Friday, May 17, 2024
HomeIndiaരാഹുലില്ല, പ്രിയങ്കയെ കൊണ്ടും കഴിയില്ല: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് മറ്റൊരാള്‍

രാഹുലില്ല, പ്രിയങ്കയെ കൊണ്ടും കഴിയില്ല: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് മറ്റൊരാള്‍

ന്യൂഡല്‍ഹി: അടുത്ത മാസം 20ന് മുമ്ബ് പാര്‍ട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയും രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള നേതാവിന് സാദ്ധ്യതയേറുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍, മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ഉറച്ച്‌ നില്‍ക്കുന്നതായി കേന്ദ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളെ പ്രതിനിധാനം ചെയ്യുന്ന 14,000 പി.സി.സി അംഗങ്ങളാണ് വോട്ടര്‍മാര്‍. തിരഞ്ഞെടുപ്പിന്റെ അന്തിമ തിയതി നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ്. അടുത്തയാഴ്ച കമ്മിറ്റി ചേര്‍ന്ന് അദ്ധ്യക്ഷനെയും പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള വോട്ടര്‍ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും.

സിതാറാം കേസരിക്ക് ശേഷം മൂന്ന് പതിറ്റാണ്ട് പിന്നിടുമ്ബോഴാണ്, ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ പാര്‍ട്ടി അദ്ധ്യക്ഷനായേക്കുമെന്ന സൂചനകള്‍ ശക്തിപ്പെടുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അദ്ധ്യക്ഷന്‍ വേണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് പ്രിയങ്കയുടെ അവസരം നഷ്ടമാക്കുന്നത്. പ്രിയങ്ക നയിച്ച ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പരാജയവും തിരിച്ചടിയായി. ആരോഗ്യ കാരണങ്ങളാല്‍ സോണിയ പദവി ഒഴിയാന്‍ തീരുമാനിച്ചു കഴിഞ്ഞു.

യുവാക്കളെ പരിഗണിക്കണമെന്ന വാദം ഉയരുന്നുണ്ടെങ്കിലും അടുത്ത കാലത്ത് യുവ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയത് ചൂണ്ടിക്കാട്ടി ഒരു വിഭാഗം എതിര്‍ക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ്, സുസ്മിത ദേബ്, ആര്‍.പി.എന്‍ സിംഗ്, കുല്‍ദീപ് ബിഷ്ണോയ് തുടങ്ങിയവര്‍ ഉദാഹരണം. ഇടഞ്ഞുനില്‍ക്കുന്ന ജി-23 നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ഭീതിയും നേതൃത്വത്തിനുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular