Sunday, May 19, 2024
HomeKeralaസാന്ദ്രാ മാധവ്; മലയാളപാട്ടു വഴിയില്‍ ഉറച്ച ചുവടുവയ്പ്പോടെ പെണ്ണെഴുത്ത്

സാന്ദ്രാ മാധവ്; മലയാളപാട്ടു വഴിയില്‍ ഉറച്ച ചുവടുവയ്പ്പോടെ പെണ്ണെഴുത്ത്

നിശ്ചയദാര്‍ഢ്യമുള്ള വനിതകള്‍ക്ക് ഏതുരംഗത്തും കടന്നുവരാം എന്ന് വിശ്വസിക്കുന്നയാളാണ് ഗാനരചയിതാവ് സാന്ദ്രാ മാധവ്.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം സണ്ണിയിലെ ഗാനങ്ങളെഴുതിയാണ് സാന്ദ്ര ഗാനരചനാ രംഗത്തെത്തിയത്. ‘നീ വരും തണല്‍ തരും…’, ‘ഇടം വരെ …’ എന്നീ ഗാനങ്ങള്‍ ശ്രദ്ധേയമായതോടെ സാന്ദ്രയെ തേടി കൂടുതല്‍ അവസരങ്ങളെത്തി. സായാഹ്ന വാര്‍ത്തകളിലെ ‘ഈ പാതകള്‍…’ എന്ന ഗാനമെഴുതുന്നത് അങ്ങനെയാണ്. സംഗീത സംവിധായകനായ ഭര്‍ത്താവ് ശങ്കര്‍ ശര്‍മയുടെ പിന്തുണയും സാന്ദ്രയ്ക്ക് തുണയായി. പാട്ടെഴുത്തിന്റെ രംഗത്തെത്തണമെന്ന അദമ്യമായ ആഗ്രഹമല്ല, ഏല്‍പിച്ച ഉത്തരവാദിത്തം പരമാവധി തന്മയത്വത്തോടെ നിര്‍വഹിക്കാനുള്ള നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവുമാണ് വിജയരഹസ്യമെന്ന് സാന്ദ്ര പറയാതെ പറയും.

പാട്ടിന്റെ ലോകത്തേക്ക് കടന്നുവന്നത് എങ്ങനെയാണ്?

എനിക്ക് എഴുതാന്‍ കഴിവുണ്ടെന്ന് കണ്ടുപിടിച്ചത് ഭര്‍ത്താവാണ്. കഴിഞ്ഞ വര്‍ഷം ഒരു കസിന്‍ ബ്രദറിന്റെ വിവാഹത്തിന് വേണ്ടിയാണ് ആദ്യമെഴുതിയത്. ശങ്കര്‍ തന്നെയാണ് ഈണമിട്ടത്. പിന്നീട് ഒരു പാട്ട് തയ്യാറാക്കുന്നതിനിടെ എഴുതിനോക്കാന്‍ ശങ്കര്‍ ആവശ്യപ്പെടുകയായിരുന്നു. എഴുതി വന്നപ്പോള്‍ അത് കൊള്ളാമെന്നായി ശങ്കര്‍. അങ്ങനെ ആദ്യഗാനം ഒരുങ്ങി. എന്നാല്‍ സിനിമ മുടങ്ങിയതോടെ പാട്ട് പുറത്തുവന്നില്ല. ശങ്കര്‍ വേറെ സിനിമകള്‍ ചെയ്തു കൊണ്ടിരുന്നു. ഒരു ദിവസം ശങ്കര്‍ സണ്ണി സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നതിനിടെ വെറുതെ എഴുതിയ വരികളാണ്. കൊള്ളാമെന്ന് ശങ്കര്‍ പറഞ്ഞു. സംഗീതസംവിധായകന്‍ ഭര്‍ത്താവായതുകൊണ്ട് എനിക്ക് എഴുതാനൊന്നും ടെന്‍ഷനുണ്ടായില്ല. രഞ്ജിത് ശങ്കറിന് അയച്ചുകൊടുത്തപ്പോള്‍ വരികള്‍ അംഗീകരിക്കുകയായിരുന്നു. പിന്നീട് മധു നീലകണ്ഠനും ജയസൂര്യയുമൊക്കെ വിളിച്ച്‌ നല്ല അഭിപ്രായം പറഞ്ഞു. അത് വലിയ എക്സൈറ്റ്മെന്‍ഡായി.

പാട്ടെഴുത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിച്ചിരുന്നോ?

അങ്ങനെ ആഗ്രഹത്തോടെ വന്ന മേഖലയല്ല ഗാനരചനാരംഗം. ഒരു കൗതുകത്തിനാരംഭിച്ചതാണ്. ഈ രംഗത്ത് പരിചയസമ്ബന്നരും ഗുരുതുല്യരുമായവര്‍ നന്നായി എന്ന് പറഞ്ഞു കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി.

സണ്ണിയിലെ ഗാനങ്ങള്‍ ആവിഷ്കരിച്ചത് എങ്ങനെയാണ്?

കഥയിലെ ഗാനങ്ങളുടെ സാഹചര്യം വ്യക്തമായ രീതിയില്‍ നരേറ്റ് ചെയ്തിരുന്നു. ആ സോളോ കഥാപാത്രം അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ എല്ലാം വിവരിച്ചു തന്നിരുന്നു. എഴുതി നോക്കിയപ്പോള്‍ എന്തുകൊണ്ടോ ശരിയായി. ട്യൂണും നരേഷനും കൊണ്ടാണ് എന്തെങ്കിലും എഴുതാന്‍ സാധിച്ചത്. ഹസ്ബന്‍ഡും ഹരിശങ്കറുമായിരുന്നു ഗായകര്‍. പാട്ട് തയ്യാറായിക്കഴിഞ്ഞപ്പോള്‍ ഞാന്‍ എഴുതിയപ്പോള്‍ ഉള്ളതിനേക്കാള്‍ മനോഹരമായി തോന്നി. നീ വരും എന്ന ഗാനമാണ് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടമായത്. എന്നാല്‍ ഇനി ദൂരം എന്ന പാട്ടാണ് എനിക്ക് ഏറെ ഇഷ്ടം.

വായന എത്രത്തോളം പാട്ടെഴുത്തിന് സഹായകമായി?

വായിക്കുന്ന ശീലം മുമ്ബേയുണ്ട്. കവിതകള്‍ ഏറെ വായിച്ചിരുന്നില്ല. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളാണ് വായിച്ചത്. ബെസ്റ്റ് സെല്ലേഴ്സ് എല്ലാം വായിക്കാറുണ്ട്. കൂടുതലും നോവലും കഥകളുമാണ്.

ഇഷ്ടപ്പെട്ട ഗാനരചയിതാക്കള്‍?

ഗിരീഷ് പുത്തഞ്ചേരി എക്കാലത്തെയും ഫേവറിറ്റാണ്. ക്യൂന്‍, കോള്‍ഡ് പ്ലേ, വണ്‍ ഡയറക്ഷന്‍ തുടങ്ങിയ ബാന്‍ഡുകള്‍ ഏറെ ഇഷ്ടമാണ്.

പുതിയ പ്രോജക്ടുകള്‍?

സായാഹ്നവാര്‍ത്തകള്‍ എന്ന സിനിമയില്‍ എഴുതി. രഞ്ജിത് ശങ്കറിന്റെ ഫോര്‍ ഇയേഴ്സ് എന്ന സിനിമയിലും എഴുതുന്നുണ്ട്. കുറച്ചു ജിംഗിളുകള്‍ എഴുതി. കുഞ്ഞായതോടെ എഴുത്ത് കുറച്ചു നിര്‍ത്തി വയ്ക്കുകയായിരുന്നു. ഹൃദയ് ശങ്കര്‍ എന്നാണ് മോന് പേരിട്ടത്. ഇപ്പോള്‍ ആറുമാസമായതേയുള്ളൂ.

പാട്ടെഴുത്തല്ലാതെ എഴുത്തിന്റെ മേഖലകള്‍?

കുറച്ചു പ്രൈവസി ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. പാട്ടെഴുത്തല്ലാതെ മറ്റൊന്നും ആലോചനയിലില്ല. പൊതു കാര്യങ്ങളില്‍ ഇടപെടാന്‍ അല്‍പം ഭയവുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular