Saturday, May 18, 2024
HomeKeralaഡോ ജേക്കബ് ഈപ്പനെ ഡിസ്റ്റിൻഗ്വിഷ്ഡ് അലംനി അവാർഡ് നൽകി ആദരിച്ചു

ഡോ ജേക്കബ് ഈപ്പനെ ഡിസ്റ്റിൻഗ്വിഷ്ഡ് അലംനി അവാർഡ് നൽകി ആദരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന പൂർവവിദ്യാർഥി സമാഗമത്തിൽ  കാലിഫോർണിയയിൽ നിന്നുള്ള ലോകപ്രശസ്ത ശിശുരോഗവിദഗ്ധൻ    ഡോ ജേക്കബ് ഈപ്പനെ ഡിസ്റ്റിൻഗ്വിഷ്ഡ് അലംനി അവാർഡ് നൽകി ആദരിച്ചു. പ്രിൻസസ് ഗൗരി ലക്ഷ്മി ഭായി അവാർഡ് സമ്മാനിച്ചു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

ഇതോടനുബന്ധിച്ചു ‘മെഡിക്കൽ ഓൺട്രപ്രെണർഷിപ്പ് ആൻഡ് കരിയർ ഓപ്‌ഷൻസ്’ എന്ന വിഷയത്തിൽ സെമിനാറിൽ എ.കെ.എം.ജിയുടെ 2024 -ലെ നിയുക്ത പ്രസിഡന്റ് ഡോ. സിന്ധു പിള്ളയും    പങ്കെടുത്തു.

സെമിനാറിൽ ഡോ. ജേക്കബ് ഈപ്പൻ  പങ്കുവച്ച നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് സാധ്യതകളുടെ പുതിയൊരു ലോകം പരിചയപ്പെടുത്തി.

കെ.ജയകുമാർ ഐ.എ.എസ് തന്റെ സഹപാഠിയാണെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. സന്തോഷമുള്ള ഡോക്ടറെ കാണുന്ന രോഗിയിലേക്കും ആ സന്തോഷം പടർന്നുപിടിക്കുമെന്ന് കൂട്ടുകാരൻ പറഞ്ഞതും ഡോ. ഈപ്പൻ ചൂണ്ടിക്കാട്ടി. തന്റെ മുഖത്ത് അത്ര സന്തോഷം കാണുന്നില്ലെങ്കിൽ അതിന്റെ കാരണം 22 മണിക്കൂർ ദൈർഘ്യമുള്ള യാത്രയുടെ ക്ഷീണമാണെന്നും അദ്ദേഹം  സരസമായി കൂട്ടിച്ചേർത്തു.

നൂതന ആശയങ്ങളുടെ ഈറ്റില്ലമായ സിലിക്കോൺ വാലിയിൽ നിന്നാണ് താൻ എത്തിയിരിക്കുന്നതെന്ന് ഡോ. ഈപ്പൻ പറഞ്ഞു. കൂടുതൽ പേര് ധരിച്ചുവച്ചിരിക്കുന്നതുപോലെ എഞ്ചിനീയറിംഗ് രംഗത്ത് മാത്രമല്ല,
മെഡിക്കൽ ഫീൽഡിലും മാറ്റങ്ങളുടെ കാറ്റ് ആഞ്ഞുവീശുന്നു.രോഗനിർണയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഉത്പന്നങ്ങൾ കടന്നുവന്നിരിക്കുന്നു. രോഗിക്ക് അനിവാര്യമായ ചികിത്സ കൃത്യമായി നൽകാൻ ഇതിലൂടെ സാധിക്കുമെന്നതാണ് സവിശേഷത.

ആഗോളതലത്തിലെ മാറ്റങ്ങൾ അറിഞ്ഞുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥികൾ അതേ നിലവാരത്തിൽ ചിന്തിച്ച് മുന്നേറണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.120 നൊബേൽ  പുരസ്‌കാര ജേതാക്കളെ സൃഷ്‌ടിച്ച സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും എൺപതില്പരം നൊബേൽ ജേതാക്കളെ സൃഷ്‌ടിച്ച ബെർക്കലിയിലും    പഠിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി താൻ കരുതുന്നു.

ഇതിനൊപ്പം തന്നെ അഭിമാനകരമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ വിദ്യാർത്ഥി എന്ന ലേബൽ.   സിലബസിലൂടെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചുതരിക സാധ്യമല്ലെന്നും, അവനവന്റെ പ്രയത്നത്തിലൂടെ പുതിയ ആശയങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു.

ഓരോ വ്യക്തിയുടെയും ഉള്ളിൽ എന്തായി തീരണമെന്നുള്ള മന്ത്രണമുണ്ടാകുമെന്നും, അത് കണ്ടെത്തി സ്വന്തം കരിയർ കെട്ടിപ്പടുക്കുന്നവൻ വിജയിക്കുമെന്നുമുള്ള ആമസോൺ സിഇഒ ജെഫ് ബിസോസിന്റെ വാക്കുകളും പങ്കുവച്ചു.

ആതുര സേവനത്തിലൂന്നൽ കൊടുത്ത് ബില്യണെയറായ ഡോക്ടർമാർ ഇല്ലെന്നും, ലോകത്തെ ധനികരായ ഡോക്ടർമാർ ഫാർമസ്യുടിക്കൽ കമ്പനിയുടെയും ഇൻഷുറൻസ് കമ്പനിയുടെയും ഉടമകളാണെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. ഏതിനാണ് പ്രാധാന്യം എന്ന രീതിയിൽ കരിയർ പ്ലാൻ ചെയ്യണം.

ബിരുദം നേടുന്നതും സംരംഭകനാകുന്നതും തമ്മിൽ ബന്ധമില്ലെന്നതിന് ബിൽ ഗേറ്റ്സിന് കോളജ് ഡിഗ്രി ഇല്ലെന്നതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു . ടെക്നിക്കൽ സ്കില്ലും മെഡിക്കൽ രംഗത്തെ കഴിവും കോർത്തിണക്കുന്ന പഠനരീതികൾ ഉരുത്തിരിയേണ്ടതുണ്ട് .

സ്വപ്നം സാക്ഷാത്കരിക്കുന്നതിന് അതിനെ പിന്തുടരാനുള്ള ധൈര്യം മാത്രം മതിയെന്ന വോൾട്ട് ഡിസ്നിയുടെ വാക്കുകളും ഡോക്ടർ ഊന്നിപ്പറഞ്ഞു.

താൻ ആലപ്പുഴ മെഡിക്കൽ കോളജിലെ പൂർവ വിദ്യാർത്ഥി ആണെന്ന് പറഞ്ഞാണ് ഡോ സിന്ധു പിള്ള പ്രസംഗമാരംഭിച്ചത്. എ.കെ.എം.ജിയുടെ പ്രവർത്തനങ്ങളും സേവനങ്ങളും അവർ വിവരിച്ചു. അടുത്തയിടക്ക് ടൊറന്റോയിൽ നടന്ന കൺവൻഷൻ വലിയ വിജയമായിരുന്നു. അടുത്തവർഷം മിഷിഗണിലെ ഗ്രാൻഡ് റാപിഡ്‌സിൽ ഡോ . ഗീതാ നായരുടെ നേതൃത്വത്തിലാണ് കൺവൻഷൻ. 2024 -ൽ തന്റെ നേതൃത്വത്തിലും. മിക്കവാറും അത് സാൻഡിയെഗോയിലായിരിക്കും.

ധാരാളം  ചെറുപ്പക്കാരായ ഡോക്ടർമാർ ഇപ്പോൾ സംഘടനയിലേക്ക് വരുന്നു. അവർക്കും  അതുപോലെ അമേരിക്കയിലെത്താൻ ആഗ്രഹിക്കുന്നവർക്കും മെന്റോർഷിപ്പ് അവസരങ്ങൾ ഒരുക്കാൻ സംഘടന ശ്രമിക്കുന്നുവെന്നവർ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular