Saturday, May 4, 2024
HomeUSAസെനറ്റിൽ വിചാരണയിൽ നിന്നു രക്ഷപെട്ടതിൽ ട്രംപിന് ആഹ്‌ളാദം

സെനറ്റിൽ വിചാരണയിൽ നിന്നു രക്ഷപെട്ടതിൽ ട്രംപിന് ആഹ്‌ളാദം

ജനുവരി 6 അതിക്രമങ്ങളുടെ പേരിൽ തന്നെ കുറ്റവിചാരണ ചെയ്യാനുള്ള നീക്കത്തിൽ യു എസ് സെനറ്റ് പരാജയപ്പെട്ടതിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്‌ളാദം പ്രകടിപ്പിച്ചു. ഏഴു റിപ്പബ്ലിക്കൻ സെനറ്റർമാർ കുറ്റവിചാരണയെ പിന്തുണച്ചെങ്കിലും ഡെമോക്രറ്റുകൾ നടത്തുന്ന ‘വേട്ടയാടലിന്റെ’ ഭാഗമായിരുന്നു ആ നീക്കമെന്നു പറയാൻ ട്രംപ് മടിച്ചില്ല. നേരത്തെ ഹൗസിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങൾ അത്തരമൊരു പ്രമേയത്തെ പിന്താങ്ങിയിരുന്നു.

കുറ്റവിചാരണ ചെയ്യണമെന്ന പ്രമേയത്തിന് അനുകൂലമായി സെനറ്റിൽ 57 വോട്ട് കിട്ടി. എന്നാൽ 43 പേർ എതിർത്തു വോട്ട് ചെയ്‌തപ്പോൾ സെനറ്റിന്റെ മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടാതെ പോയി. അനുകൂലിച്ചവരിൽ 50 മാത്രമായിരുന്നു ഡെമോക്രറ്റുകൾ. ഏഴു റിപ്പബ്ലിക്കൻ സെനറ്റർമാർ. എന്നാൽ റിപ്പബ്ലിക്കൻ വോട്ടുകൾ 17 ലഭിച്ചാൽ മാത്രമേ മൂന്നിൽ രണ്ടു എത്തുമായിരുന്നുള്ളൂ.

‘ഒരു രാഷ്ട്രീയ പാർട്ടി’ തന്നെ വേട്ടയാടുന്നു എന്നാണ് പ്രസ്താവനയിൽ ട്രംപ് പറഞ്ഞത്. “നമ്മൾ ആരാധിക്കുന്ന ഭരണഘടന സംരക്ഷിക്കാനും രാജ്യത്തിൻറെ ഹൃദയത്തിൽ പവിത്രമായി സൂക്ഷിക്കുന്ന നിയമങ്ങൾ ഉയർത്തിപ്പിടിക്കാനും അഭിമാനത്തോടെ നില കൊണ്ട” സാമാജികർക്കു അദ്ദേഹം നന്ദി പറഞ്ഞു. തന്റെ അഭിഭാഷകർക്കും.

ജനുവരി 6 സംഭവങ്ങളെ അദ്ദേഹം പരാമർശിച്ചില്ല.

ട്രംപിനെതിരെ രണ്ടാമത്തെ കുറ്റവിചാരണ നീക്കം ചർച്ച ചെയ്യുമ്പോൾ റിപ്പബ്ലിക്കൻ അംഗങ്ങൾ പോലും ക്യാപിറ്റോളിന് നേരെ നടന്ന അക്രമങ്ങൾ അദ്ദേഹത്തിന്റെ ചൂടു പിടിച്ച സംസാരം കൊണ്ട് ഉണ്ടായതാണെന്നു അഭിപ്രായപ്പെട്ടിരുന്നു. അവർ പ്രമേയത്തിനെതിരെ വോട്ട് ചെയ്‌തത്‌ അദ്ദേഹം ഇപ്പോൾ പ്രസിഡന്റല്ല എന്ന സാങ്കേതികവാദം മാത്രം ഉയർത്തിയാണ്. സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച് മാക്കോണൽ പോലും ട്രംപിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ടാമതും മത്സരിക്കുമെന്ന് സെപ്‌റ്റംബറിൽ ട്രംപ് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. “വരുന്ന മാസങ്ങളിൽ എനിക്ക് നിങ്ങളുമായി ഒട്ടേറെ കാര്യങ്ങൾ പങ്കിടാനുണ്ട്. നമ്മുടെ ജനങ്ങൾക്ക് വേണ്ടി അമേരിക്കയുടെ മഹത്വം വീണ്ടെടുക്കാൻ നമ്മുടെ അവിശ്വസനീയമായ യാത്ര തുടരാൻ ഞാൻ കാത്തിരിക്കയാണ്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular