Friday, May 17, 2024
HomeKeralaതരൂരിനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്നു ഐ ഓ സി വൈസ് പ്രസിഡന്റ്

തരൂരിനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്നു ഐ ഓ സി വൈസ് പ്രസിഡന്റ്

കോൺഗ്രസ് പ്രസിഡന്റായി ശശി തരൂർ വന്നു കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്-യു എസ് എ വൈസ് പ്രസിഡന്റ് ജോർജ് ഏബ്രഹാം സോണിയാ ഗാന്ധിക്കയച്ച കത്തിൽ പറയുന്നു. രാഹുൽ ഗാന്ധി ആ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കയാണെങ്കിൽ തരൂർ ആണ് പ്രസിഡന്റാവാൻ ഏറ്റവും യോഗ്യൻ എന്നു കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

“വർഷങ്ങളായി പാർട്ടിക്കു വേണ്ടി കഠിനാധ്വാനം ചെയ്ത പല ഉന്നത നേതാക്കളും പിരിയുന്നതിലുള്ള ദുഃഖത്തോടെയാണ് ഞാൻ ഈ കത്തെഴുതുന്നത്,” ഏബ്രഹാം പറയുന്നു. “2024 ലോക് സഭാ തിരഞ്ഞെടുപ്പിലേക്കു വേഗത്തിൽ അടുത്തു കൊണ്ടിരിക്കെ, കോൺഗ്രസ് പാർട്ടിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇല്ലെങ്കിൽ മോദിയുടെ അശ്വമേധമാവും ഇന്ത്യയിൽ വീണ്ടും ഉണ്ടാവുക.

“രാഹുൽ ഗാന്ധി എ ഐ സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയാറില്ലെങ്കിൽ മാത്രം പരിഗണിക്കേണ്ട ഒരു നിർദേശം ഞാൻ സമർപ്പിക്കയാണ്. പാർട്ടിക്ക് ഉയിർത്തെണീക്കാൻ ഉടൻ ചലനമുണ്ടാക്കാൻ കഴിയുന്ന ഒരാളെ പ്രസിഡന്റ് ആക്കണം. എന്റെ മനസിൽ അങ്ങിനെ ഒരാൾ ഉള്ളത് ശശി തരൂർ ആണ്.

“ഉൾവൃത്തങ്ങളിൽ നിന്നു തിരഞ്ഞെടുക്കുന്ന മറ്റൊരാൾക്കു ഒരു ചലനമുണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. നിലവിലുള്ള സംവിധാനത്തിന്റെ ആളായി മാത്രമേ അങ്ങിനെ ഒരാളെ ജനം കാണൂ.

“അടുത്ത തിരഞ്ഞെടുപ്പു ജയിക്കാൻ ദക്ഷിണേന്ത്യയിൽ നിന്നു വിജയങ്ങൾ ഉണ്ടാവണം. ഹിന്ദി ബെൽറ്റ് വീണ്ടെടുക്കാൻ കഴിയാത്ത വിധം നഷ്ടമായി. അതു കൊണ്ടു  തന്നെ തെക്കു നിന്നുള്ള നേതാവിനു പ്രസക്തി ഏറുന്നു. തെക്കും കിഴക്കു മടിച്ചു നിൽക്കുന്ന പാർട്ടികളെയും നേതാക്കളെയും ഒരു സഖ്യത്തിലേക്കു കൊണ്ട് വരാൻ അങ്ങിനെ ഒരാൾ വേണം.”

തരൂർ ജ്ഞാനവും വ്യക്തിപ്രഭാവവും ഉള്ള നേതാവാണെന്ന് ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു. പാർട്ടിയെ ഇന്നത്തെ വീഴ്ചയിൽ നിന്നു പിടിച്ചു കയറ്റാനുള്ള പ്രാഗത്ഭ്യം അദ്ദേഹത്തിനുണ്ട്.

നെഹ്രുവിയൻ ദർശനത്തിൽ വിശ്വസിക്കുന്ന ആളാണ് തരൂർ. അദ്ദേഹത്തിന്റെ രചനകൾ അതു തെളിയിച്ചിട്ടുണ്ട്. പല ഭാഷകൾ സാംസാരിക്കുന്ന തരൂരിന് ആശയ വിനിമയത്തിൽ വലിയ പാടവമുണ്ട്. രാജ്യാന്തര വേദികളിൽ പോലും അദ്ദേഹത്തിനെ പ്രസംഗങ്ങൾ വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്.

“പാർലമെന്റിൽ ബി ജെ പി സർക്കാരിന്റെ പൊള്ളയായ അവകാശവാദങ്ങൾ പലതും തരൂർ പൊളിച്ചിട്ടുണ്ട്. അതിനാവശ്യമായ ഗവേഷണം നടത്തുക അദ്ദേഹത്തിന്റെ പതിവാണ്.

“കേരളത്തിൽ സി പി എമ്മിനു പിടിക്കാവുന്ന സീറ്റിൽ തരൂർ മൂന്നു തവണ ജയിച്ചത് സ്വാഭാവികം.

“യു എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് തരൂർ മത്സരിച്ചതു നമുക്കറിയാം. ആഗോള രംഗത്ത് വിശാലമായ അറിവും പരിജ്ഞാനവുമുള്ള അദ്ദേഹത്തിനു പല ലോക നേതാക്കളുമായി തോളുരുമ്മി നിന്ന ചരിത്രവുമുണ്ട്.”

എവിടെ ചെന്നാലും ആൾക്കൂട്ടത്തെ ആകർഷിക്കുന്ന മികവ് തരൂരിനുണ്ട് എന്ന് ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു. ദശലക്ഷക്കണക്കിനു യുവാക്കളെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിയും.

തന്റെ നിയോജക മണ്ഡലത്തിൽ മികച്ച പ്രവർത്തനമാണു തരൂർ നടത്തിയിട്ടുള്ളത്. അദ്ദേഹം പാർട്ടി പ്രസിഡന്റായാൽ ബി ജെ പി ആയുധമാക്കുന്ന കുടുംബ വാഴ്ചയുടെയും സ്വജന പക്ഷപാതത്തിന്റെയും ആരോപണങ്ങൾ അപ്രസക്തമാവുകയും ചെയ്യും.

രാഹുൽജിയുടെ പിന്തുണ തരൂരിനു തുടർന്ന് ഉണ്ടാവുകയും വേണം.

“തികച്ചും വ്യക്തിപരമായ നിലയ്ക്കു ഞാൻ ഈ നിർദേശം സമർപ്പിക്കയാണ്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular