Sunday, May 19, 2024
HomeKeralaമുസ്ലിം ആരാധനാലയങ്ങള്‍ക്ക് മാത്രം എന്തിന് ഇണ്ടാസ്?; പൊലീസിനെതിരെ വി.ടി ബല്‍റാം

മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മാത്രം എന്തിന് ഇണ്ടാസ്?; പൊലീസിനെതിരെ വി.ടി ബല്‍റാം

കോഴിക്കോട്: മുസ്ലിം പള്ളികളിലെ ജുമുഅ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട കണ്ണൂര്‍ പൊലീസിന്റെ നോട്ടീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം.

മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പൊലീസിന്റെ ഇണ്ടാസ് എന്തിനെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശശികല അടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്ബലകമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പിണറായി വിജയന്റെ പൊലീസ് തയാറാകുമോ എന്നും ബല്‍റാം ചോദിക്കുന്നു.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തില്‍ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിന് ശേഷം “സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍” നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നില്ല.

എന്നാല്‍ പി.സി.ജോര്‍ജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച്‌ ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചര്‍ച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ കണ്ടന്റ് എത്രത്തോളം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസില്‍ ജോര്‍ജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാര്‍ തന്നെയായിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. അതായത് ജോര്‍ജിന്റെ പ്രസംഗത്തെ സംഘാടകര്‍ ശരിവയ്ക്കുന്നു എന്നര്‍ത്ഥം.

നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്ബില്ലാത്ത വിദ്വേഷ പ്രചരണങ്ങള്‍ക്കും വേദിയായത് ആരാധനാലയങ്ങള്‍ തന്നെയാണ്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി.

പിന്നെന്തിനാണ് മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്ബലകമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോ?

 മുസ് ലിം പള്ളികള്‍ക്ക് കണ്ണൂര്‍ പൊലീസ് നല്‍കിയ നോട്ടീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular