Friday, May 17, 2024
HomeGulfബലിപെരുന്നാള്‍ സാമൂഹിക ഐക്യവും പരസ്പര സ്നേഹവും പകരാനുള്ളതാകണം: കാന്തപുരം

ബലിപെരുന്നാള്‍ സാമൂഹിക ഐക്യവും പരസ്പര സ്നേഹവും പകരാനുള്ളതാകണം: കാന്തപുരം

മക്ക | ത്യാഗനിര്‍ഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളില്‍ തളരാതെ മുന്നേറാനുമുള്ള പ്രചോദനമാണ് നമുക്ക് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശമെന്ന് ഇന്ത്്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂക്കര്‍ മുസ്ലിയാര്‍.

സാമൂഹിക പ്രതിസന്ധികളെ സംയമനത്തോടെ നേരിടുകയും വിശ്വാസം കൊണ്ട് പ്രതിരോധിക്കുകയും വേണം. മാനവിക സ്നേഹത്തിന്റെയും വിശ്വ സാഹോദര്യത്തിന്റെയും സ്നേഹാര്‍ദ്രമായ സന്ദേശമാണ് ഹജ്ജ് കര്‍മവും അതിന്റെ പരിസമാപ്തിയോടെ ആഘോഷിക്കുന്ന ബലിപെരുന്നാളും. വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിജയകരമായി മുന്നേറാന്‍ ക്ഷമയും സാഹോദര്യവും അനിവാര്യമാണ്.

എല്ലാ സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും കെട്ടുറപ്പ് ഈ പാരസ്പര്യത്തിലാണ്. വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുള്ള ആളുകള്‍ ഒരുമിച്ചു കൂടുകയും പരസ്പര സഹോദര്യത്തിലും സ്‌നേഹത്തിലും ത്യാഗ സ്മരണകള്‍ പങ്കുവെച്ച്‌ പിരിയുകയും ചെയ്യുന്നു. രാജാവും പ്രജകളും പണക്കാരനും പാമരനും അറബികളും അനറബികളും ഭാഷ-ദേശ-വര്‍ണ-ഭേദമില്ലാതെ പുരുഷന്മാര്‍ക്ക് ഒരു വേഷവും സ്ത്രീകള്‍ക്ക് മറ്റൊരു വേഷവുമായി ഒരുമിച്ചുകൂടുന്ന അറഫാ സൗഹൃദത്തിന്റെയും സമത്വത്തിന്റെയും മഹത്വമാണ് നമ്മെ പഠിപ്പിക്കുന്നത്.

സൃഷ്ടാവിന്റെ മുന്നില്‍ സൂക്ഷ്മതയില്‍ (തഖ്വ) അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സ്വീകരിക്കപ്പെടുന്നതെന്ന പാഠവും നമുക്ക് നല്‍കുന്നുണ്ട്. സൃഷ്ടി ബോധത്തിന്റെ മഹാസംഗമമായ ഹജ്ജ് കര്‍മം മാനവ ഐക്യത്തിന്‍െയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ലോകത്തോട് വിളംബരം ചെയ്യുന്നത്. പരസ്പര സ്‌നേഹത്തിന്റെ ഭാഷ്യങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്ബോഴാണ് വിശുദ്ധ ഹജ്ജിന്റെയും മറ്റു പുണ്യങ്ങളുടെയും അന്തസത്ത ഉള്‍ക്കൊണ്ട് ബലി പെരുന്നാളിനെ സാര്‍ത്ഥകമാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular