നതെങ്ങിനെ എന്നറിയാവുന്ന രാഷ്ട്രീയക്കാരന്റെ ബുദ്ധിയാണ് ഇന്ന് ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular